സഞ്ജുവിനോട് അനീതി മാത്രം; തോന്നുമ്പോൾ ഇറക്കുക, ഉൾപ്പെടുത്താതിരിക്കുക എന്നത് ശരികേട്: ക്രിസ് ശ്രീകാന്ത്

ന്യൂഡൽഹി: സഞ്ജുവിനോട് ചെയ്യുന്നത് അനീതിയാണെന്ന് മുൻ ഇന്ത്യൻ താരവും സെലക്ടറുമായിരുന്ന ക്രിസ് ശ്രീകാന്ത്. ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന-ടി20 ടീമുകളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏകദിനത്തിൽ വിചിത്ര ന്യായം പറഞ്ഞ് സഞ്ജു സാംസണിനെ ഉൾപ്പെടുത്തിയിരുന്നില്ല. സഞ്ജു സാംസൺ ടോപ് ഓർഡർ ബാറ്ററാണെന്നും അതിനാൽ ഏകദിന ടീമിൽ ഇപ്പോൾ കളിപ്പിക്കാൻ സാധിക്കില്ലെന്നുമാണ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞത്തിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് ക്രിസ് ശ്രീകാന്തിന്റെ പ്രതികരണം.
'സഞ്ജുവിനോട് സെലക്ടർമാർ പിന്നെയും നീതികേട് കാണിച്ചു. കളിച്ച അവസാന ഏകദിന മത്സരത്തിൽ സെഞ്ച്വറി അടിച്ചിട്ടുള്ള സഞ്ജു ഏകദിന ടീമിൽ അവസരം അർഹിച്ചിരുന്നു. ഓരോ തവണയും അവന്റെ സ്ഥാനം മാറ്റുന്നതിന് ഓരോ കാരണങ്ങളാണ് ടീം മാനേജ്‌മെന്റ് പറയുന്നത്. ഇടക്ക് അഞ്ചാം നമ്പറിൽ കളിപ്പിക്കും ചിലപ്പോൾ ഓപ്പണറാക്കും, ഇടക്കാണെങ്കിൽ ഏഴാമനോ എട്ടാമനോ ആക്കും. ഈ ധ്രുവ് ജുറെൽ ഇപ്പോൾ എവിടുന്നാണ് പെട്ടെന്ന് കയറിവന്നതെന്ന് മനസിലാവുന്നില്ല. ഓസ്‌ട്രേലിയയിൽ പ്ലേയിംഗ് ഇലവനിൽ കളിപ്പിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിനായിരുന്നു ആദ്യ അവസരം നൽകേണ്ടിയിരുന്നത്. കളിക്കാരെയെല്ലാം തന്നെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രവർത്തിയാണ് സെലക്ടർമാർ ചെയ്യുന്നത്' - ശ്രീകാന്ത് പറഞ്ഞു.










0 comments