Deshabhimani

പോരാട്ടം തന്നെ ജീവിതം; ചെ ​ഗുവേരയുടെ ഓർമകൾക്ക് 59 വർഷം

Che Guevara

ചെഗുവേര

വെബ് ഡെസ്ക്

Published on Oct 09, 2026, 09:13 AM | 4 min read

മാതൃകാ വിപ്ളവകാരിയെന്നും യുദ്ധതന്ത്രങ്ങളുടെ നായകനെന്നും വിപ്ളവങ്ങളുടെ ഹീറോയെന്നും ഫിദല്‍ കാസ്ട്രോ വിളിച്ച ചെ ഗുവേര രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്നേക്ക് 59 വര്‍ഷം. അമേരിക്കന്‍ ഏജന്റായിരുന്ന റെനെ ബാരിയന്റോസിന്റെ കിരാതഭരണത്തിനെതിരെ ബൊളീവിയന്‍ നാഷണല്‍ ലിബറേഷന്‍ ആര്‍മിയെ സംഘടിപ്പിച്ച് ആര്‍ഡീസ് മലനിരകളില്‍ പോരാടവെയാണ് ചെ ഗുവേരയെ ബൊളീവിയന്‍ സൈന്യം പിടികൂടിയതും വധിച്ചതും. കനത്ത പോരാട്ടത്തിനൊടുവിലായിരുന്നു ചെയുടെ കീഴടങ്ങല്‍.


ഗ്രാമത്തിലെ സ്കൂളില്‍ കസേരയില്‍ കെട്ടിയിട്ട ചെയുടെ മുറിവേറ്റ വലതുകാലില്‍നിന്ന് രക്തം ഒഴുകിക്കൊണ്ടിരുന്നു. സിഐഎയുടെയും ബൊളീവിയന്‍ പ്രസിഡന്റിന്റെയും ഉത്തരവനുസരിച്ചാണ് ഒക്ടോബര്‍ ഒമ്പതിന് ഉച്ചയ്ക്ക് ഒന്നോടെ മരിയോ ടെരാന്‍ എന്ന ബൊളീവിയന്‍ സൈനികന്‍ ചെയെ വെടിവച്ചുകൊന്നത്. നെഞ്ചിലും താഴെയുമായി ഒമ്പത് ബുള്ളറ്റാണ് ആ ശരീരത്തിലേക്ക് തുളച്ചുകയറിയത്. ഏറ്റുമുട്ടല്‍ക്കൊലയാണെന്ന് ലോകത്തെ ധരിപ്പിക്കാനായിരുന്നു നെഞ്ചിലേക്കുതന്നെ വെടിയുതിര്‍ത്തത്. അര്‍ജന്റീനയില്‍ ജനിച്ച് മോട്ടോര്‍സൈക്കിളില്‍ ലാറ്റിനമേരിക്ക ചുറ്റി ഗ്വാട്ടിമാലയിലെ അര്‍ബന്‍സ് സര്‍ക്കാരിന്റെ അട്ടിമറിക്ക് ദൃക്സാക്ഷിയായതോടെ കടുത്ത സാമ്രാജ്യത്വവിരുദ്ധനായ ചെ ക്യൂബന്‍ വിപ്ളവത്തിനും വിപ്ളവസര്‍ക്കാരിനും നേതൃത്വം കൊടുത്തതോടെയാണ് ലോകപ്രസിദ്ധനായത്.


