ഒന്നും കാണാതെ, എല്ലാം കണ്ട് ചിറക്കരയുടെ കോൽക്കളി

നെബിൻ കെ ആസാദ്
Published on Jan 08, 2025, 10:52 AM | 1 min read
തിരുവനന്തപുരം: യുദ്ധത്തിനെതിരെ കണ്ണ് മൂടിക്കെട്ടി കോൽക്കളി. ലോകത്തെവിടെയും നടക്കുന്ന യുദ്ധങ്ങൾക്കെതിരെ കണ്ണുതുറക്കണമെന്നാവശ്യപ്പെട്ട് കണ്ണ് മൂടിക്കെട്ടി കോൽക്കളി അവതരിപ്പിച്ചത് കണ്ണൂർ തലശേരി ചിറക്കര ജിവിഎച്ച്‌എസ് സ്കൂൾ വിദ്യാർഥികൾ. കലോത്സവ വേദിയിൽ ആദ്യമായാണ് കണ്ണുകെട്ടി കോൽക്കളി കളിച്ചത്.
മത്സരത്തിന്റെ പകുതി സമയവും ടീം കറുത്ത തുണികൊണ്ട് കണ്ണ് മറച്ചു. പലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഗാസയിലടക്കമുള്ള കുഞ്ഞുങ്ങളുടെ അവസ്ഥ ലോകത്തെ അറിയിക്കുന്നതിനായി തയ്യാറാക്കിയ വരികൾ ഉൾപ്പെടുത്തിയുമാണ് സംഘം കോൽക്കളി അവതരിപ്പിച്ചത്. എ ഗ്രേഡും ലഭിച്ചു.
കലോത്സവവേദിയെ മത്സരമെന്ന നിലയിൽമാത്രം കാണാതെ കൃത്യമായ രാഷ്‌ട്രീയവും പ്രതിഷേധവും അറിയിക്കാനുള്ള ഇടമായി മാറണമെന്ന നിലയിലാണ് കോൽക്കളി അവതരിപ്പിച്ചതെന്ന് പരിശീലകരിലൊരാളായ മുഹമ്മദ് റാബിൻ വടകര പറഞ്ഞു. വിധികർത്താക്കൾ തങ്ങളുടെ ആശയം എങ്ങനെ ഉൾക്കൊള്ളുമെന്ന ആശങ്കയുണ്ടെങ്കിലും ഗ്രേഡ് നഷ്ടമായാലും പ്രശ്‌നമില്ലെന്ന നിലയിലാണ് ടീം പ്രതിഷേധത്തെ കണ്ടത്. തുടർച്ചയായ മൂന്നാം വർഷമാണ് സ്കൂൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. ഓരോ വർഷവും വേദിയിൽ വ്യത്യസ്തത കൊണ്ടുവന്നു. അബ്ബാസ് ഗുരുക്കളാണ് പ്രധാന പരിശീലകൻ.










0 comments