ad
Deshabhimani

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇനിയില്ല; ലോകകപ്പ് മടങ്ങിവരവ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഹെൻറിച്ച് ക്ലാസൻ

KLASSEN.

Photo Credit: PTI

വെബ് ഡെസ്ക്

Published on May 01, 2026, 04:14 PM | 1 min read

ഹൈദരാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസൻ. 2027-ലെ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി താരം പാഡണിയണമെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നെങ്കിലും, തന്റെ രാജ്യാന്തര കരിയർ അവസാനിച്ചതായി ക്ലാസൻ വ്യക്തമാക്കി.


നിലവിൽ ഐപിഎല്ലിലും വിവിധ വിദേശ ലീഗുകളിലും കളിക്കുന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഐപിഎൽ 2026-ൽ സൺറൈസേഴ്സ് ഹൈദരാബാദിനായി മിന്നും ഫോമിലാണ് ക്ലാസൻ തുടരുന്നത്. ഒൻപത് മത്സരങ്ങളിൽ നിന്ന് 414 റൺസുമായി ടൂർണമെന്റിലെ മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിലാണ് ഈ 34-കാരൻ.


അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും തന്റെ ബാറ്റിംഗ് കരുത്ത് ചോരാതെ സൂക്ഷിക്കുന്ന ക്ലാസൻ, വരാനിരിക്കുന്ന യൂറോപ്യൻ ട്വന്റി 20 പ്രീമിയർ ലീഗിൽ റോട്ടർഡാം ഫ്രാഞ്ചൈസിയുടെ സഹ ഉടമ കൂടിയാണ്.


വിരമിക്കലിന് ശേഷവും ഫോം നിലനിർത്താൻ കഴിയുന്നതിന്റെ രഹസ്യം ഫാഫ് ഡു പ്ലെസിസിനെപ്പോലെയുള്ള താരങ്ങൾ കാണിച്ചുതന്ന മാതൃകയാണെന്ന് ക്ലാസൻ ചൂണ്ടിക്കാട്ടി. ശാരീരികക്ഷമത നിലനിർത്തുന്നതിനൊപ്പം കൃത്യമായ പരിശീലനവും വലിയ ലീഗുകൾക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പും അനിവാര്യമാണ്.


അന്താരാഷ്ട്ര മത്സരങ്ങളുടെ സമ്മർദ്ദമില്ലാത്തതിനാൽ മാനസികമായി ഉന്മേഷത്തോടെ ലീഗുകളിൽ കളിക്കാൻ കഴിയുന്നത് തനിക്ക് വലിയ ഗുണമാകുന്നുണ്ടെന്നും താരം വ്യക്തമാക്കി.


യൂറോപ്പിൽ ക്രിക്കറ്റ് വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ലീഗുമായി സഹകരിക്കുന്നത്. മെയ് 3-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് സൺറൈസേഴ്സിന്റെ അടുത്ത പോരാട്ടം. സൺറൈസേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകളിൽ നിർണ്ണായകമായ ക്ലാസന്റെ ഫോം ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home