നേടി, നീലക്കടുവകൾ

കൊച്ചി ക്യാപ്റ്റൻ സാലിയും (ഇടത്ത്) സഹോദരനും വെെസ് ക്യാപ്റ്റനുമായ സഞ്ജു സാംസണും

Sports Desk
Published on Aug 22, 2025, 12:03 AM | 1 min read
തിരുവനന്തപുരം
ആതിഥേയരായ ട്രിവാൻഡ്രം റോയൽസിനെ എട്ട് വിക്കറ്റിന് തകർത്ത് സഞ്‌ജു സാംസന്റെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കേരള ക്രിക്കറ്റ് ലീഗിൽ തകർപ്പൻ തുടക്കം കുറിച്ചു. 30 പന്തിൽ 50 റണ്ണുമായി പുറത്താകാതെനിന്ന ക്യാപ്‌റ്റനും സഞ്‌ജുവിന്റെ സഹോദരനുമായ സാലി സാംസനാണ് കൊച്ചിക്ക് ജയമൊരുക്കിയത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റെടുത്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ 97 റണ്ണിന് പുറത്തായി. മറുപടിക്കെത്തിയ കൊച്ചിക്ക് ആദ്യ രണ്ട് വിക്കറ്റ് വേഗത്തിൽ നഷ്ടമായെങ്കിലും സാലിയും മുഹമ്മദ് ഷാനുവും (20 പന്തിൽ 23) ചേർന്ന് 11.5 ഓവറിൽ ജയം നൽകി.
സ്കോർ: ട്രിവാൻഡ്രം 97 (20); കൊച്ചി 99/2 (11.5)
സാലിയുടെ ഇന്നിങ്‌സിൽ മൂന്ന് സിക്‌സറും അഞ്ച് ഫോറും ഉൾപ്പെട്ടു. വൈസ് ക്യാപ്‌റ്റനായ സഞ്‌ജുവിന് ബാറ്റിങ്ങിന് ഇറങ്ങേണ്ടിവന്നില്ല.വിനൂപ് മനോഹരൻ (14), ജോബിൻ ജോയ് (7) എന്നിവരാണ് പുറത്തായത്.
മൂന്ന് റണ്ണൗട്ടുകളാണ് ട്രിവാൻഡ്രം റോയൽസ് ബാറ്റിങ്നിരയുടെ താളം തെറ്റിച്ചത്. വി അഭിജിത് പ്രവീൺ(28), ബേസിൽ തമ്പി(20), അബ്‌ദുൽ ബാസിത് (17) എന്നിവർ ചേർന്നാണ് സ്‌കോർ നൂറിനടുത്തെത്തിച്ചത്. അഖിൻ സത്താറും മുഹമ്മദ് ആഷിഖും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.
ആദ്യ പന്തിൽ റണ്ണെടുക്കുംമുമ്പ് ഓപ്പണർ എസ് സുബിൻ റണ്ണൗട്ടായി. സഞ്‌ജുവന്റെ ഫീൽഡിങ് മികവാണ് തുണയായത്. മറ്റൊരു ഓപ്പണറായ ക്യാപ്‌റ്റൻ കൃഷ്‌ണപ്രസാദും(11) ഗോവിന്ദ് ദേവ് പൈയും(3) റണ്ണൗട്ടായതോടെ ട്രിവാൻഡ്രം പ്രതിസന്ധിയിലായി. ഫീൽഡറായ സഞ്‌ജുവിന് രണ്ട് ക്യാച്ചുമുണ്ട്.
അഖിൻ സത്താർ നാലോവറിൽ 13 റൺ വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. ആഷിഖ് മൂന്നോവറിൽ 14 റൺ വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് സ്വന്തമാക്കി.










0 comments