ചെഗുവേരയും ഭാര്യ അലൈഡ മാർച്ചുംചെഗുവേരയും ഭാര്യ അലൈഡ മാർച്ചും


ചെ ജീവിക്കുന്നത് തങ്ങള്‍ക്ക് ഭീഷണിയാണെന്ന് കണ്ടാണ് അമേരിക്കന്‍ സാമ്രാജ്യത്വവും ബൊളീവിയന്‍ ഭരണാധികാരികളും അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഉത്തരവിട്ടത്. ലാ ഹിഗ്യേര ഗ്രാമത്തില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ വില്ലെ ഗ്രാന്‍ഡേ വിമാനത്താവളത്തിനടുത്ത് ഒരു കുഴി കുഴിച്ച് മറ്റു ഗറില്ലാ പോരാളികള്‍ക്കൊപ്പം ചെയെയും കുഴിച്ചുമൂടുകയായിരുന്നു. അനശ്വരനായ ആ വിപ്ളവകാരിക്ക് സ്മാരകംപോലും ഉയരാതിരിക്കാനാണ് ആരോരുമറിയാത്ത പ്രദേശത്ത് അദ്ദേഹത്തിന്റെ മൃതദേഹം മറവുചെയ്തത്. ചെയ്ക്ക് സ്മാരകമുയര്‍ന്നാല്‍ ആയിരങ്ങള്‍ അവിടേക്ക് ഒഴുകിയെത്തുമെന്നും അത് തങ്ങളുടെ ഭരണത്തിനുതന്നെ ഭീഷണിയാകുമെന്നും അമേരിക്കന്‍ സാമ്രാജ്യത്വവും ബൊളീവിയയിലെ ബാരിയന്റോസ് സര്‍ക്കാരും കണ്ടിരുന്നു. ചെയുടെ ഓര്‍മകളെപ്പോലും തേച്ചുമായ്ച്ചുകളയുകയായിരുന്നു അവരുടെ ലക്ഷ്യം.


എന്നാല്‍, ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനായില്ലെന്ന് ചെയുടെ രക്തസാക്ഷിത്വത്തിന് ശേഷമുള്ള കാലം നമ്മോട് പറയുന്നു. ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ, ചൂഷിതരുടെ ആശയും ആവേശവും പ്രതീക്ഷയുമാണിന്ന് ചെ. സാമ്രാജ്യത്വവിരുദ്ധ സമരത്തിനുമാത്രമല്ല, കൂലിക്കുവേണ്ടിയുള്ള പോരാട്ടത്തിനുപോലും ചെയുടെ ആദര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും ആവേശം നല്‍കുന്നു.


ചെഗുവേര കോംഗോയിൽചെഗുവേര കോംഗോയിൽ


ചെയുടെ രക്തസാക്ഷിത്വം സ്ഥിരീകരിച്ച് 1967 ഒക്ടോബര്‍ 15ന് ഹവാനയില്‍ കാസ്ട്രോ പറഞ്ഞതുപോലെ "ചെ മരിച്ചതോടെ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും ഗറില്ലാരീതിക്കും വിപ്ളവസിദ്ധാന്തങ്ങള്‍ക്കും അന്ത്യമായെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റി. നേര്‍ക്കുനേര്‍ വെടിയേറ്റ് ഒരു പോരാളിയെപ്പോലെ, വിപ്ളവനേതാവിനെപ്പോലെ മരിച്ചുവീണെങ്കിലും ആയിരംമടങ്ങ് ശക്തിയോടെ തന്റെ കൊലയാളിക്കെതിരെ പോരാടാന്‍ ആ ഓര്‍മ കരുത്ത് നല്‍കും.'' അക്ഷരാര്‍ഥത്തില്‍ അതാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.


ചെ ​ഗുവേര ജീവിതം


1928 ജൂണ്‍ 14 * അര്‍ജന്റീനയിലെ റൊസാരിയോയില്‍ ഏണസ്റ്റോ ഗുവേര ലിഞ്ചിന്റെയും സീലിയ ഡി ലാ സെര്‍നയുടെയും അഞ്ചു മക്കളില്‍ ആദ്യത്തെയാളായി ജനനം.


1946 * ബ്യൂണസ് ഐറീസ് നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ഥി.


1952 ജനുവരി-ജൂലൈ * നീണ്ട അവധിയെടുത്ത ചെ സുഹൃത്തായ ആല്‍ബര്‍ട്ടോ ഗ്രനാഡയോടൊപ്പം ലാറ്റിനമേരിക്കയിലൂടെ മോട്ടോര്‍സൈക്കിളില്‍ സഞ്ചരിച്ചു. ലാറ്റിനമേരിക്കന്‍ ജീവിതം നേരില്‍ കണ്ടറിഞ്ഞ ഈ യാത്രയാണ് ചെയുടെ അടിസ്ഥാന രാഷ്ട്രീയബോധത്തെ രൂപപ്പെടുത്തിയത്. ഈ യാത്രയെ മുന്‍നിര്‍ത്തി ചെ എഴുതിയ ഡയറിക്കുറിപ്പുകളാണ് 'മോട്ടോര്‍സൈക്കിള്‍ ഡയറീസ്'.


