സെഞ്ചുറിയുമായി ജോ റൂട്ട്; പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പം

സിഡ്നി: ആഷസ് പരമ്പരയിൽ വീണ്ടും സെഞ്ചുറി നേട്ടവുമായി ജോ റൂട്ട്. ഓസിസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റിൽ 160 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിൻറെ ടോപ് സ്കോറർ. കരിയറിലെ 41-ാം ടെസ്റ്റ് സെഞ്ചുറി നേടിയ താരം, ടെസ്റ്റ് സെഞ്ചുറി വേട്ടയിൽ ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമെത്തി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ മൂന്നാം സ്ഥാനത്താണ് റൂട്ടും പോണ്ടിങ്ങും. 51 സെഞ്ചുറി നേടിയ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാമത്. 45 സെഞ്ചുറിയുമായി ജാക്വസ് കാലിസാണ് റൂട്ടിന് തൊട്ടുമുന്നിൽ രണ്ടാം സ്ഥാനത്തുള്ളത്.
ജോ റൂട്ടിന്റെയും (160) അർധസെഞ്ചുറി നേടിയ ഹാരി ബ്രൂക്കിന്റെയും (84) കരുത്തിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 384 റൺസെടുത്തു. 57 റണ്ണെടുക്കുന്നതിനിടെ മൂന്ന് ബാറ്റർമാരെ നഷ്ടമായ സന്ദർശകരെ ഹാരി ബ്രൂക്കും ജോ റൂട്ടും ചേർന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. ഓസീസിനായി മിച്ചെൽ നെസെർ നാല് വിക്കറ്റ് വീഴ്ത്തി. മിച്ചെൽ സ്റ്റാർകും സ്‌കോട്ട് ബോളണ്ടും രണ്ട് വീതം വിക്കറ്റും നേടി. അഞ്ച് മത്സര പരമ്പര 3–1ന് കംഗാരുപ്പട നേടിയതാണ്.









0 comments