ad
Deshabhimani

ആരോഗ്യം, സാമ്പത്തിക വളർച്ച, വിദ്യാഭ്യാസം... നിരവധി സൂചകങ്ങളിൽ കേരളം മികച്ചത്: റിപ്പോർട്ട്

kerala development

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Apr 08, 2026, 04:06 PM | 2 min read

ആരോഗ്യം, സാമ്പത്തിക വളർച്ച , വിദ്യാഭ്യാസം എന്നീ മേഖലകളിലെ നിരവധി സൂചകങ്ങളിൽ കേരളം ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളേക്കാളും മികച്ച നിലയിലാണെന്ന് റിപ്പോർട്ട്. പ്രധാന സാമൂഹിക-സാമ്പത്തിക സൂചികകൾ വിശകലനം ചെയ്യുമ്പോൾ കഴിഞ്ഞ വർഷങ്ങളിൽ കേരളം കാര്യമായ നേട്ടങ്ങൾ കൈവരിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിൽ കേരളം സ്ഥിരതയുള്ള, ശക്തമായ സാമ്പത്തിക വളർച്ച കൈവരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രതിശീർഷ സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിൽ 23 സംസ്ഥാനങ്ങളിൽ 7-ാം സ്ഥാനത്താണ് കേരളം.


കേരളത്തിലെ ഗ്രാമീണ മേഖലയിലേക്കും സാമ്പത്തിക വികസനമുണ്ടാകുന്നതായി ഡാറ്റ കാണിക്കുന്നു. സംസ്ഥാനത്തെ ശരാശരി ദിവസ വേതന നിരക്ക് 868 രൂപയാണ്. ഇത് എല്ലാ സംസ്ഥാനങ്ങളേക്കാളും ഉയർന്ന നിരക്കാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവ അടിസ്ഥാനമാക്കിയുള്ള മാനവ വികസന സൂചികയിലും (HDI) സംസ്ഥാനം രണ്ടാം സ്ഥാനത്താണ്.


2021-22 ലെ ദേശീയ കുടുംബാരോഗ്യ സർവേയിലെ ഡാറ്റ പ്രകാരം ശിശുമരണ നിരക്ക് (Infant Mortality Rate -IMR) ഇന്ത്യയിൽ ഏറ്റവും കുറവ് കേരളത്തിലാണ്. കേരളത്തിൽ ശിശുമരണ നിരക്ക് 4.4 ആണ്. കേരളത്തിലെ നിരക്കിന്റെ എട്ട് ഇരട്ടിയോളമാണ് ദേശീയ ശരാശരി - 35.2. രാജ്യത്തെ ഏറ്റവും കുറഞ്ഞ മാതൃമരണ നിരക്കും കേരളത്തിലാണ്.


സ്ത്രീആരോഗ്യത്തിലും ശുചിത്വത്തിലും കേരളം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. എന്നാൽ കുട്ടികളുടെ മുഴുവൻ വാക്സിനേഷൻ നിരക്കിൽ കേരളം 12-ാം സ്ഥാനത്താണ്. 15 മുതൽ-19 വയസ്സ് വരെയുള്ള പ്രായത്തിൽ അമ്മയാകുന്ന സ്ത്രീകളുടെ എണ്ണവും കേരളത്തിൽ വളരെ കുറവാണ്. കേരളത്തിലെ 93 ശതമാനം സ്ത്രീകൾക്കും ആർത്തവ ശുചിത്വ സംരക്ഷണത്തിനുള്ള മാർഗങ്ങൾ ലഭ്യമാണ്. സംസ്ഥാനത്തുള്ള 78 ശതമാനം കുട്ടികൾക്കും എല്ലാ അടിസ്ഥാന വാക്സിനേഷനുകളും ലഭിച്ചിട്ടുണ്ട്.


വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സൂചകങ്ങളുടെ കാര്യത്തിലും കേരളം മുൻപന്തിയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിലെ അഡ്ജസ്റ്റഡ് നെറ്റ് എൻറോൾമെന്റ് നിരക്കിൽ (സ്കൂൾ ചേർക്കൽ നിരക്ക്- ANER) ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.


ലോകബാങ്കിന്റെ കണക്കനുസരിച്ച്, ഈ സൂചകം, പ്രാഥമിക വിദ്യാഭ്യാസത്തിനായി സ്കൂളിൽ ചേർ‌ക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തെയാണ് സൂചിപ്പിക്കുന്നത്. ഹയർ സെക്കൻഡറി തലത്തിലെ ഗ്രോസ് എൻറോൾമെന്റ് റേഷ്യോയും ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. ഹയർ സെക്കൻഡറിയിലെ സംസ്ഥാനത്തിന്റെ മൊത്ത പ്രവേശന അനുപാതം അഖിലേന്ത്യാ ശരാശരിയായ 57.6 ശതമാനത്തേക്കാൾ കൂടുതലാണ്. ഈ സൂചകത്തിൽ ആദ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.


1.44 എന്ന അനുപാതത്തോടെ, വിദ്യാഭ്യാസത്തിലെ ലിംഗ തുല്യതാ സൂചികയിലും (ജെൻഡർ പാരിറ്റി ഇൻഡക്സ് - GPI) 29 സംസ്ഥാനങ്ങളിൽ കേരളം ഒന്നാം സ്ഥാനത്താണ്. അടിസ്ഥാന സൗകര്യങ്ങളിലും കേരളം മുന്നിലാണ്. ​ഗ്രാമപ്രദേശങ്ങളിലെ ഇന്റർനെറ്റ് സാന്ദ്രതയുടെ കാര്യത്തിൽ 28 സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് കേരളം. ക്ഷേമനയങ്ങൾക്കൊപ്പം മനുഷ്യന്റെ അടിസ്ഥാന വികസനത്തിലും കേരളം പത്തുവർഷം കൊണ്ട് മുന്നേറുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home