1953 ജൂലൈ 6 * ഡോക്ടറായി ബിരുദമെടുത്തശേഷം 1952ലെ വിപ്ളവത്തിനുശേഷമുള്ള ബൊളീവിയ സന്ദര്‍ശിച്ചു.


1953 ഡിസംബര്‍ * കോസ്റ്റാറിക്കയിലെ സാന്‍ജോസില്‍ മൊന്‍കാദ ആക്രമണത്തിനിരയായവരെ സന്ദര്‍ശിക്കാനിടയായി.


1953 ഡിസംബര്‍ 24 * ജേക്കബ് അര്‍ബെന്‍സിന്റെ ഭരണത്തിലുള്ള ഗ്വാട്ടിമാലയില്‍ ചെ എത്തുന്നു. മാര്‍ക്സിസം പഠിക്കുകയും രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.


1954 ആഗസ്ത് * സിഐഎ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൂലിപ്പട്ടാളം ഗ്വാട്ടിമാലയില്‍ അര്‍ബെന്‍സ് അനുഭാവികളെ കൂട്ടക്കൊല ചെയ്തു. ഗ്വാട്ടിമാലയില്‍നിന്ന് പലായനം ചെയ്ത ചെ മെക്സിക്കോ സിറ്റിയിലെത്തി


1955 ജൂലൈ * മെക്സിക്കോ സിറ്റിയില്‍ ഫിദല്‍ കാസ്ട്രോയെ കണ്ടുമുട്ടിയ ഗുവേര ഗറില്ലാപോരാട്ടത്തില്‍ പങ്കാളിയായി. ക്യൂബന്‍ സഖാക്കള്‍ അദ്ദേഹത്തിന് ചെ എന്ന് ഓമനപ്പേരിട്ടു.


1956 നവംബര്‍ 25 * ചെ ഡോക്ടറായുള്ള 82 പോരാളികള്‍ അടങ്ങുന്ന സംഘം ഗ്രാന്‍മ കപ്പലില്‍ ക്യൂബയിലേക്ക് പുറപ്പെട്ടു.


1956 ഡിസംബര്‍ 2 * ക്യൂബയിലെ ഓറിയന്റെയിലെത്തിയ ഗ്രാന്‍മയ്ക്ക് ബാറ്റിസ്റ്റയുടെ സൈന്യത്തിന്റെ മുന്നേറ്റം കാരണം ദൌത്യം പൂര്‍ത്തിയാക്കാനായില്ല.

1957 ജൂലൈ * രണ്ടാംദൌത്യത്തില്‍ ചെ കമാന്‍ഡറായി.


1958 ആഗസ്ത് 31 * മധ്യ ക്യൂബയിലെ ലാസ് വില്ലാസിനെ ലക്ഷ്യമാക്കി സിയേറ മേസ്ട്രയില്‍നിന്ന് ചെ സൈന്യത്തെ നയിച്ചു.


1958 ഡിസംബര്‍ 28 * ചെയുടെ നേതൃത്വത്തിലുള്ള സൈനികവ്യൂഹം സാന്താക്ളാര യുദ്ധത്തിന് നേതൃത്വം നല്‍കി.


1959 ജനുവരി 1 * ബാറ്റിസ്റ്റ ക്യൂബയില്‍നിന്ന് പലായനംചെയ്തു. വിപ്ളവകാരികള്‍ സാന്താക്ളാര പിടിച്ചടക്കി. കാസ്ട്രോ പുതിയ ഭരണാധികാരി.


ജനുവരി 2 * ചെയുടെയും കാമിലോ സിന്‍ഫ്യുഗോസിന്റെയും നേതൃത്വത്തിലുള്ള വിപ്ളവകാരികള്‍ ഹവാനയിലെത്തുന്നു.

ഫെബ്രുവരി 9 * ചെ ക്യൂബന്‍ പൌരനായി.


ജൂണ്‍ 12-സെപ്തംബര്‍ 8 * ചെയുടെ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ യാത്ര.

