ad
Deshabhimani

മികച്ച ബാറ്റർമാർക്ക് 20 ഓവർ ബാറ്റ് ചെയ്യാമെങ്കിൽ ബൗളർമാർക്ക് എന്തുകൊണ്ട് 5 ഓവർ നൽകിക്കൂടാ?'; ഐപിഎൽ നിയമങ്ങൾക്കെതിരെ സച്ചിൻ

SACHIN IPL RULES

Photo Credit: Getty Images

വെബ് ഡെസ്ക്

Published on May 31, 2026, 01:04 PM | 2 min read

അഹമ്മദാബാദ്: ഐപിഎൽ മത്സരങ്ങളിൽ ബാറ്റും പന്തും തമ്മിലുള്ള കൃത്യമായ സന്തുലിതാവസ്ഥ നിലനിർത്താൻ 'ഇംപാക്ട് പ്ലെയർ' നിയമം പൂർണ്ണമായും ഒഴിവാക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.


റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ അഹമ്മദാബാദിൽ നടക്കുന്ന 2026 ഐപിഎൽ ഫൈനലിന് മുന്നോടിയായി നടന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾക്കുള്ള 'ഇഎസ്പിഎൻ ക്രിക്ഇൻഫോ' അവാർഡ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ബാറ്ററായി സച്ചിനെ തിരഞ്ഞെടുത്തിരുന്നു.


"വ്യക്തിപരമായ അഭിപ്രായത്തിൽ ഇംപാക്ട് പ്ലെയർ നിയമം ഐപിഎല്ലിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ട്വന്റി 20 ഫോർമാറ്റിൽ 20 ഓവർ മാത്രമാണ് കളിക്കേണ്ടത്. അവിടെ ഇങ്ങനെയൊരു നിയമത്തിലൂടെ ഒരു ബാറ്ററെക്കൂടി ലൈനപ്പിലേക്ക് അധികമായി ചേർക്കുകയാണ് ചെയ്യുന്നത്.


നിലവിൽ തന്നെ ബൗളർമാർ വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ, ഈ നിയമം കളിയിലെ സന്തുലിതാവസ്ഥ തകർക്കുന്നു," സച്ചിൻ വ്യക്തമാക്കി.


2023-ൽ ഐപിഎല്ലിൽ അവതരിപ്പിച്ച ഇംപാക്ട് പ്ലെയർ നിയമം അനുസരിച്ച്, ടോസിന് മുൻപ് നൽകുന്ന 5 പേരുടെ പട്ടികയിൽ നിന്ന് ഒരു കളിക്കാരനെ മത്സരത്തിനിടെ പകരക്കാരനായി ഇറക്കാൻ ടീമുകൾക്ക് സാധിക്കും.


ഈ നിയമം കാരണം വിക്കറ്റ് പോയാലും ബാറ്റിംഗ് ഡെപ്ത് ഉള്ളതിനാൽ ബാറ്റർമാർ കൂടുതൽ ഭയമില്ലാതെ അടിച്ചുകളിക്കാൻ തുടങ്ങി. ഇത് കഴിഞ്ഞ 2-3 സീസണുകളായി ടീം ടോട്ടലുകളും റൺ റേറ്റും കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സച്ചിന്റെ വിമർശനം.


ബൗളർമാർക്ക് കൂടുതൽ പിന്തുണ നൽകുന്നതിനായി മറ്റ് രണ്ട് നിർദ്ദേശങ്ങൾ കൂടി സച്ചിൻ മുന്നോട്ടുവെച്ചു


പവർപ്ലേ വിഭജിക്കുക


നിലവിലുള്ള 6 ഓവർ പവർപ്ലേ നിയമത്തിൽ മാറ്റം വരുത്തണം. ആദ്യ 4 ഓവർ നിലവിലെ നിയന്ത്രണങ്ങളോടെയുള്ള 'ബാറ്റേഴ്സ് പവർപ്ലേ' ആക്കുക (രണ്ട് ഫീൽഡർമാർ മാത്രം 30 വാര സർക്കിളിന് പുറത്ത്). ബാക്കി 2 ഓവർ പവർപ്ലേ എപ്പോൾ വേണമെന്ന് ഫീൽഡിംഗ് ക്യാപ്റ്റന് തീരുമാനിക്കാം. ഈ രണ്ട് ഓവറുകളിൽ സർക്കിളിന് പുറത്ത് ഒരു ഫീൽഡറെക്കൂടി അധികമായി നിർത്താൻ അനുവദിക്കണം. ഇത് കളി നിയന്ത്രിക്കാൻ ബൗളിംഗ് ടീമിനെ സഹായിക്കും.


ഒരു ബൗളർക്ക് 5 ഓവർ


ഒരു ഇന്നിങ്സിൽ ടീമിലെ ഏറ്റവും മികച്ച ബൗളർക്ക് 5 ഓവർ എറിയാൻ അനുവാദം നൽകണം. മികച്ച ബാറ്റർമാർ ചിലപ്പോൾ 20 ഓവർ വരെ ക്രീസിൽ നിൽക്കുമ്പോൾ, എന്തുകൊണ്ട് മികച്ച ബൗളർക്ക് 5 ഓവർ നൽകിക്കൂടാ എന്ന് സച്ചിൻ ചോദിക്കുന്നു. ടീമിലെ ഏറ്റവും മികച്ച ബൗളർ 5 ഓവർ എറിയുന്നത് കാണാനാണ് ആരാധകരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home