വനിതാ ഏഷ്യാ കപ്പ് ഫൈനൽ: ഇന്ത്യ–ശ്രീലങ്ക പോരാട്ടം നാളെ

ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും ശ്രീലങ്ക ക്യാപ്റ്റൻ ചമരി അത്തപ്പത്തുവും
ദുബായ്: വനിതാ ട്വന്റി 20 ഏഷ്യാ കപ്പ് കിരീടത്തിനായി ഇന്ത്യയും നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും നാളെ നേർക്കുനേർ. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി 8 മണിക്കാണ് മത്സരം. സ്പിന്നർമാരുടെ പ്രകടനം മത്സരഫലം നിർണയിച്ചേക്കും. ടൂർണമെന്റിൽ ഇന്ത്യക്കാണ് മുൻതൂക്കമെങ്കിലും ഫൈനലിൽ അട്ടിമറി പ്രതീക്ഷയിലാണ് ശ്രീലങ്ക.
ഇന്ത്യയുടെ സ്പിൻ നിര ഇതുവരെ 26 വിക്കറ്റുകളാണ് വീഴ്ത്തിയത്. ശ്രീലങ്ക 25 വിക്കറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ദീപ്തി ശർമ്മ, എൻ ശ്രീ ചരണി, പ്രേമ റാവത്ത് എന്നിവരടങ്ങുന്ന ഇന്ത്യൻ സ്പിൻ ആക്രമണമാണ് ടീമിന്റെ പ്രധാന ശക്തി. പേസർ നന്ദനി ശർമ്മയും മികച്ച ഫോമിലാണ്.
ബാറ്റിങിലും ഇന്ത്യയ്ക്ക് മുൻതൂക്കമുണ്ട്. സ്മൃതി മന്ദാനയും ഷഫാലി വർമ്മയുമാണ് ടീമിന്റെ കരുത്തുകൾ. നാല് മത്സരങ്ങളിൽ നിന്ന് 168 റൺസുമായി ഷഫാലി മികച്ച ഫോമിലാണ്. 169.69 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.
ബംഗ്ലാദേശിനെതിരായ സെമി ഫൈനലിൽ മറ്റെല്ലാ ബാറ്ററുമാരും ചെറിയ സ്‌കോറിൽ പുറത്തായപ്പോൾ ഷഫാലിയുടെ 40 ബോളിലെ 64 റൺസ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. തുടക്കത്തിൽ തന്നെ വേഗത്തിൽ റൺസ് നേടുന്ന ഷഫാലിയുടെ പ്രകടനം ഫൈനലിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, ശ്രീലങ്കയുടെ മുൻനിര ബാറ്റിങ് നിരയാണ് ടീമിന്റെ പ്രധാന ആശങ്ക. ടൂർണമെന്റിൽ പല മത്സരങ്ങളിലും തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ട ശ്രീലങ്ക പിന്നീട് കൂട്ടുകെട്ടുകളിലൂടെ തിരിച്ചുവരികയായിരുന്നു. പാകിസ്ഥാനെതിരായ സെമിഫൈനലിൽ 33 റൺസിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട ശേഷമാണ് ഹർഷിത സമരവിക്രമയും കവീഷ ദിൽഹാരിയും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
ശ്രീലങ്കയുടെ പ്രതീക്ഷകൾ പ്രധാനമായും ക്യാപ്റ്റൻ ചമരി അത്തപ്പത്തുവിലാണ്. ബൗളിങിൽ മികച്ച പ്രകടനം നടത്തുന്ന അത്തപ്പത്തു 11 വിക്കറ്റുകളുമായി ടൂർണമെന്റിലെ മുൻനിര വിക്കറ്റ് വേട്ടക്കാരിയാണ്. എന്നാൽ ബാറ്റിംങിൽ പ്രതീക്ഷിച്ച മികവ് ഇതുവരെ പുറത്തെടുക്കാനായിട്ടില്ല. നാല് മത്സരങ്ങളിൽ ഒരിക്കൽ മാത്രമാണ് താരം 30 റൺസ് കടന്നത്.
ഏഷ്യാ കപ്പിൽ ഇന്ത്യയുടെ അപ്രമാദിത്യം: ഒമ്പതിൽ ഏഴ് കിരീടങ്ങൾ സ്വന്തം പേരിൽ
വനിതാ ഏഷ്യാ കപ്പ് ഏകദിന ഫോർമാറ്റിൽ നടത്തിയ നാല് പതിപ്പുകളിലും ഇന്ത്യ തന്നെയായിരുന്നു ചാമ്പ്യന്മാർ. 2004ൽ ശ്രീലങ്കയിൽ നടന്ന പ്രഥമ ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യ, 2005-06 ൽ പാകിസ്ഥാനിലും 2006-07ൽ ഇന്ത്യയിലും നടന്ന മത്സരങ്ങളിലും കിരീടം നിലനിർത്തി.
2008 ൽ ശ്രീലങ്കയിൽ നടന്ന ഏഷ്യാ കപ്പിലും ഇന്ത്യ തന്നെയാണ് ജേതാക്കളായത്. നാല് ടൂർണമെന്റുകളിലും തുടർച്ചയായി കിരീടം നേടിയ ഇന്ത്യയുടെ ആധിപത്യമാണ് വനിതാ ഏഷ്യാ കപ്പിന്റെ ആദ്യഘട്ട ചരിത്രത്തിലെ പ്രധാന പ്രത്യേകത.
വനിതാ ഏഷ്യാ കപ്പ് ട്വന്റി 20 ഫോർമാറ്റിലേക്ക് മാറിയപ്പോഴും ഇന്ത്യയ്ക്കാണ് വ്യക്തമായ ആധിപത്യം. 2012, 2016 സീസണുകളിൽ കിരീടം നേടിയ ഇന്ത്യയ്ക്ക് പിന്നാലെ 2018 ൽ ബംഗ്ലാദേശ് കിരീടം സ്വന്തമാക്കി.
2022 ൽ ഇന്ത്യ വീണ്ടും ചാമ്പ്യന്മാരായി. എന്നാൽ 2024 ലെ ടൂർണമെന്റിൽ ശ്രീലങ്ക ചരിത്രത്തിലാദ്യമായി കിരീടം ഉയർത്തി. ഇങ്ങനെ ഏകദിന ട്വന്റി 20 ഫോർമാറ്റുകളിലായി കഴിഞ്ഞ 9 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റുകളിൽ 7 തവണ കിരീടം നേടിയത് ഇന്ത്യയുടെ അപ്രമാദിത്യം കാണിക്കുന്നു