ഒക്ടോബര്‍ 7 * നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രേറിയന്‍ റിഫോം (ഐഎന്‍ആര്‍എ) തലവനായി ചെ നിയമിതനായി.

നവംബര്‍ 26 * നാഷണല്‍ ബാങ്ക് ഓഫ് ക്യൂബയുടെ പ്രസിഡന്റ്.


1961 ഫെബ്രുവരി 23 * വ്യവസായ മന്ത്രാലയത്തിന് രൂപംനല്‍കിയ ക്യൂബന്‍ സര്‍ക്കാര്‍ ചെയെ തലവനാക്കി.


1961 ഏപ്രില്‍ 17-19 * അമേരിക്കന്‍ സഹായത്തോടെ ഏതാണ്ട് 1500 പേരടങ്ങുന്ന കൂലിപ്പട്ടാളം ക്യൂബയെ ആക്രമിച്ചെങ്കിലും 72 മണിക്കൂറുകള്‍ക്കുള്ളില്‍ തോറ്റ് പിന്‍വാങ്ങേണ്ടിവന്നു. ചെ ക്യൂബന്‍ സൈന്യത്തെ നയിച്ചു.


ആഗസ്ത് 8 * അമേരിക്കന്‍ പ്രസിഡന്റ് കെന്നഡിയുടെ അവിശുദ്ധ സൈന്യത്തെ ചെ ചോദ്യംചെയ്തതിനെതുടര്‍ന്ന് ക്യൂബയെ ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സില്‍ (ഒഎഎസ്)നിന്ന് പുറത്താക്കി.


1962 ആഗസ്ത് 27-സെപ്തംബര്‍ 7 * ചെ ഗുവേരയുടെ രണ്ടാം സോവിയറ്റ് യൂണിയന്‍ സന്ദര്‍ശനം.


1962 ഒക്ടോബര്‍ * അമേരിക്ക ആക്രമണത്തിന് പദ്ധതിയിട്ടതിനെ തുടര്‍ന്ന് ക്യൂബ പ്രതിരോധസജ്ജമാകുന്നു. പിനര്‍ ഡി റിയോയില്‍ സൈന്യത്തെ നയിക്കാന്‍ ചെ ഗുവേരയ്ക്ക് ചുമതല.


1963 ജൂലൈ 3-17 * അഹമ്മദ് ബെന്‍ ബെല്ലയുടെ നേതൃത്വത്തില്‍ സ്വാതന്ത്യ്രത്തിലേക്കെത്തിയ അള്‍ജീരിയയില്‍ ചെ എത്തി.

നവംബര്‍ 4-9 * ചെ വീണ്ടും സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചു.


ഡിസംബര്‍ 11 * ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ സംസാരിക്കുന്നു.


ഡിസംബര്‍ 17 * ആഫ്രിക്കയിലെത്തിയ ചെ അള്‍ജീരിയ, മാലി, കോംഗോ, ഗിനിയ, ഘാന, താന്‍സാനിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.


1965 ഏപ്രില്‍ 1 * യാത്ര പറഞ്ഞുകൊണ്ട് കാസ്ട്രോയ്ക്ക് കത്തെഴുതിയ ചെ കോംഗോയില്‍ ക്യൂബ നടപ്പാക്കുന്ന ദൌത്യത്തിനായി പുറപ്പെട്ടു.


ഒക്ടോബര്‍ 3 * ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റിയില്‍ ചെയുടെ കത്ത് കാസ്ട്രോ വായിക്കുന്നു.


നവംബര്‍ 21 * ചെ ഗുവേര കോംഗോ വിടുന്നു.


ഡിസംബര്‍ * ചെയ്ക്ക് ക്യൂബയിലേക്ക് രഹസ്യമായി മടങ്ങിയെത്താന്‍ കാസ്ട്രോ അവസരമൊരുക്കി. ക്യൂബന്‍ നേതൃത്വത്തില്‍ ബൊളീവിയയില്‍ ഗറില്ലാപോരാട്ടം നടത്താന്‍ ചെ പദ്ധതിയിടുന്നു.


1966 മാര്‍ച്ച് * ക്യൂബന്‍ ഒളിപ്പോരാളികള്‍ ബൊളീവിയയിലെത്തി.ജൂലൈ * പിനര്‍ ഡി റിയോയില്‍ ചെ പോരാളികളെ സന്ദര്‍ശിച്ചു.


