വയോകൗമാരക്കാരേ (Seenagers), ഇതിലേ, ഇതിലേ..


വി എ എൻ നമ്പൂതിരി
Published on May 22, 2025, 06:36 PM | 1 min read
വയോ കുമാരിമാരും വയോ കുമാരന്മാരും ഇന്നത്തെ കാലത്ത് എല്ലാ മേഖലകളിലും നിറഞ്ഞു നിൽക്കുന്നവരാണ് എന്നത് അഭിമാനകരമാണ്. സാംസ്കാരിക, രാഷ്ട്രീയ, കലാ സാഹിത്യ രംഗങ്ങളിലെല്ലാം മികച്ച സംഭാവനകൾ നൽകാൻ കഴിയുന്ന കാലം. കൃഷി പണിയിലടക്കം തങ്ങളുടെ പ്രവർത്തന മേഖലയിൽ വൈദഗ്ധ്യം നേടിയവർ. ശാരീരികമായ വിഷമതകൾ മറികടന്നു ആറു പതിറ്റാണ്ടുകളിലേറെയുള്ള അനുഭവ സമ്പത്തും പഠനവും കൈമുതലാക്കിയവർ.
കുടുംബത്തെ പുലർത്തുന്നതിലും ജോലിയിലും മാത്രം ശ്രദ്ധിച്ച് പലപ്പോഴും സ്വന്തം കാര്യം മറന്നവർ. മക്കൾക്ക് വിദ്യാഭ്യാസവും ജോലിയും ലഭ്യമാക്കി ജീവിതത്തെ നേരിടാൻ കഴിവ് നൽകിയവർ. കൊച്ചു മക്കളെ ബാല പാഠം പഠിപ്പിച്ചവർ.

പ്രായമായെന്നു കരുതി വീട്ടിൽ അടങ്ങി ഒതുങ്ങി നിശബ്ദരായി ഇരിക്കേണ്ടവരല്ല നിങ്ങൾ! ഇനി കുറച്ച് സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കൂ. പണ്ട് പോകാൻ ആഗ്രഹിച്ച സ്ഥലങ്ങൾ കാണാൻ പോകൂ. ഇന്ത്യയിൽ മാത്രമല്ല, ഇന്ത്യക്ക് പുറത്തും. യാത്ര ആസ്വദിക്കൂ. കൂട്ടുകാരെ വിളിച്ചു സംസാരിക്കൂ. എഴുതൂ. വായിക്കൂ.
യോഗയും മറ്റു വ്യായാമങ്ങളും കൃത്യമായി ചെയ്യൂ. ബീച്ചിലും, വായനശാലയിലും പാർക്കുകളിലും മറ്റും സമയം ചിലവഴിക്കൂ. ഇഷ്ടമുള്ള ഭക്ഷണം കഴിക്കൂ. മക്കളെ , ഇങ്ങോട്ട് വിളിച്ചില്ലെങ്കിലും അങ്ങോട്ട് വിളിക്കൂ. കവിത എഴുതൂ, കഥ എഴുതൂ. നന്നായി ചിരിക്കൂ. കൂട്ടുകാരുമായി സന്തോഷം പങ്ക് വെക്കൂ. ഇത് നിങ്ങളുടെ രണ്ടാം കൗമാരം. നഷ്ടപ്പെടുത്തരുത്.
രോഗം അലട്ടുന്നുണ്ടെങ്കിൽ ഡോക്ടരെ കാണൂ, മരുന്ന് കൃത്യ സമയത്ത് കഴിക്കൂ,
ആത്മ വിശ്വാസത്തോടെ മുന്നോട്ട് നീങ്ങൂ. രോഗത്തെ പരാജയപ്പെടുത്തൂ.
കേരളത്തിൽ സ്ത്രീയുടെ 'ശരാശരി' ആയുഷ്കാലം 79 വയസ്സ് എന്നും പുരുഷന്റേത് 75 എന്നും കണക്കുകൾ പറയുന്നു. അതിന്റെ അർത്ഥം നിങ്ങൾ 90- 95 വയസ് വരെ ജീവിക്കും എന്ന് തന്നെ. (ദിന:പത്രത്തിലെ ചരമ കോളങ്ങൾ നോക്കിയാൽ ഇത് വ്യക്തമാവും) നിങ്ങളുടെ മുന്നിൽ കാലം നീണ്ടുകിടക്കുന്നു. ആഗ്രഹിച്ച, നടപ്പിലാക്കാൻ കഴിയാതിരുന്ന കടമകളും മോഹങ്ങളും സ്വപ്നങ്ങളും യാഥാർഥ്യമാക്കൂ. എന്നിട്ട് സുന്ദരമായി ചിരിക്കൂ!
വി എ എൻ നമ്പൂതിരി











0 comments