ശ്രീലങ്കക്കെതിരെ മികച്ച റെക്കോർഡ്
ഇന്ത്യക്കെതിരായ സമീപകാല മത്സരങ്ങളിലും ശ്രീലങ്കയ്ക്ക് അനുകൂല സാഹചര്യമല്ല. 2025 ഡിസംബറിൽ നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര ഇന്ത്യ 5-0 ന് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ പത്ത് ട്വന്റി 20 മത്സരങ്ങളിൽ ഒമ്പതിലും ഇന്ത്യയാണ് വിജയിച്ചത്.
എന്നാൽ ശ്രീലങ്കയ്ക്ക് ആത്മവിശ്വാസം നൽകുന്ന ഒരു ഓർമയുണ്ട്. 2024 ലെ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെയുള്ള വിജയം. ദാംബുള്ളയിൽ 166 റൺസ് വിജയലക്ഷ്യം എട്ട് വിക്കറ്റ് ബാക്കി നിൽക്കെ പിന്തുടർന്നാണ് ശ്രീലങ്ക കിരീടം നേടിയത്. ഇത്തവണയും ശ്രീലങ്കയ്ക്ക് അതേ ചരിത്രം ആവർത്തിക്കാനാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
പിച്ച് ബൗളർമാർക്ക് അനുകൂലം
ദുബായിലെ പിച്ചുകളിൽ ഇതുവരെ ബാറ്റർമാർക്ക് കാര്യമായ പിന്തുണ ലഭിച്ചിട്ടില്ല. ടൂർണമെന്റിൽ 150 റൺസിന് മുകളിലുള്ള രണ്ട് ടീം ടോട്ടലുകൾ മാത്രമാണ് ഉണ്ടായത്. രണ്ടും ഇന്ത്യയുടേതാണ്.
സ്പിന്നർമാർക്കും സ്ലോ ബൗളർമാർക്കും അനുകൂലമായ സാഹചര്യത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മുൻതൂക്കമുണ്ടാകാം. ഇതുവരെ നടന്ന 14 മത്സരങ്ങളിൽ ഒമ്പതിലും ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചത്.
ശ്രദ്ധേയ കണക്കുകൾ
ടൂർണമെന്റിലെ കണക്കുകളിലും ഇന്ത്യ–ശ്രീലങ്ക താരങ്ങൾ ശ്രദ്ധേയരാണ്. ദീപ്തി ശർമ്മയും ചമാരി അത്തപ്പത്തുവും 11 വിക്കറ്റ് വീതം നേടി വിക്കറ്റ് വേട്ടയിൽ മുന്നിലാണ്. ഇരു ടീമുകളിലെയും ബൗളർമാരിൽ ഏറ്റവും മികച്ച ഇക്കോണമി റേറ്റ് ആയ 3.27 എൻ ശ്രീ ചരണിയുടേതാണ്.
വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ ചരിത്രത്തിൽ 633 റൺസുമായി സ്മൃതി മന്ദാനയാണ് ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. 628 റൺസുമായി ചമരി അത്തപ്പത്തു തൊട്ടുപിന്നിലുണ്ട്.

മികച്ച സന്തുലിതാവസ്ഥയും ഫോമും ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുമ്പോൾ, നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് ഫൈനലിലെ അനുഭവവും തിരിച്ചുവരാനുള്ള കഴിവുമാണ് കരുത്ത്. സ്പിന്നർമാരുടെ പോരാട്ടത്തിൽ ആര് മികവ് തെളിയിക്കും എന്നതാകും കിരീടപ്പോരാട്ടത്തിലെ പ്രധാന ചോദ്യം.









0 comments