ഡിസംബര്‍ 31 * ചെ ബൊളീവിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി സെക്രട്ടറി മാരിയോ മോണ്‍ജെയെ കണ്ടുമുട്ടുന്നു.


1967 മാര്‍ച്ച് 23 * ബൊളീവിയയില്‍ ആദ്യത്തെ ഒളിപ്പോരാട്ടത്തില്‍ ബൊളീവിയന്‍ സൈനികവ്യൂഹത്തെ പരാജയപ്പെടുത്തുന്നു. മാര്‍ച്ച് 25ന് ബൊളീവിയന്‍ നാഷണല്‍ ലിബറേഷന്‍ ആര്‍മിയെ പ്രഖ്യാപിക്കാന്‍ തീരുമാനം.


മെയ് * അമേരിക്കന്‍ സൈന്യം ബൊളീവിയന്‍ സൈന്യത്തിന് പരിശീലനം നല്‍കാന്‍ ബൊളീവിയയിലെത്തുന്നു.


ജൂലൈ 1 * ബൊളീവിയന്‍ പ്രസിഡന്റ് ബാരിയന്റോസ് ചെ രാജ്യത്തുള്ളതായി പ്രഖ്യാപിക്കുന്നു.


ജൂലൈ 31-ആഗസ്ത് 10 * ഹവാനയില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ലാറ്റിനമേരിക്കന്‍ സോളിഡാരിറ്റി സമ്മേളനം ചേര്‍ന്നു. ഗറില്ലാപോരാട്ടത്തെ പിന്തുണച്ചു. ചെയ്ക്ക് സുപ്രധാന പദവി നല്‍കി.


സെപ്തംബര്‍ 26 * ഗറില്ലാപോരാളികള്‍ സൈന്യത്തിന്റെ കൈയില്‍പ്പെടുന്നു.


ഒക്ടോബര്‍ 8 * അവശേഷിക്കുന്ന 17 ഗറില്ലകളും സൈന്യത്തിന്റെ കെണിയില്‍പ്പെട്ടു. ക്വബ്രാഡ ദെ യൂറോയില്‍ നടന്ന പോരാട്ടത്തില്‍ ഗുരുതര പരിക്കുകളോടെ ചെ പിടിക്കപ്പെടുന്നു.


ഒക്ടോബര്‍ 9 * അമേരിക്കയുടെയും ബൊളീവിയയുടെയും നിര്‍ദേശപ്രകാരം ചെയും രണ്ട് ഒളിപ്പോരാളികളും വധിക്കപ്പെടുന്നു. മൃതദേഹം രഹസ്യമായി ബൊളീവിയയില്‍ മറവുചെയ്തു


ഒക്ടോബര്‍ 15 * കാസ്ട്രോ ചെയുടെ മരണം ജനങ്ങളെ അറിയിക്കുന്നു. ക്യൂബയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം. ഒക്ടോബര്‍ എട്ട് വീരോചിത ഗറില്ലാദിനമായി പ്രഖ്യാപിച്ചു.


ഒക്ടോബര്‍ 18 * ഹവാനയിലെ റവല്യൂഷന്‍ പ്ളാസയില്‍ കാസ്ട്രോ ചെ ഗുവേരയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.


1968 ജൂലൈ * ചെയുടെ ബൊളീവിയന്‍ ഡയറി പ്രസിദ്ധീകരിക്കപ്പെട്ടു. ക്യൂബന്‍ ജനതയ്ക്ക് പുസ്തകം സൌജന്യമായി വിതരണം ചെയ്തു. ഫിഡല്‍ കാസ്ട്രോ ആമുഖമെഴുതിയ പുസ്തകം അന്താരാഷ്ട്രതലത്തില്‍ വന്‍തോതില്‍ വിറ്റഴിഞ്ഞു.


1997 ജൂലൈ * ചെയുടെ മൃതാവശിഷ്ടം ക്യൂബയില്‍ എത്തിച്ച് മറ്റ് പോരാളികളുടെ മൃതദേഹങ്ങള്‍ക്കൊപ്പം സാന്താക്ളാരയില്‍ അടക്കംചെയ്തു *



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home