Deshabhimani

പിടിമുറുക്കി

India West Indies Cricket Test
avatar
Sports Desk

Published on Oct 12, 2025, 01:51 AM | 1 min read


ന്യൂഡൽഹി

ചെറുത്തുനിൽപ്പിന്റെ നേരിയ ലക്ഷണങ്ങൾ കാണിച്ചെങ്കിലും രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിലും വെസ്‌റ്റിൻഡീസ്‌ പതറുന്നു. രണ്ടാം ടെസ്‌റ്റിന്റെ രണ്ടാംദിനംതന്നെ ഇന്ത്യ കളി വരുതിയിലാക്കി. പത്താം സെഞ്ചുറിയുമായി ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ ഒന്നാം ഇന്നിങ്‌സിൽ കൂറ്റൻ സ്‌കോറൊരുക്കി. അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ 518 റണ്ണെടുത്ത്‌ ഡിക്ലയർ ചെയ്‌തു. മറുപടിക്കെത്തിയ വിൻഡീസിന്‌ 140 റണ്ണെടുക്കുന്നതിനിടെ നാല്‌ വിക്കറ്റ്‌ നഷ്ടമായി. ഇതിൽ മൂന്നും രവീന്ദ്ര ജഡേജയ്‌ക്കാണ്‌.


രണ്ടിന്‌ 318 റണ്ണെന്ന നിലയിൽ രണ്ടാംദിനം തുടങ്ങിയ ഇന്ത്യക്ക്‌ റണ്ണ‍ൗട്ടിലൂടെയാണ്‌ ആദ്യ വിക്കറ്റ്‌ നഷ്ടമായത്‌. സെഞ്ചുറിക്കാരൻ യശസ്വി ജയ്‌സ്വാൾ (175) ഗില്ലുമായുള്ള ധാരണപ്പിശകിലാണ്‌ പുറത്തായത്‌. തലേദിനത്തെ സ്‌കോറിനോട്‌ രണ്ട്‌ റൺ ചേർക്കാനേ ഇടംകൈ ബാറ്റർക്ക്‌ കഴിഞ്ഞുള്ളൂ. ഗിൽ ഒരറ്റത്ത്‌ തകർത്തുകളിച്ചു. 129 റണ്ണുമായി ക്യാപ്‌റ്റൻ പുറത്തായില്ല. നിതീഷ്‌ റെഡ്ഡി (54 പന്തിൽ 43), ധ്രുവ്‌ ജുറേൽ (79 പന്തിൽ 44) എന്നിവർ പിന്തുണ നൽകി. രണ്ടാംദിനം 44.2 ഓവറിലാണ്‌ ഇന്ത്യ 200 റൺ കൂട്ടിച്ചേർത്തത്‌. 196 പന്ത്‌ നേരിട്ട ഗില്ലിന്റെ ഇന്നിങ്‌സിൽ രണ്ട്‌ സിക്‌സറും 16 ഫോറും ഉൾപ്പെട്ടു.


മറുപടിക്കെത്തിയ വിൻഡീസിന്‌ 10 റണ്ണെടുത്ത ജോൺ കാംബെലിനെ വേഗത്തിൽ നഷ്ടമായി. രണ്ടാം വിക്കറ്റിൽ ടാഗ്‌നരെയ്‌ൻ ചന്ദർപോളും (34) അലിക്‌ അതാനസെയും (41) വിൻഡീസിനെ മുന്നോട്ട്‌ നയിക്കുകയായിരുന്നു.


ചന്ദർപോളിനെയും ജഡേജ മടക്കിയതോടെ വിൻഡീസ്‌ തകർച്ച തുടങ്ങി. അതാനസെ കുൽദീപ്‌ യാദവിന്റെ പന്തിൽ പുറത്തായി. ക്യാപ്‌റ്റൻ റോസ്‌റ്റൺ ചേസ്‌ റണ്ണെടുക്കുംമുമ്പ്‌ ജഡേജയുടെ ഇരയായി.


31 റണ്ണോടെ ഷായ്‌ ഹോപ്പും 14 റണ്ണെടുത്ത ടെവിൻ ഇംലാഷുമാണ്‌ ക്രീസിൽ. 378 റൺ പിന്നിലാണ്‌ ഇപ്പോഴും വിൻഡീസ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home