മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ എംജെകെ സ്മിത്ത് അന്തരിച്ചു

Photo Credit: Getty Images
ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെയും വാർവിക്ഷെയർ കൗണ്ടിയുടെയും മുൻ ഇതിഹാസ നായകൻ എംജെകെ എന്നറിയപ്പെടുന്ന മൈക്ക് സ്മിത്ത് (92) അന്തരിച്ചു. ഇംഗ്ലണ്ടിനായി 50 ടെസ്റ്റുകൾ കളിച്ച അദ്ദേഹം അതിൽ പകുതി മത്സരങ്ങളിലും ടീമിനെ നയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച നടന്ന കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരത്തിന് മുന്നോടിയായി എഡ്ജ്ബാസ്റ്റണിൽ കളിക്കാരും ഭാരവാഹികളും അദ്ദേഹത്തിന് ആദരവർപ്പിച്ചു.
14 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ മൂന്ന് സെഞ്ച്വറികളടക്കം 2,278 റൺസ് നേടിയ സ്മിത്ത്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 39,832 റൺസ് അടിച്ചുകൂട്ടി ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ 18-ാം സ്ഥാനത്തുണ്ട്.
1959 സീസണിൽ വാർവിക്ഷെയറിനായി അദ്ദേഹം നേടിയ 2,417 റൺസ് ഇന്നും തകരാത്ത റെക്കോർഡാണ്. ക്രിക്കറ്റിലെ സംഭാവനകൾക്ക് 1976-ൽ ഒബിഇ ബഹുമതി ലഭിച്ചു.
ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഐസിസി മാച്ച് റഫറിയായും വാർവിക്ഷെയർ ചെയർമാനായും സേവനമനുഷ്ഠിച്ച സ്മിത്ത്, ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര റഗ്ബി മത്സരത്തിലും ജേഴ്സിയണിഞ്ഞ അപൂർവ്വ പ്രതിഭയായിരുന്നു.










0 comments