എന്ത് ഭംഗിയാല്ലേ നമ്മുടെ ഭൂമി കാണാൻ... 50 വർഷത്തിന് ശേഷം വീണ്ടുമൊരു ചിത്രം

വാഷിങ്ടൺ: "എടാ കുട്ടാ... നിന്നെ ക്യാമറയിൽ കിട്ടി!" എന്ന് ഭൂമിയിലെ നമ്മളോടായി ആർട്ടെമിസ് സഞ്ചാരികൾ വിളിച്ചു പറയുന്നതുപോലെ തോന്നിപ്പിക്കും നാസ ഇപ്പോൾ പുറത്തുവിട്ട ഈ ചിത്രങ്ങൾ കണ്ടാൽ. നീണ്ട അമ്പതിലേറെ വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ ചന്ദ്രനെ ലക്ഷ്യമാക്കി വീണ്ടും യാത്രയാകുമ്പോൾ, തിരിഞ്ഞു നോക്കി എടുത്ത ഭൂമിയുടെ അതിമനോഹരമായ ദൃശ്യങ്ങൾ ഇതിനകം ലോകത്തിന്റെ മനം കവർന്നു കഴിഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെ ഭൂമിയിൽ നിന്ന് ഏകദേശം 1,80,000 കിലോമീറ്റർ ദൂരം പിന്നിട്ടു കഴിഞ്ഞു ആർട്ടെമിസ് II പേടകം. ഇപ്പോഴും ചന്ദ്രനിലേക്ക് ഏകദേശം 2,40,000 കിലോമീറ്റർ ദൂരമുണ്ട്. വരും തിങ്കളാഴ്ചയോടെ സംഘം ചന്ദ്രന്റെ ഏറ്റവും അടുത്തുകൂടി പറക്കും. കമാൻഡർ റീഡ് വൈസ്മാൻ പകർത്തിയ ഹൈ-റെസലൂഷൻ ചിത്രങ്ങളാണ് ഇപ്പോൾ നാസ പുറത്തുവിട്ടത്.
പൂർണ്ണവൃത്തത്തിൽ തിളങ്ങുന്ന നീലഗ്രഹമാണ് ചിത്രത്തിലുള്ളത്. വെള്ള മേഘങ്ങളും നീല സമുദ്രങ്ങളും കോർത്തിണക്കിയ അതിശയിപ്പിക്കുന്ന ദൃശ്യമെന്ന് ലോകം പറയുന്നു. ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന അത്ഭുതപ്രതിഭാസമായ അറോറ (Aurora) അഥവാ നോർത്തേൺ ലൈറ്റ്സിന്റെ പച്ച വെളിച്ചം ഈ ചിത്രങ്ങളിൽ വളരെ വ്യക്തമായി കാണാം.
മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയനും ഉൾപ്പെട്ട നാലംഗ സംഘമാണ് ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള യാത്ര നടത്തുന്നത്. വരാനിരിക്കുന്ന വലിയ ബഹിരാകാശ ദൗത്യങ്ങൾക്ക് മുന്നോടിയായുള്ള ഒരു 'പരീക്ഷണപ്പറക്കൽ' ആണിത്.
"വടക്കൻ വിളക്കുകൾ നിറഞ്ഞ ഭൂമിയുടെ ഈ കാഴ്ചയോളം മനോഹരമായ മറ്റൊന്നില്ല" എന്നാണ് കമാൻഡർ റീഡ് വൈസ്മാൻ തന്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. നിലവിൽ ദൗത്യം വളരെ വിജയകരമായാണ് മുന്നോട്ട് പോകുന്നത്.









0 comments