ഐപിഎൽ 2026
പ്ലേ ഓഫ് ലക്ഷ്യമിട്ട് ചെന്നൈ ലഖ്‌നൗവിനെതിരെ; സഞ്ജുവും-പന്തും നേർക്കുനേർ

ടീം ചെന്നൈ സൂപ്പർ കിങ്‌സ് (Photo:BCCI)
ചെന്നൈ : ഐപിഎൽ 2026ലെ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് നാളെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടും. ചെന്നൈയിലെ ചെപ്പോക് സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരത്തിൽ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ചെന്നൈയ്ക്ക് വിജയം അനിവാര്യമാണ്. ഈ സീസണിൽ ചെന്നൈയുടെ ബാറ്റിങ് നട്ടെല്ലായി മാറിയിരിക്കുന്നത് 402 റൺസുമായി തകർപ്പൻ ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണാണ്.
നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് ഫോമിലേക്ക് തിരിച്ചെത്തിയതും അകീൽ ഹൊസൈൻ, നൂർ അഹമ്മദ് എന്നിവരുടെ സ്പിൻ കരുത്തും ചെന്നൈയ്ക്ക് ആത്മവിശ്വാസം നൽകുന്നു. എന്നാൽ കാലിലെ പേശിക്കേറ്റ പരിക്ക് മൂലം എംഎസ് ധോണി ഇന്നും കളിക്കില്ല. മറുഭാഗത്ത്, പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണെങ്കിലും കഴിഞ്ഞ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിലെ തോൽപ്പിച്ച ആവേശത്തിലാണ് ലഖ്‌നൗ എത്തുന്നത്. മിച്ചൽ മാർഷിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ലഖ്‌നൗവിന് കഴിഞ്ഞ കളിയിൽ വിജയം സമ്മാനിച്ചത്.
നായകൻ ഋഷഭ് പന്ത് ബാറ്റിങിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്നത് ടീമിനെ അലട്ടുന്നുണ്ടെങ്കിലും മുഹമ്മദ് ഷമി നയിക്കുന്ന ബൗളിങ് നിരയും നിക്കോളാസ് പുരാന്റെ സാന്നിധ്യവും ലഖ്‌നൗവിന് പ്രതീക്ഷ നൽകുന്നു. പരിക്കേറ്റ ജോഷ് ഇംഗ്ലിസ്, മൊഹ്സിൻ ഖാൻ എന്നിവരുടെ അഭാവം ലഖ്‌നൗവിന് തിരിച്ചടിയാണ്. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവുമായി ചെന്നൈ ആറാം സ്ഥാനത്താണ്.










0 comments