ഇന്ത്യയ്ക്കായി ലോകകപ്പ് നേടുകയാണ് സ്വപ്നം: അനയ ബംഗാർ

അനയ ബംഗാർ
ന്യൂഡൽഹി: ഇന്ത്യയ്ക്കായി കളിച്ച് വനിതാ ലോകകപ്പ് നേടുകയാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകൾ അനയ ബംഗാർ. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അനുമതിയോടെ കമ്മ്യൂണിറ്റി, പ്രീമിയർ ക്രിക്കറ്റിൽ തിരിച്ചെത്താനുള്ള അവസരം ലഭിച്ചതിന് പിന്നാലെയാണ് അനയയുടെ പ്രതികരണം.
ഓസ്ട്രേലിയയിൽ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി മികച്ച പ്രകടനം നടത്തുകയും ഭാവിയിൽ വനിതാ ബിഗ് ബാഷ് ലീഗിൽ കളിക്കാനുള്ള അവസരം നേടുകയുമാണ് അനയയുടെ ലക്ഷ്യം. എന്നാൽ, ലഭിച്ച അനുമതി ഉയർന്ന തലത്തിലുള്ള ക്രിക്കറ്റിലെ സ്ഥാനം ഉറപ്പാക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
വനിതാ ക്രിക്കറ്റിനായി കൂടുതൽ ഉൾക്കൊള്ളുന്നതും നീതിപൂർവവും മാന്യവുമായ നയങ്ങൾ ബിസിസിഐ രൂപീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അനയ ഇന്ത്യ ടുഡേയോട് പറഞ്ഞു.
തന്റെ ക്രിക്കറ്റ് യാത്ര ഏറെ കഠിനമായിരുന്നെന്നും കുടുംബത്തിനുള്ളിൽ നിന്നുപോലും പിന്തുണക്കുറവും എതിർപ്പും നേരിട്ടെന്നും അനയ വെളിപ്പെടുത്തി. യുകെയിൽ അഞ്ച് മാസത്തോളം ഡ്രസ്സിംഗ് റൂമുകളിൽ താമസിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ ലഭിച്ച ബ്രാൻഡ് സഹകരണങ്ങളുടെ സഹായത്തോടെയാണ് തന്റെ ചികിത്സകളും ലിംഗസ്ഥിരീകരണ നടപടികളുമായി ബന്ധപ്പെട്ട ആദ്യത്തെ ചില ശസ്ത്രക്രിയകളും നടത്തിയതെന്നും അനയ വ്യക്തമാക്കി. “രാജ്യത്തിനായി എന്തെങ്കിലും നേടണമെന്നാണ് എന്റെ സ്വപ്നം. ഒരുദിവസം ഇന്ത്യയ്ക്കായി ലോകകപ്പ് നേടണം,” അനയ പറഞ്ഞു.










0 comments