സിഎസ്കെയെ സഞ്ജു നയിക്കും, അത് ഉറപ്പാണ്; വെളിപ്പെടുത്തലുമായി മുൻ സ്പിൻ ഇതിഹാസം

Photo Credit|RR/IPL
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാവി നായകനായി മലയാളി താരം സഞ്ജു സാംസൺ എത്തുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. രാജസ്ഥാൻ റോയൽസിൽ നിന്ന് ഈ സീസണിൽ ചെന്നൈ പാളയത്തിലെത്തിയ സഞ്ജുവിനെ ടീമിന്റെ അമരത്ത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
നായകസ്ഥാനത്തെത്തിയാൽ മറ്റാരുടെയും നിഴലാകാൻ ശ്രമിക്കാതെ സ്വന്തമായ ശൈലി കെട്ടിപ്പടുക്കാൻ സഞ്ജു ശ്രദ്ധിക്കണമെന്നും അശ്വിൻ ഉപദേശിച്ചു.സഞ്ജു ചെന്നൈയെ നയിക്കുന്നത് താൻ ദീർഘവീക്ഷണം ചെയ്യുന്നുണ്ടെന്നും അത് എപ്പോൾ സംഭവിക്കുമെന്ന് ഉറപ്പില്ലെങ്കിലും അനിവാര്യമായ മാറ്റമായിരിക്കുമെന്നും അശ്വിൻ പറഞ്ഞു.
"ചെന്നൈ നായകനായാൽ സഞ്ജു മറ്റൊരാളുടെ പാത പിന്തുടരേണ്ടതില്ല, പകരം ക്യാപ്റ്റൻസിയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കണം," അശ്വിൻ വ്യക്തമാക്കി. രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന് കീഴിൽ കളിച്ച അനുഭവപരിചയം മുൻനിർത്തിയാണ് അശ്വിന്റെ ഈ നിരീക്ഷണം.
സഞ്ജുവിന്റെ നേതൃപാടവത്തിലെ പ്രധാന ഗുണങ്ങളെയും അശ്വിൻ എടുത്തുപറഞ്ഞു. മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ കേൾക്കാനും അവ നടപ്പിലാക്കാനും മടിയില്ലാത്ത നായകനാണ് സഞ്ജു. സഹതാരങ്ങളുമായി അടുത്ത വ്യക്തിബന്ധം സ്ഥാപിക്കാനും കൃത്യമായ ആശയവിനിമയം നടത്താനുമുള്ള സഞ്ജുവിന്റെ കഴിവ് ചെന്നൈ പോലൊരു ടീമിന് വലിയ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സീസണിന്റെ തുടക്കത്തിൽ സിഎസ്കെ ജേഴ്‌സിയിൽ അല്പം പതറിയെങ്കിലും നിലവിൽ തകർപ്പൻ ഫോമിലാണ് സഞ്ജു.2021 മുതൽ 2025 വരെ രാജസ്ഥാൻ റോയൽസിനെ 67 മത്സരങ്ങളിൽ നയിച്ച പരിചയസമ്പത്ത് സഞ്ജുവിനുണ്ട്. അദ്ദേഹത്തിന് കീഴിൽ 33 വിജയങ്ങൾ നേടിയ രാജസ്ഥാൻ ഒരു തവണ ഫൈനലിലും എത്തിയിരുന്നു.
നിലവിൽ റുതുരാജ് ഗെയ്‌ക്‌വാദ് ആണ് ചെന്നൈയെ നയിക്കുന്നതെങ്കിലും, അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ചും ക്യാപ്റ്റൻസിയെക്കുറിച്ചും വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് അശ്വിന്റെ ഈ വാക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നത്.










0 comments