ഇന്ന് ലോക തപാൽ ദിനം
കാത്തിരിപ്പിന്റെ... ഹൃദയമിടിപ്പിന്റെ തപാൽ ഓർമ്മകൾ

അക്ഷരങ്ങളിൽ മോഹങ്ങളും സ്വപ്നങ്ങളും പ്രണയവും വിരഹവും എല്ലാം നിറച്ച് ദൂരങ്ങൾക്കപ്പുറമുള്ള പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിലേക്ക് സന്ദേശങ്ങളെത്തിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. പോസ്റ്റുമാന്റെ സൈക്കിൾ ബെല്ലിന്റെ ശബ്ദത്തിന് കാതോർത്ത്, പ്രിയപ്പെട്ടവരുടെ മറുപടിക്കത്തുകൾക്കായി കണ്ണുനട്ടിരുന്നൊരു കാലം. കാലം മാറി, കത്തുകളുടെ ഇടം ഡിജിറ്റൽ സന്ദേശങ്ങൾ കൈയടക്കി. ഇന്ന് വിരൽത്തുമ്പിലെ ഒറ്റ ക്ലിക്കിൽ സന്ദേശങ്ങൾ ലോകത്തിന്റെ ഏതു കോണിലേക്കും നിമിഷനേരംകൊണ്ട് എത്തും. എങ്കിലും പഴയ കത്തുകളിലെ മഷിമണമുള്ള ഓർമകൾക്ക് ഇന്നും മങ്ങലേറ്റിട്ടില്ല. അക്ഷരങ്ങൾകൊണ്ട് ഹൃദയങ്ങൾ തമ്മിൽ സംസാരിച്ചിരുന്ന ആ കാലത്തിന്റെ ഓർമകൾ പുതുക്കാൻ ഇതാ മറ്റൊരു ലോക തപാൽ ദിനം കൂടി...
'യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ'(യുപിയു) സ്ഥാപിതമായതിന്റെ വാർഷികമായ ഒക്ടോബർ 9നാണ് എല്ലാ വർഷവും 'ലോക തപാൽ ദിനം' ആഘോഷിക്കുന്നത്. 1874ൽ സ്വിറ്റ്‌സർലൻഡിന്റെ തലസ്ഥാനമായ ബെർണിലാണ് യുപിയു രൂപംകൊണ്ടത്. 1969ൽ ജപ്പാനിലെ ടോക്കിയോയിൽ നടന്ന കോൺഗ്രസാണ് ഈ ദിവസം ലോക തപാൽ ദിനമായി പ്രഖ്യാപിച്ചത്.
ഇക്കാലത്ത് സോഷ്യൽ മീഡിയ, മെസ്സേജിംഗ് ആപ്പുകൾ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് വരെയുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകൾ ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യർ തമ്മിലുള്ള ആശയവിനിമയത്തിന്റെയും രീതികൾ മാറി. ആളുകളെ ഒന്നിപ്പിക്കാൻ ഈ സാങ്കേതികവിദ്യകൾക്ക് കഴിയും. എങ്കിലും ഇന്നും പ്രിയപ്പെട്ടവർക്ക് കത്തുകളെഴുതി അയക്കുന്നവരുണ്ട്. തപാൽ ശൃംഗലയിലെ അനന്തമായ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതാണ് ഈ വർഷത്തെ തപാൽ ദിന സന്ദേശം.









0 comments