കുരുമുളക് നാഗപ്പതിരീതിയില്‍ ഉണ്ടാക്കുന്നവിധം അറിയണം

കുരുമുളക് നാഗപ്പതിരീതിയില്‍ ഉണ്ടാക്കുന്നവിധം അറിയണം?
വിവേക്, ചൊക്ളി, തലശേരി
മണ്ണ്, മണല്‍ അല്ലെങ്കില്‍ പാറപ്പൊടി, ഉണങ്ങിയ ചാണകപ്പൊടി എന്നിവ 2:1:1 എന്ന അനുപാതത്തില്‍ തയ്യാറാക്കിയ നടീല്‍മിശ്രിതം നിറച്ച പോളിത്തീന്‍ ബാഗില്‍ വേരുപിടിപ്പിച്ച ഒന്നോ രണ്ടോ ഇലകളുള്ള കുരുമുളകുതൈ നടുക. ഈ ചെടിയില്‍ പുതിയ മുട്ടുകള്‍ ഉണ്ടാകുമ്പോള്‍ മണ്‍മിശ്രിതം നിറച്ച ചെറിയ പോളിത്തീന്‍ ബാഗുകള്‍ നിരനിരയായി തിരശ്ചീനമാക്കി അടുക്കിവച്ച് വളര്‍ന്നുവരുന്ന മുട്ടുകള്‍ മിശ്രിതത്തിലമര്‍ന്ന് പുതുവേരുകള്‍ വളര്‍ന്നിറങ്ങാന്‍ സഹായിക്കണം. വളര്‍ന്നുവരുന്ന ചെടിയുടെ തണ്ട് മണ്‍മിശ്രിതത്തില്‍ മുട്ടിയിരിക്കാന്‍ ഢ ആകൃതിയിലുള്ള ഈര്‍ക്കില്‍ കഷണങ്ങള്‍ ഓരോ ബാഗിലും കുത്തിക്കൊടുക്കണം. മുട്ടുകള്‍ ഉണ്ടാകുന്നതിനനുസരിച്ച് ക്രമാനുസൃതം ഓരോ മുട്ടിലും മണ്‍മിശ്രിതം നിറച്ച് പോളിത്തീന്‍ ബാഗുകള്‍ വച്ചുകൊടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഏകദേശം മൂന്നുമാസംകൊണ്ട് ആദ്യത്തെ 10 മുട്ടുകളില്‍ ദൃഢമായ വേരുപടലം ഉണ്ടാവുകയും ആ സമയത്ത് അവ വേരോടുകൂടി മുറിച്ചെടുത്ത് ബാഗോടുകൂടി തണലില്‍ വയ്ക്കണം. ഇത്തരം ചെടികളില്‍ ഒരാഴ്ചയ്ക്കകം പുതിയ നാമ്പുകള്‍ ഉണ്ടാകുന്നതായി കാണാം. വീണ്ടും രണ്ടു മാസം ആകുന്നതോടെ ഈ തൈകള്‍ തോട്ടങ്ങളില്‍ നടാനായി ഉപയോഗിക്കാം.
മഞ്ഞള്‍ച്ചെടി പുഷ്പിക്കുമോ. പൂവ് പ്രത്യക്ഷത്തില്‍ കാണാനാകുമോ. ഇതിന് വിത്തുണ്ടാകുമോ?
അബൂബക്കര്‍, കുറ്റിക്കോല്‍, തളിപറമ്പ്
അപൂര്‍വമായേ മഞ്ഞള്‍ പുഷ്പിക്കാറുള്ളു. കേരളത്തില്‍ ആഗസ്ത്മുതല്‍ നവംബര്‍വരെയാണ് പുഷ്പിക്കുന്നത്. ഭൂകാണ്ഡത്തില്‍നിന്ന് പുറപ്പെടുന്ന നീണ്ട തണ്ടിലാണ് പൂങ്കുല. അടിഭാഗത്തുള്ള സഹപത്രങ്ങളുടെ കക്ഷത്തില്‍നിന്ന് രണ്ടുപൂക്കള്‍വീതം ഉണ്ടാകും. പൂക്കള്‍ക്ക് ഇളം മഞ്ഞനിറമാണ്. വളരെ അപൂര്‍വമായേ കായും വിത്തും ഉണ്ടാകാറുള്ളു. ഫലം നേര്‍ത്തതും മൂന്നു വാല്‍വുകളോടുകൂടിയതുമായ കാപ്സ്യൂള്‍ ആണ്.










0 comments