print edition ഇന്ത്യ–വിൻഡീസ് നാലാം ട്വന്റി20 ഇന്ന്; ലക്ഷ്യം പരമ്പര

പരിശീലനത്തിനിടെ പേസർ അർഷ്ദീപ് സിങ്ങിന് നിർദേശം നൽകുന്ന ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ
ഹൈദരാബാദ്: റണ്ണടിച്ചുകൂട്ടിയുള്ള ട്വന്റി20 ക്രിക്കറ്റ് പരന്പര നാലാം വേദിയിലേക്ക്. ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള നാലാം മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും. 2–1ന് മുന്നിലാണ് ഇന്ത്യ. ജയിച്ചാൽ ശ്രേയസ് അയ്യർക്കും സംഘത്തിനും പരമ്പര സ്വന്തമാക്കാം.
റാഞ്ചിയിലെയും ഇൻഡോറിലെയും റണ്ണൊഴുക്ക് ഹൈദരാബാദിലും തുടരാനാണ് സാധ്യത. ട്വന്റി20യിൽ ഇന്ത്യയുടെ ഉയർന്ന സ്‌കോർ പിറന്നതും ഇതേ വേദിയിലാണ്. രണ്ട് വർഷംമുൻപ് ബംഗ്ലാദേശിനെതിരെ ആറിന് 297 റണ്ണാണ് അടിച്ചുകൂട്ടിയത്. 47 പന്തിൽ 111 റണ്ണെടുത്ത സഞ്‌ജു സാംസണായിരുന്നു താരം. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന സ്‌കോറുകളിൽ രണ്ടെണ്ണം ഹൈദരാബാദിലാണ്.
കഴിഞ്ഞ സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് നേടിയത് ആറിന് 286 റൺ. രാജസ്ഥാൻ മറുപടിയിൽ ആറിന് 242 റണ്ണടിച്ചു. 47 പന്തിൽ 106 റണ്ണെടുത്ത ഇഷാൻ കിഷനായിരുന്നു ഹൈദരബാദിനെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. 2024ൽ ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനെതിരെ മൂന്നിന് 277 റണ്ണടിച്ചു. മുംബൈ അഞ്ചിന് 246ഉം.
ഐപിഎല്ലിൽ കൂറ്റനടിക്കാരുടെ സംഘമായ ഹൈദരാബാദിന്റെ തട്ടകമാണ്. ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയും ഇഷാൻ കിഷനും ഉൾപ്പെട്ട ടീമാണിത്.
മൂന്ന് ഏകദിനവും ഉൾപ്പെട്ട പരന്പരയിൽ റൺ ആഘോഷമായിരുന്നു. ആകെ ആറ് മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് ആദ്യം ബാറ്റ് ചെയ്‌ത് ജയിക്കാനായത്. ഇൻഡോറിൽ ആയിരുന്നു അത്. 223 റണ്ണെടുത്ത ഇന്ത്യ വിൻഡീസിനെ 209ൽ അവസാനിപ്പിച്ചു.
ബാറ്റിങ് നിരയിൽ അഭിഷേകും ഇഷാനുമാണ് കരുത്ത്. സഞ്‌ജു സാംസൺ സ്ഥിരത പുലർത്തുന്നില്ല. എങ്കിലും ബാറ്റിങ് നിരയിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. വൈഭവ് സൂര്യവംശി അവസരത്തിനായി കാത്തുനിൽക്കുന്നതിനാൽ സഞ്‌ജുവിന് നിർണായകമാണ് ഇൗ കളി. ശ്രേയസ്, തിലക് വർമ എന്നിവരാണ് ബാറ്റിങ് നിരയിലെ മറ്റ് പ്രധാനികൾ.
ഇൻഡോറിൽ പേസർമാരാണ് ജയത്തിൽ നിർണായകമായത്. സ്‌പിന്നർ കുൽദീപ് യാദവിനെ മാറ്റിയാണ് പേസർ പ്രിൻസ് യാദവിനെ കൊണ്ടുവന്നത്. അതേ ടീമിനെ നിലനിർത്തിയേക്കും.
റൊമാരിയോ ഷെപേർഡിന്റെ പരിക്കാണ് വിൻഡീസിന് ആശങ്ക. ക്വിന്റിൻ സാംപ്‌സനാണ് ഇൻഡോറിൽ കളിച്ചത്.
ഇന്ത്യ: അഭിഷേക് ശർമ, സഞ്‌ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, നമൻ ധിർ, നിതീഷ് കുമാർ റെഡ്ഡി, അക്‌സർ പട്ടേൽ, പ്രിൻസ് യാദവ്, മാങ്കയ് യാദവ്, അർഷ്‌ദീപ് സിങ്.
വെസ്‌റ്റിൻഡീസ്: ഷായ് ഹോപ്, കാമിൽ പുരാൻ, ഷിംറോൺ ഹെറ്റ്‌മയെർ, റോവ്‌മാൻ പവൽ, ഷെർഫ-ാനെ റുഥെർഫേ-ാർഡ്, റൊമാരിയോ ഷെപേർഡ്/ ക്വിന്റിൺ സാംപ്‌സൺ, റോസ്‌റ്റൺ ചേസ്, ഷമർ സ്‌പ്രിങർ, കീമോ പോൾ, ഷമർ ജോസഫ്, ഗുദകേഷ് മോട്ടി.









0 comments