'ഹാർദിക് പാണ്ഡ്യ ദേശീയ പതാകയെ അപമാനിച്ചു': കേസെടുക്കണമെന്ന് പരാതി

ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയെ പങ്കാളി മഹിക ശർമ ചുംബിച്ചപ്പോൾ| PHOTO: AFP
പുണെ: ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ദേശീയ പതാകയെ അപമാനിച്ചെന്ന് പരാതി. അഭിഭാഷകനായ വാജിദ് ഖാനാണ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശിവാജി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ന്യൂസിലൻഡിനെതിരായ ഫൈനൽ വിജയത്തിന് ശേഷം പാണ്ഡ്യ, ദേശീയ പതാക ശരീരത്തിൽ ചുറ്റുകയും മൈതാനത്ത് വെച്ച് അശ്ലീലമായ രീതിയിൽ പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. ദേശീയ പതാകയുടെ അന്തസ് കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും നിയമനടപടി സ്വീകരിക്കണമെന്നും അഭിഭാഷകൻ പരാതിയിൽ ആവശ്യപ്പെട്ടു.
മത്സര ശേഷം പാണ്ഡ്യയും പങ്കാളി മഹിക ശർമയും ചേർന്നുള്ള ആഘോഷ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരും ഒന്നിച്ച് നൃത്തം ചെയ്യുന്നതും സെൽഫിയെടുക്കുന്നതും ചുംബിക്കുന്നതുമെല്ലാം ക്യാമറക്കണ്ണുകളിൽ പതിഞ്ഞു. ഇതിന് പിന്നാലെയാണ് അഭിഭാഷകൻ പരാതിയുമായി രംഗത്തെത്തിയത്.
അതേസമയം ലോകകപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച പാണ്ഡ്യ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തുകയും രണ്ട് അർധ സെഞ്ചുറികൾ നേടുകയും ചെയ്തിരുന്നു. 2024 ലോകകപ്പിൽ 11 വിക്കറ്റുകളും 144 റൺസും നേടി പാണ്ഡ്യ മിന്നും പ്രകടനം നടത്തിയിരുന്നു.










0 comments