ലീയുടെ പ്രിയപ്പെട്ട 'ആശാ തായ്' ഇനി ഓർമ്മ; ഇതിഹാസ ഗായികയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ഓസ്‌ട്രേലിയൻ പേസ് ഇതിഹാസം

Photo Credit|Instagram
മുംബൈ: സംഗീത ഇതിഹാസം ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ വികാരാധീനനായി ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ. ആശാ ഭോസ്‌ലെയുടെ അസാമാന്യമായ ശബ്ദത്തെപ്പോലെ തന്നെ അവരുടെ ദയയും എളിമയും വരുംതലമുറകൾക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താരം തന്റെ പ്രിയപ്പെട്ട 'ആശാ തായ്'ക്കൊപ്പമുള്ള ഓർമ്മകൾ പുതുക്കിയത്.
92-ാം വയസ്സിൽ മുംബൈയിൽ വെച്ചായിരുന്നു ആശാ ഭോസ്‌ലെയുടെ അന്ത്യം. വിവിധ ഭാഷകളിലായി പന്ത്രണ്ടായിരത്തിലധികം ഗാനങ്ങൾ ആലപിച്ച അവർ ഇന്ത്യൻ സംഗീത ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു. മുഹമ്മദ് റാഫി, കിഷോർ കുമാർ, ലതാ മങ്കേഷ്‌കർ എന്നിവർക്കൊപ്പം ഹിന്ദി സിനിമയുടെ സുവർണ്ണ കാലഘട്ടം അടയാളപ്പെടുത്തിയ ശബ്ദമായിരുന്നു അവരുടേത്.
2006-ൽ പുറത്തിറങ്ങിയ ‘യൂ ആർ ദ വൺ ഫോർ മീ’ എന്ന ഗാനത്തിലൂടെ ബ്രെറ്റ് ലീയും ആശാ ഭോസ്‌ലെയും ഒന്നിച്ചിരുന്നു. "അവരോടൊപ്പം ഒരു പാട്ട് എഴുതാനും റെക്കോർഡ് ചെയ്യാനും കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു. അവരുടെ അസാമാന്യ പ്രതിഭയേക്കാൾ എന്നെ ആകർഷിച്ചത് അവരുടെ പെരുമാറ്റമാണ്. ഇത്രയേറെ നേട്ടങ്ങൾ കൈവരിച്ചിട്ടും മറ്റുള്ളവരോട് അവർ കാണിച്ച സ്നേഹവും ഊഷ്മളതയും എന്നും മാതൃകയാണ്," ബ്രെറ്റ് ലീ കുറിച്ചു.
ക്രിക്കറ്റും സംഗീതവും തമ്മിലുള്ള ഈ അപൂർവ്വ സംഗമം ഐസിസി ചാമ്പ്യൻസ് ട്രോഫി വേളയിലാണ് നടന്നത്. ഈ ആൽബം അക്കാലത്ത് വലിയ ചാർട്ട് ഹിറ്റായി മാറിയിരുന്നു. പിന്നീട് സിഡ്‌നി ഓപ്പറ ഹൗസിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ആശാ ഭോസ്‌ലെ ഒപ്പിട്ട ഒരു ആൽബം അദ്ദേഹത്തിന് സമ്മാനിച്ചതും ബ്രെറ്റ് ലീ അനുസ്മരിച്ചു. അവരുടെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments