print edition വള്ളിച്ചിറയിൽ ജ്വലിക്കുന്നു വിപ്ലവാഗ്നി

അഖിലേഷ് ആനാവൂർ
Published on Oct 03, 2026, 01:37 AM | 1 min read
പാടത്ത് പണിയെടുക്കുന്നവർക്ക് മണ്ണിൽ അവകാശമുണ്ട്; മനുഷ്യനായി ജീവിക്കാൻ അന്തസ്സോടെ കൂലിയുമുണ്ട്...’ ഈ മുദ്രാവാക്യം കേവലം വാക്കുകളല്ല, ജന്മിത്തത്തിനുനേരെ കർഷകത്തൊഴിലാളികൾ തൊടുത്തുവിട്ട അഗ്നിശരങ്ങളായിരുന്നു. കൂലി പണമായി നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂറിന്റെ മണ്ണിൽ കർഷകവർഗം നടത്തിയ ഐതിഹാസിക പോരാട്ടത്തിന് വയസ്സ് 76 പിന്നിട്ടു. ജാതി– -ജന്മിത്ത കോട്ടകളുടെ അടിത്തറയിളക്കിയ കോരണംകോട് വള്ളിച്ചിറ കർഷകത്തൊഴിലാളി സമരം ആനാവൂർ ഏലായിൽ ഇന്നുമുണർത്തുന്നു, വർഗസമരത്തിന്റെ അമരസ്മരണകൾ.
കൊറ്റുസമ്പ്രദായം തകർത്ത ചെങ്കൊടി
ഇരുളുംവരെ പാടത്ത് പണിയെടുക്കുന്നവർക്ക് കൂലിയെന്ന പേരിൽ കല്ലും പതിരും നിറഞ്ഞ നെല്ല് എറിഞ്ഞുകൊടുത്തിരുന്നതാണ് ‘കൊറ്റുസമ്പ്രദായം'. വരമ്പത്തെ ചെളിമണ്ണിൽ കുഴിയുണ്ടാക്കി, ഇലയിട്ട് കാടിവെള്ളം ഒഴിച്ചുകൊടുത്തിരുന്ന ജന്മിത്തത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ അധ്വാനിക്കുന്ന വർഗം കരംകോർത്തു, ചെങ്കൊടിയേന്തി. നാവിക കലാപത്തിന്റെ വിപ്ലവവീര്യവുമായി ജന്മനാട്ടിൽ തിരിച്ചെത്തിയ കുമാർ ആനന്ദിന്റെ (ജിമ്മു) നേതൃത്വമാണ് വള്ളിച്ചിറയിലെ തൊഴിലാളികൾക്ക് ദിശാബോധം നൽകിയത്. സഖാക്കളായ ഐ സ്റ്റുവർട്ട്, ഫിലിപ്പ്, ദാവീദ്, നോഹ എന്നിവരും നേതൃനിരയിൽ ഉണ്ടായിരുന്നു.
പ്രതിരോധത്തിന്റെ ഇരമ്പൽ
1950 ജൂൺ മൂന്നിന്, പണിമുടക്ക് സമരത്തെ നേരിടാൻ പുറത്തുനിന്ന് ഗുണ്ടകളെയും പണിക്കാരെയും ഇറക്കി കൊയ്‌ത്തുനടത്താൻ ജന്മിമാർ തുനിഞ്ഞിറങ്ങി. വിപ്ലവഭടന്മാർ വരമ്പത്ത് പ്രതിരോധത്തിന്റെ ഉരുക്കുകോട്ട തീർത്തു. ജന്മിഗുണ്ടകളും പൊലീസും മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടു. ഒരു ജീവൻ പൊലിഞ്ഞു. സഖാക്കളായ നോഹയ്ക്കും ദാവീദിനും മാരകമായി പരിക്കേറ്റു.
സമരവീര്യം കെടുത്താൻ പൊലീസ് ആനാവൂരിൽ നരനായാട്ട് നടത്തി. കുടിലുകൾ കത്തിച്ചു. എന്നാൽ, കുടിലുകളിൽനിന്ന് ഉയർന്നത് വിലാപമായിരുന്നില്ല, മറിച്ച് ജന്മിത്തത്തിന് മരണമണിയടിച്ച വർഗസമരത്തിന്റെ ഇരമ്പലായിരുന്നു. സമരം താൽക്കാലികമായി പൊലീസ് അടിച്ചമർത്തിയെങ്കിലും വള്ളിച്ചിറ കത്തിച്ച വിപ്ലവജ്വാല തിരുവിതാംകൂറിലുടനീളം പടർന്നു. തുടർപോരാട്ടങ്ങളിലൂടെ തിണ്ണയിലിരുന്ന് ഭക്ഷണം കഴിക്കാനും കൂലി പണമായി വാങ്ങാനുമുള്ള അവകാശങ്ങൾ തൊഴിലാളിവർഗം നേടിയെടുത്തു.
സമരചരിത്രത്തിന്റെ അമരത്വം
പ്രൊഫ. വി കാർത്തികേയൻ നായരെപ്പോലുള്ള സഖാക്കളുടെയും പ്രാദേശിക ചരിത്രകാരരുടെയും നിരന്തര ഇടപെടലുകളിലൂടെയാണ് തമസ്കരിക്കപ്പെട്ട ചരിത്രസത്യങ്ങൾ ലോകമറിഞ്ഞത്. വർഗശത്രുക്കൾ മറവിയുടെ ചവറ്റുകുട്ടയിലേക്ക് തള്ളാൻ ശ്രമിച്ച വള്ളിച്ചിറ സമരചരിത്രം, തൊഴിലവകാശങ്ങൾ കവർച്ച ചെയ്യാൻ മുതലാളിത്തം പുതിയ വഴികൾ തേടുന്പോൾ ഇന്നും പ്രസക്തമായി തുടരുന്നു.









0 comments