‘ആയുഷ്’ക്കാലം ; തിളങ്ങി പതിനേഴുകാരൻ ആയുഷ് മാത്രെ

ബംഗളൂരു
കൗമാരവിസ്‌മയങ്ങൾ തുടരുന്ന ഐപിഎൽ ക്രിക്കറ്റിൽ ഭാവിയിലേക്ക് കരുതിവയ്‌ക്കാൻ ഒരു കളിക്കാരൻ കൂടി–-ആയുഷ് മാത്രെ. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ രണ്ട് റൺ തോൽവിയിലും തിളങ്ങി നിൽക്കുന്നത് ചെന്നൈ സൂപ്പർ കിങ്സിന്റെ പതിനേഴുകാരൻ. 48 പന്തിൽ 94 റണ്ണുമായാണ് മടക്കം. അതിനിടെ ഒമ്പത് ഫോറും അഞ്ച് സിക്‌സറുമടിച്ചു. പ്രഹരശേഷി 195.83.
മുംബൈക്കാരൻ ഐപിഎൽ കളിക്കാനെത്തുന്നത് അപ്രതീക്ഷിതമായാണ്.
കളിക്കാരുടെ ലേലത്തിൽ ആരും എടുത്തിരുന്നില്ല. ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്ക്‌വാദിന് പരിക്കേറ്റത് അനുഗ്രഹമായി. പകരക്കാരനായി ആയുഷിനെ എടുക്കാൻ ചെന്നൈ തീരുമാനിച്ചു. 30 ലക്ഷം രൂപയായിരുന്നു വില. മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു അരങ്ങേറ്റം. 15 പന്തിൽ 32 റണ്ണുമായി വരവറിയിച്ചു. നാല് കളിയിൽ 163 റൺ നേടി. ബംഗളൂരുവിനെതിരെ അർധസെഞ്ചുറിയിൽ റെക്കോഡും കുറിച്ചു. ഐപിഎല്ലിൽ അർധസെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനാണ്. രാജസ്ഥാൻ റോയൽസിന്റെ 14 വയസ്സുള്ള വൈഭവ് സൂര്യവംശിയാണ് ഒന്നാമത്. റിയാൻ പരാഗ് 2019ൽ അർധസെഞ്ചുറി നേടുമ്പോൾ 17 വർഷവും 157 ദിവസവുമായിരുന്നു പ്രായം. ആയുഷിനിപ്പോൾ 17 വർഷവും 291 ദിവസവുമാണ് പ്രായം.
കഴിഞ്ഞ രഞ്‌ജി ട്രോഫി സീസണിൽ മുംബൈയ്‌ക്കായി അരങ്ങേറിയ ആയുഷ് മൂന്നാമത്തെ മത്സരത്തിൽ സെഞ്ചുറി നേടി ശ്രദ്ധ പിടിച്ചുപറ്റി. വിജയ് ഹസാരെ ട്രോഫിയിൽ 117 പന്തിൽ 181 റണ്ണുമായി തിളങ്ങി.









0 comments