ഞങ്ങൾ വയോജനങ്ങൾ, ഞങ്ങൾക്കും ഒട്ടേറെ പറയാനുണ്ട്


വി എ എൻ നമ്പൂതിരി
Published on May 28, 2025, 09:04 PM | 1 min read
ഞങ്ങൾ വയോജനങ്ങൾ, പ്രായമായവർ,
60 കഴിഞ്ഞവർ, 70, 80, 90 ഉം,
ചിലപ്പോൾ 100 ഉം കഴിഞ്ഞവർ,
ഞങ്ങൾക്ക് പറയാനുണ്ട്,
ഒട്ടേറെ പറയാനുണ്ട്.
ഞങ്ങൾ മുതിർന്ന പൗരന്മാർ, പ്രായമായവർ,
നല്ല കാലത്ത് എല്ലു മുറിയെ പണിയെടുത്തവർ,
തലമുറകൾക്ക് വിദ്യാഭ്യാസം നൽകിയവർ,
ഞങ്ങൾ അന്നദാതാക്കൾ,
നാടിനെ പോറ്റാൻ, കുടുംബം പുലർത്താൻ
കരയും, കടലും, ആകാശവും താണ്ടിയവർ,
ലോകം മുഴുവൻ പണിപ്പുരയാക്കിയവർ.
ഞങ്ങൾ വയോജനങ്ങൾ,
നാട്ടിന്നായി ചോര ചിന്തിയവർ,
സ്വാതന്ത്രത്തിന്നായി പോരാടിയവർ,
പുത്തനിന്ത്യയുടെ ഗാനം പാടിയവർ.
ഞങ്ങൾ മുതിർന്ന പൗരന്മാർ,
ചരിത്രം രചിച്ചവർ,
പുരോഗതിയുടെ സന്ദേശവാഹകർ,
നാളെകളെ വാർത്തെടുത്തവർ.
ഞങ്ങൾ മുതിർന്ന പൗരന്മാർ, പ്രായമായവർ,
ഞങ്ങൾക്ക് പറയാനുണ്ട്,
നാട്ടിന്റെ വളർച്ചയുടെ കഥകൾ, പുരോഗതിയുടെ ഗാനങ്ങൾ,
ത്യാഗത്തിന്റെ കഥകൾ,
കേരളം കേരളമായ കഥകൾ.
ഞങ്ങൾക്ക് പറയാനുണ്ട്,
കഴിഞ്ഞ നൂറ്റാണ്ടുകളുടെ കഥകൾ,
ഈ നൂറ്റാണ്ടിന്റെയും.
മനുഷ്യൻ മനുഷ്യനായ കഥകൾ,
നാഗരികതയുടെ കഥകൾ,
ഭൂമിയും, കടലും, ആകാശവും
കീഴ്പ്പെടുത്തിയ കഥകൾ.
ഞങ്ങൾ വയോജനങ്ങൾ, പ്രായമായവർ,
ഞങ്ങൾക്ക് പറയാനുണ്ട്,
ഒറ്റപ്പെടലുകളുടെ വേദനകൾ,
അവഗണനയുടെ കണ്ണുനീരുകൾ,
കിടപ്പായവർ, മറവി വന്നവർ,
കരയാൻ പോലും മറന്നു പോയവർ.
ഞങ്ങൾ വയോജനങ്ങൾ, മുതിർന്ന പൗരന്മാർ,
കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കർ,
ഞങ്ങൾക്ക് വേണം സന്തോഷം,
പങ്കാളി മാത്രമല്ല,
മക്കളും കൊച്ചുമക്കളും കൂടെ വേണം,
ഞങ്ങൾ വയോജനങ്ങൾ, ഞങ്ങൾക്ക് പറയാനുണ്ട്,
ഇന്നലത്തെ, ഇന്നത്തെ, നാളേയുടെ കഥകൾ,
കേൾക്കാൻ ആളുണ്ടെങ്കിലും
ഇല്ലെങ്കിലും,
ഞങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും
നൂറ്റാണ്ടുകളുടെ കഥകൾ, പുരോഗതിയുടെ കഥകൾ.











0 comments