ഗംഭീറിനെയൊന്ന് ചിരിപ്പിക്കാന്‍ ഒരുപാട് പരിശ്രമിച്ചു, ഫൈനലിന് ശേഷം ചിരി കണ്ടപ്പോള്‍ സന്തോഷമായി: സൂര്യകുമാര്‍ യാദവ്

ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും
അഹമ്മദാബാദ്: വൈകാരിക നിമിഷങ്ങളില്‍ പോലും ഗൗരവഭാവം നിലനിര്‍ത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീറിനെക്കുറിച്ചുള്ള കമന്‍റുകള്‍ പലയാവര്‍ത്തിയാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. 2026 ട്വന്‍റി 20 ലോകകപ്പ് ഫൈനലിന് പിന്നാലെ ഗംഭീറിന്‍റെ ചിരിയെ പ്രശംസിച്ചുകൊണ്ട് മുന്‍ നായകന്‍ മഹേന്ദ്ര സിങ്ങ് ധോണി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലായിരുന്നു. ഇപ്പോഴിതാ ഫൈനലിന് ശേഷമുള്ള ഗംഭീറിന്‍റെ ചിരിയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്.
ട്വന്‍റി 20 ലോകകപ്പിലുടനീളം ഇന്ത്യയുടെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനെ ഒന്ന് ചിരിപ്പിക്കാന്‍ ടീം അംഗങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നുവെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഒടുവില്‍ ഫൈനല്‍ വിജയത്തിന് ശേഷം അദ്ദേഹത്തിന്‍റെ മുഖത്ത് ചിരി കാണാനായെന്നും അതില്‍ എല്ലാവര്‍ക്കും സന്തോഷമായെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
'ലോകകപ്പിനിടെ പല തവണ അദ്ദേഹത്തെ ചിരിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ആദ്യ മത്സരം മുതല്‍ ഫൈനല്‍ വരെ അത്രത്തോളം ഗൗരവത്തോടെയാണ് ഗംഭീര്‍ എല്ലാത്തിനെയും സമീപിച്ചിരുന്നത്. എന്നാല്‍ ഫൈനലിന് ശേഷം അദ്ദേഹത്തിന്‍റെ മുഖത്ത് ചിരി വിടര്‍ന്നപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി', സൂര്യകുമാര്‍ യാദവ് പറഞ്ഞു.
കോച്ച് സാബ്, നിങ്ങളുടെ ചിരി കാണാന്‍ നല്ല ഭംഗിയുണ്ടെന്നും ഗൗരവവും ചിരിയും ചേര്‍ന്നുള്ള കോംമ്പോ മാരകമായിരുന്നുവെന്നുമാണ് ധോണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.










0 comments