ഏറ്റവും കരുത്തുറ്റ റോക്കറ്റ്, കൗണ്ട് ഡൗൺ തീരാൻ 30 സെക്കന്റ്; സ്റ്റാര്‍ഷിപ്പ് 3 വിക്ഷേപണം റദ്ദാക്കി

ടെക്സസ്: സ്‌പേസ് എക്സിന്റെ ഏറ്റവും പുതിയതും കരുത്തുറ്റതുമായ സ്റ്റാർഷിപ്പ് വി3 റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം അവസാന നിമിഷത്തിൽ തടസ്സപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റായി അറിയപ്പെടുന്ന സ്റ്റാർഷിപ്പിന്റെ പന്ത്രണ്ടാം പരീക്ഷണ വിക്ഷേപണമാണ്. കൗണ്ട്ഡൗൺ അവസാനിക്കാൻ വെറും 30 സെക്കൻഡുകൾ ബാക്കിനിൽക്കെ സാങ്കേതിക തകരാറുകളെ തുടർന്നാണ് മുടക്കം.
ടെക്സസിലെ മെക്സിക്കൻ അതിർത്തിയോട് ചേർന്നുള്ള സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരം കുതിച്ചുയരാനിരിക്കെ ആയിരുന്നു അപ്രതീക്ഷിത തിരിച്ചടി. ശതകോടികളുടെ സാമ്പത്തിക ലക്ഷ്യങ്ങളും നാസയുടെ ചാന്ദ്ര ദൗത്യങ്ങളും ഉൾപ്പെടുന്ന വലിയ ശാസ്ത്രവ്യവസായ പദ്ധതികളുടെ ഭാഗമായ പരീക്ഷണമാണ്.
ലോഞ്ച് ടവറിന്റെ കൂറ്റൻ മെക്കാനിക്കൽ കൈകളെ ഉറപ്പിച്ചു നിർത്തുന്ന ഹൈഡ്രോളിക് പിൻ കൃത്യസമയത്ത് പിൻവലിക്കാൻ സാധിക്കാത്തതാണ് കൗണ്ട്ഡൗൺ തടസ്സപ്പെടാൻ പ്രധാന കാരണമെന്ന് സ്‌പേസ് എക്സ് സി ഇ ഒ ഇലോൺ മസ്ക് അറിയിച്ചു. സ്റ്റാർബേസിലെ പുതുതായി നിർമ്മിച്ച രണ്ടാം നമ്പർ വിക്ഷേപണ തറയിലെ ഇന്ധന മർദ്ദ വ്യതിയാനങ്ങളും കൗണ്ട്ഡൗൺ നിർത്തിവെക്കാൻ കാരണമായി.
തകരാറുകൾ പരിഹരിക്കാൻ കഴിഞ്ഞാൽ ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം തന്നെ അടുത്ത വിക്ഷേപണ ശ്രമം നടത്തുമെന്നും മസ്ക് വ്യക്തമാക്കി.

എന്താണ് 'സ്റ്റാർഷിപ്പ് വി3'
മുൻപ് നടന്ന 11 പരീക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമായി പൂർണ്ണമായും നവീകരിച്ച മൂന്നാം തലമുറ (V 3) പതിപ്പാണ് ഇത്തവണ വിക്ഷേപണത്തിന് തയാറായിരുന്നത്. 407 അടി അതായത് 124 മീറ്റർ ഉയരമുള്ള ഭീമൻ റോക്കറ്റ് ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമായ ഒന്നാണ്.
ഒരു മണിക്കൂർ നീളുന്ന ഈ സബ്‌ഓർബിറ്റൽ യാത്രയിൽ 20 ഓളം മോക്ക് സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ ഭ്രമണപഥത്തിൽ വിന്യസിക്കാനും, തുടർന്ന് റോക്കറ്റിന്റെ മുകൾഭാഗം ഇന്ത്യൻ മഹാസമുദ്രത്തിൽ സുരക്ഷിതമായി പതിപ്പിക്കാനുമാണ് ലക്ഷ്യമിട്ടിരുന്നത്. കൂടാതെ, റോക്കറ്റിന്റെ ചൂട് പ്രതിരോധിക്കാനുള്ള ശേഷി പരീക്ഷിക്കുന്നതിനായി പ്രത്യേക പരീക്ഷണങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.
ഐ പി ഒ പ്രഖ്യാപനത്തിന്
തൊട്ടു പിന്നാലെ വെല്ലുവിളി
സ്‌പേസ് എക്സ് തങ്ങളുടെ ആദ്യ ഓഹരി വില്പനയ്ക്ക് (IPO) ഒരുങ്ങുകയാണെന്ന് ഇന്നലെ ഇലോൺ മസ്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടു പിറ്റേന്നാണ് വിക്ഷേപണ ശ്രമം നടന്നത്. ഏകദേശം 1.5 മുതൽ 1.75 ട്രില്യൺ ഡോളർ വരെ വിപണി മൂല്യം ലക്ഷ്യമിട്ടാണ് കമ്പനി പൊതുവിപണിയിലേക്ക് ഇറങ്ങുന്നത്. ഭാവിയിലെ ബഹിരാകാശ അധിഷ്ഠിത AI ഡാറ്റാ സെന്ററുകൾക്കും സാറ്റലൈറ്റ് വിപണനത്തിനും സ്റ്റാർഷിപ്പിന്റെ വിജയം നിര്‍ണ്ണായകമാണ്.

മനുഷ്യരെ ചന്ദ്രനിൽ എത്തിക്കേണ്ട ദൗത്യം
നാസയുടെ സ്വപ്ന പദ്ധതിയായ 'ആർട്ടെമിസ്' ദൗത്യത്തിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ആശ്രയിക്കുന്നത് സ്റ്റാർഷിപ്പിന്റെ ഈ നവീകരിച്ച പതിപ്പിനെയാണ്. ഒരു ചെറിയ പരാജയം പോലും വലിയ സാമ്പത്തിക നഷ്ടത്തിനും പദ്ധതികളുടെ താമസ്സത്തിനും കാരണമാകും. മനുഷ്യ ദുരന്തത്തെ കുറിച്ചുള്ള ആശങ്കകളും ഉയര്‍ത്തപ്പെടും.











0 comments