പ്രായമായവർക്ക് ഇരിക്കേണ്ടേ! സന്തോഷത്തോടെ ഇരിക്കേണ്ടേ!

എ ഐ പ്രതീകാത്മക ചിത്രം

വി എ എൻ നമ്പൂതിരി
Published on May 29, 2025, 03:06 PM | 2 min read
ചെറുപ്പകാലത്തും, യൗവന കാലത്തുമെന്ന പോലെ, അധികം നേരം തുടർച്ചയായി നടക്കുവാനോ, നിൽക്കുവാനോ പ്രായം കൂടി വരുമ്പോൾ കഴിയില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇടക്കിടക്ക് ഇരിക്കുകയും വിശ്രമിക്കുകയും അത്യാവശ്യമാണ്. അസുഖമുള്ളവരാണെങ്കിൽ പ്രത്യേകിച്ചും. കൂടുതൽ സമയം നിന്നാൽ ചിലപ്പോൾ ആടിപ്പോകും, വീഴ്ചയും സംഭവിക്കാം; മരണം പോലും.
സ്വന്തം വീടുകളിൽ ഈ സൗകര്യം ഉണ്ടാവും. ഇല്ലെങ്കിൽ ആവശ്യത്തിന്നനുസരിച്ചു തയ്യാറാക്കണം. പ്രായമായവർക്ക് അവരുടെ രോഗം, ആരോഗ്യസ്ഥിതി എന്നിവ കണക്കിലെടുത്ത് അതിനനുയോജ്യമായ ഇരിപ്പിടങ്ങൾ കൂടിയെ തീരൂ.
പൊതു ഇടങ്ങളിൽ, ആശുപത്രികളിൽ, ആഫീസുകളിൽ, റെയിൽവേ സ്റ്റേഷനുകളിൽ, ബസ് സ്റ്റാൻഡിൽ, എയർപോർട്ടിൽ തുടങ്ങി എല്ലാ സ്ഥലങ്ങളിലും വയോജനങ്ങൾക്ക് സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ അത്യാവശ്യമാണ്. മുതിർന്നവർ കൂടുതലായി യാത്ര ചെയ്യുന്ന ഇക്കാലത്ത്പ്രത്യേകിച്ചും.
പല നഗരങ്ങളിലും എം എൽ എ ഫണ്ട് ഉപയോഗിച്ചും, വ്യക്തികളുടെയും സംഘടനകളുടെയും സംഭാവനയായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴിയായും ബസ് സ്റ്റോപ്പുകൾ നിർമിച്ച നൽകാറുണ്ട്. ചിലതിൽ ഒരു സ്റ്റീൽ ട്യൂബോ, സ്റ്റീൽ പലകയോ ആണ് ഇരിപ്പിടമായി ഉറപ്പിക്കുന്നത്. കൈപ്പിടി ഇല്ലാത്തതിനാൽ എഴുന്നേൽക്കാനും വിഷമം. മുതിർന്നവർക്ക് മാത്രമല്ല, യുവാക്കൾക്ക് പോലും ഇരിക്കാൻ അസൗകര്യമുള്ള ഇത്തരം ഇരിപ്പിടങ്ങൾ മാറ്റി സൗകര്യമുള്ളവ സ്ഥാപിക്കണം.
ബസുകളിലും തീവണ്ടികളിലും എല്ലാം മുതിർന്നവർക്ക് സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ റിസർവ് ചെയ്യണം. അവിടെ എഴുതി വെക്കുകയും വേണം.
അല്പം റെയിൽവേ സ്റ്റേഷനുകൾ ഒഴിച്ചാൽ, പലതിലും ആവശ്യമായത്ര ഇരിപ്പിടങ്ങൾ ഇല്ല. ഉള്ളവയിൽ മിക്കവാറും യാത്രക്കാർ ഇരിക്കുന്നുണ്ടാവും. ചില നല്ലവരായ യാത്രക്കാർ മുതിർന്നവർക്ക് ഇരിപ്പിടങ്ങൾ ഒഴിഞ്ഞു കൊടുത്തെന്നു വരാം. പക്ഷെ പലരും കണ്ടില്ലെന്നു നടിച്ച് അവഗണിക്കും. കുറച്ചു ഇരിപ്പിടങ്ങൾ മുതിർന്നവർക്ക് മാത്രമായി നീക്കി വെച്ചാൽ കുറെ ആശ്വാസമാകും.
പാർക്കുകളിലും വയോജനങ്ങൾക്ക് ഇരിപ്പിടങ്ങൾ നീക്കി വെക്കണം. പറ്റുമെങ്കിൽ ഒരു ഭാഗം തന്നെ. അവിടെ സംസാരിച്ചോ, വായിച്ചോ, കൂട്ടുകാരുമായി സന്തോഷിച്ചിരിക്കാം. മറ്റുള്ളവർക്ക് ഒട്ടും ശല്യവുമില്ല.
തുണിക്കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും വളരെയേറെ നേരം നിൽക്കേണ്ട സ്ഥിതി ഒഴിവാക്കാൻ പ്രായമായവർക്കായി ഇരിക്കാൻ ഏർപ്പാട് വേണം.
സർക്കാർ ഓഫീസുകളിൽ പല കാര്യങ്ങൾക്കുമായി ഉദ്യോഗസ്ഥന്മാരെ കാണാനെത്തുന്നവർക്ക് മിക്കപ്പോഴും ഇരിപ്പിടം ലഭിക്കാറില്ല. കസേരകൾ ഉണ്ടെങ്കിൽ പോലും ഉദ്യോഗസ്ഥൻ പറയാതെ ആരും ഇരിക്കുകയുമില്ല. വയോജനങ്ങളുടെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകി ഇരിപ്പിടങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്.
മിക്കവാറും സമ്മേളന ഹാളുകളിലുള്ള ഇരിപ്പിടങ്ങൾ ആളിരിക്കാത്തപ്പോൾ മടങ്ങുന്നവയാണ്. അത്തരം ഇരിപ്പിടങ്ങളിൽ മുതിർന്നവർക്ക് ഇരിക്കാനും എഴുന്നേൽക്കുവാനും വളരെ വിഷമമാണ്. ചിലപ്പോൾ വീണെന്നും വരും. കൈകൾ ഇരിപ്പിടത്തി ന്നിടയിൽ കുടുങ്ങാനും സാധ്യതയുണ്ട്. അത്തരം കസേരകൾ ഒഴിവാക്കുന്നതാണ് നല്ലത്.
അതേ, പ്രായമായവർക്ക് ഇരിക്കണം. ഏതെങ്കിലും തരത്തിൽ പോരാ, സൗകര്യമായി ഇരിക്കണം.











0 comments