ഏരീസ് കൊല്ലം സെയ്ലേഴ്സിനെ 75 റണ്ണിന് തകർത്തു
നീലക്കടുവകൾ


Sports Desk
Published on Sep 08, 2025, 03:39 AM | 2 min read
തിരുവനന്തപുരം
കേരള ക്രിക്കറ്റ് ലീഗിൽ നീലക്കടുവകളുടെ രാത്രി. രണ്ടാം സീസൺ കിരീടം സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയ്ലേഴ്സിനെ 75 റണ്ണിന് തരിപ്പണമാക്കി. ബൗളർമാരുടെ മികച്ച പ്രകടനമാണ് സഞ്‌ജു സാംസണിന്റെ ജ്യേഷ്‌ഠൻ സാലി സാംസൺ ക്യാപ്‌റ്റനായ കൊച്ചിക്ക് ആദ്യ കിരീടം സമ്മാനിച്ചത്. ഓപ്പണർ വിനൂപ് മനോഹരൻ(30 പന്തിൽ 70) കളിയിലെ താരമായി.
സ്‌കോർ : കൊച്ചി 181/8, കൊല്ലം 106(16.3)
തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട കൊല്ലം ബാറ്റർമാരെ പിച്ചിച്ചീന്തിയ ബൗളിങ്ങാണ് ‘കടുവക്കൂട്ടം’ കാഴ്‌ചവെച്ചത്. സ്‌പിന്നർ പി എസ് ജെറിൻ നാല് ഓവറിൽ 21 റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. സാലി സാംസൺ, കെ എം ആസിഫ്, മുഹമ്മദ് ആഷിഖ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ഒമ്പതാമനായി ഇറങ്ങി 23 റണ്ണുമായി പുറത്താകാതെനിന്ന വിജയ് വിശ്വനാഥ് മാത്രമാണ് കൊല്ലം നിരയിൽ പൊരുതിനിന്നത്. ക്യാപ്‌റ്റൻ സച്ചിൻ ബേബി(17), അഭിഷേക് നായർ(13), വത്സൽ ഗോവിന്ദ്(10), വിഷ്‌ണു വിനോദ്(10) എന്നിവർ മങ്ങിയത് തിരിച്ചടിയായി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊച്ചിക്കായി തുടക്കത്തിൽ വിനൂപ് മനോഹരനും ഒടുക്കത്തിൽ ആൽഫി ഫ്രാൻസിസ് ജോണും നടത്തിയ കൂറ്റനടികളാണ് മികച്ച സ്‌കോർ ഒരുക്കിയത്. ഏഴാമനായി ഇറങ്ങിയ ആൽഫി 25 പന്തിൽ 47 റണ്ണുമായി പുറത്താകാതെ നിന്നു. അഞ്ച് ഫോറും മൂന്ന് സിക്‌സറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്. പന്ത്രണ്ടാം ഓവറിൽ 97 റണ്ണിന് അഞ്ച് വിക്കറ്റ് നഷ്‌ടമായശേഷമാണ് കൊച്ചി കുതിച്ചത്. ജോബിൻ ജോഷി(12), മുഹമ്മദ് ഷാനു(10), എൻ നിഖിൽ(10), സാലി സാംസൺ(8) എന്നിവർക്ക് വലിയ സ്‌കോർ സാധ്യമായില്ല.
ലീഗ് പൂർത്തിയാകും മുമ്പ് ഇന്ത്യൻ ടീമിനൊപ്പം ചേർന്ന സഞ്‌ജുവില്ലാതെയാണ് കൊച്ചി വിജയം പിടിച്ചത്. ജേതാക്കൾക്ക് മുപ്പത് ലക്ഷം രൂപ സമ്മാനത്തുകയായി ലഭിച്ചു. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ അഖിൽ സ്--കറിയ ടൂർണമെന്റിലെ താരമായി. 25 വിക്കറ്റും 314 റണ്ണുമാണ് സമ്പാദ്യം.
താരമായി വിനൂപ്
കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ വിജയത്തിന് അടിത്തറയിട്ടത് ഓപ്പണർ വിനൂപ് മനോഹരന്റെ അർധസെഞ്ചുറി. 30 പന്തിൽ 70 റണ്ണടിച്ചു. നാല് സിക്‌സറും ഒമ്പത് ഫോറും അകമ്പടിയായി. 20 പന്തിലാണ് 50 തികച്ചത്. 12 മത്സരങ്ങളിൽ 414 റണ്ണടിച്ചു. അതിൽ മൂന്ന് അർധ സെഞ്ചുറിയുണ്ട്. ആകെ 39 ഫോറും 20 സിക്‌സറുകളും നേടി റണ്ണടിക്കാരിൽ മൂന്നാമതായി. ആലപ്പുഴ സ്വദേശി ഏഴ് വർഷമായി കേരള ടീമിന്റെ ഭാഗമാണ്. കഴിഞ്ഞ സീസണിൽ ആലപ്പി റിപ്പിൾസിനായി കളിച്ചപ്പോൾ 106 റണ്ണാണ് നേടിയത്. വലംകൈയൻ ബാറ്റർ ഓഫ് സ്‌പിൻ ബൗളറുമാണ്. എസ്ബിഐ ഉദ്യോഗസ്ഥനാണ്.










0 comments