Deshabhimani

അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതിയ നിയമങ്ങൾ; മാറ്റങ്ങളുമായി ഐസിസി

Rohit Kohli

രോഹിത് ശർമ്മ, വിരാട് കോഹ്‌ലി| Photo:AFP

വെബ് ഡെസ്ക്

Published on Oct 01, 2026, 07:21 PM | 1 min read

ദുബായ് : അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതിയ നിയമങ്ങൾ നിലവിൽ വന്നു. ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങളിൽ സമയനഷ്ടം കുറയ്ക്കുന്നതിനും ഫീൽഡിങ് സംബന്ധമായ തീരുമാനങ്ങളിൽ വ്യക്തത വരുത്തുന്നതിനുമായി ഐസിസി പ്ലേയിങ് നിയമങ്ങളിൽ മാറ്റം വരുത്തി. ഒക്ടോബർ ഒന്നിനോ അതിന് ശേഷമോ ആരംഭിക്കുന്ന പരമ്പരകൾക്കാണ് പുതിയ നിയമങ്ങൾ ബാധകം.


ബാറ്റർ അടുത്ത പന്ത് നേരിടാൻ നിശ്ചിത സമയത്തിനുള്ളിൽ തയ്യാറായില്ലെങ്കിൽ ഇനി മൂന്ന് ഘട്ടങ്ങളിലായാണ് നടപടി. ആദ്യ തവണ മുന്നറിയിപ്പും രണ്ടാം തവണ അവസാന മുന്നറിയിപ്പും നൽകും. മൂന്നാം തവണ മുതൽ ഓരോ ലംഘനത്തിനും ഫീൽഡിങ് ടീമിന് അഞ്ച് പെനാൽറ്റി റൺസ് ലഭിക്കും.


ഓവർത്രോ സംബന്ധിച്ച നിയമത്തിലും വ്യക്തത വരുത്തി. റൺഔട്ട് നേടാനോ റൺ തടയാനോ സ്റ്റംപിലേക്ക് എറിയുന്ന പന്ത് മാത്രമാണ് ഓവർത്രോയായി കണക്കാക്കുക. ഫീൽഡർ പന്ത് തടുത്തുനിർത്തുന്നതിനിടെയോ മറ്റൊരു ഫീൽഡർക്ക് കൈമാറുന്നതിനിടെയോ സംഭവിക്കുന്ന ഫംബിൾ ഓവർത്രോയായി കണക്കാക്കില്ല.


റൺഔട്ടിനും സ്റ്റംപിങ്ങിനും പന്തിൽ ഫീൽഡർക്ക് പൂർണ നിയന്ത്രണം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും വ്യക്തമാക്കി. സ്റ്റംപ് ഇളക്കുന്നതിനിടെ കൈകൊണ്ട് പന്തിൽ നേരിയ സ്പർശം മാത്രം ഉണ്ടായാൽ അത് മതിയാകില്ല. ടെസ്റ്റ് ക്രിക്കറ്റിൽ പകൽ മത്സരങ്ങളിൽ ഇരു ടീമുകളുടെയും സമ്മതത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ പിങ്ക് പന്ത് ഉപയോഗിക്കാം. മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം തീരുമാനിക്കണം. മത്സരം തുടങ്ങിയശേഷം ചുവന്ന പന്തിൽ നിന്ന് പിങ്ക് പന്തിലേക്ക് മാറാൻ കഴിയില്ല.


ദിവസത്തെ അവസാന ഓവർ പൂർത്തിയാകാതെ പോയാലും വെളിച്ചവും കാലാവസ്ഥയും അനുകൂലമാണെങ്കിൽ ശേഷിക്കുന്ന പന്തുകൾ അന്നുതന്നെ എറിയണം. നേരത്തെ അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുന്ന രീതിയാണ് ഇതോടെ ഒഴിവാക്കി.


ട്വന്റി20യിൽ ഇന്നിങ്സ് ഇടവേള 15 മിനിറ്റായി നിശ്ചയിച്ചു. സമയനഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ഇത് 10 മിനിറ്റായി കുറയ്ക്കാം. ഏകദിനത്തിലും ട്വന്റി20യിലും ഡ്രിങ്ക്സ് ബ്രേക്കിനിടെ ഹെഡ് കോച്ചിനോ ചുമതലപ്പെടുത്തിയ ടീം അംഗത്തിനോ മൈതാനത്ത് പ്രവേശിക്കാനും അനുമതിയുണ്ട്.


ഏകദിനത്തിലും ട്വന്റി20യിലും ലെഗ് സൈഡ് വൈഡുമായി ബന്ധപ്പെട്ട പരീക്ഷണ നിയമവും സ്ഥിരം നിയമമാക്കി. പന്ത് റിലീസ് ചെയ്യുന്ന സമയത്തെ ബാറ്ററുടെ കാലിന്റെ സ്ഥാനം അടിസ്ഥാനമാക്കിയാണ് വൈഡ് തീരുമാനിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home