കൂച്ച് ബെഹാർ ട്രോഫി: കേരളത്തിനെതിരെ ഹൈദരാബാദിന് ഒന്നാം ഇന്നിങ്സ് ലീഡ്

ഹൈദരാബാദ്: അണ്ടർ 19 കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ ഹൈദരാബാദിന് 114 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഹൈദരാബാദിൻ്റെ ഒന്നാം ഇന്നിങ്സ് 382 റൺസിൽ അവസാനിച്ചു. സെഞ്ച്വറി നേടിയ യഷ് വീറിൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് ഹൈദരാബാദിന് ലീഡ് സമ്മാനിച്ചത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം ചൊവ്വാഴ്ച കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിലാണ്.
ഒരു വിക്കറ്റിന് 71 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ ഹൈദരാബാദിന് ക്യാപ്റ്റൻ ആരോൺ ജോർജിൻ്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആരോൺ 75 പന്തുകളിൽ 72 റൺസെടുത്തു. തുടർന്ന് സിദ്ധാർഥ് റാവുവും വാഫി കച്ഛിയും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. സ്കോർ 168ൽ നില്ക്കെ ഇരുവരും പുറത്തായി. 59 റൺസെടുത്ത സിദ്ധാർഥിനെ മുഹമ്മദ് ഇനാനും 23 റൺസെടുത്ത വാഫിയെ തോമസ് മാത്യുവുമാണ് പുറത്താക്കിയത്. തുടർന്നെത്തിയ ആവെസ് മുഹമ്മദ് 21 റൺസുമായി മടങ്ങി.
കേരളം പിടിമുറുക്കുന്നുവെന്ന് തോന്നിച്ച ഘട്ടത്തിൽ ബാറ്റ് ചെയ്യാനെത്തിയ യഷ് വീറിൻ്റെ ഇന്നിങ്സാണ് ഹൈദരാബാദിനെ ലീഡിലേക്ക് നയിച്ചത്. തുടക്കം മുതൽ തകർത്തടിച്ച് മുന്നേറിയ യഷ് വീർ, അലംകൃത് റാപോളുമായി ചേർന്ന് 90 റൺസ് കൂട്ടിച്ചേർത്തു. 48 റൺസെടുത്ത അലംകൃതിന് ശേഷമെത്തിയവർക്ക് അധികം പിടിച്ചു നില്ക്കാനായില്ല. എന്നാൽ ഒരു വശത്ത് ബാറ്റിങ് തുടർന്ന യഷ് വീറിൻ്റെ മികവിൽ ഹൈദരാബാദിൻ്റെ സ്കോർ 382 വരെ നീണ്ടു. 100 പന്തിൽ നിന്ന് 118 റൺസാണ് യഷ് വീർ നേടിയത്. എട്ട് ഫോറും ഒൻപത് സിക്സും അടങ്ങുന്നതായിരുന്നു യഷ് വീറിൻ്റെ ഇന്നിങ്സ്. കേരളത്തിന് വേണ്ടി ലെറോയ് ജോക്വിൻ ഷിബു മൂന്നും തോമസ് മാത്യു, മൊഹമ്മദ് ഇനാൻ, ആഷ്ലിൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിലാണ്. 20 റൺസെടുത്ത കെ ആർ രോഹിതിൻ്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. സ്കോർ: കേരളം ഒന്നാം ഇന്നിങ്സ് - 268, രണ്ടാം ഇന്നിങ്സ് ഒരു വിക്കറ്റിന് 71, ഹൈദരാബാദ് ഒന്നാം ഇന്നിങ്സ് - 382







0 comments