ഏത് ബ്ലഡ് ഗ്രൂപ്പിനും യോജിക്കുന്ന 'യൂണിവേഴ്സൽ കിഡ്നി'; കൃത്രിമ വൃക്ക വികസിപ്പിച്ച് ശാസ്ത്രജ്ഞർ

ന്യൂഡൽഹി: ഏത് ബ്ലഡ് ഗ്രൂപ്പിനും യോജിക്കുന്ന 'യൂണിവേഴ്സൽ കിഡ്നി' എന്ന കൃത്രിമ വൃക്ക വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിൽ വികസിപ്പിച്ചെടുത്ത പ്രത്യേക എൻസൈമുകൾ ഉപയോഗിച്ച് എ രക്തഗ്രൂപ്പിൽപ്പെട്ട മനുഷ്യന്റെ വൃക്കയെ യൂണിവേഴ്സൽ രക്തഗ്രൂപ്പായ ഒ ആക്കി മാറ്റി വിജയകരമായി മാറ്റിവെച്ച് ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ഗവേഷകർ.
അവയവ ദാനത്തിലെ പ്രധാന തടസ്സങ്ങളിലൊന്നായ രക്തഗ്രൂപ്പ് അനുയോജ്യത എന്ന പ്രശ്നം പരിഹരിച്ചുകൊണ്ടുള്ള അവയവമാറ്റ ശസ്ത്രക്രിയ ശാസ്ത്രലോകത്തെ ഒരു വിപ്ലവത്തിന് വഴിതെളിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. യുബിസി കെമിസ്റ്റ് ഡോ. സ്റ്റീഫൻ വിതേഴ്സും സഹപ്രവർത്തകരും 2019-ൽ കണ്ടെത്തിയ രണ്ട് എൻസൈമുകളാണ് ഈ കണ്ടുപിടിത്തത്തിന്റെ കേന്ദ്രം.
ഈ എൻസൈമുകൾ രക്തഗ്രൂപ്പ് എ-യെ നിർവചിക്കുന്ന പഞ്ചസാര തന്മാത്രകളെ നീക്കം ചെയ്യുകയും വൃക്കയുടെ ഉപരിതലത്തെ 'ടൈപ്പ് ഒ' ആക്കി മാറ്റുകയും ചെയ്യുന്നു. ഇതുവഴി, ഏത് രക്തഗ്രൂപ്പിലുള്ള സ്വീകർത്താവിന്റെ പ്രതിരോധ സംവിധാനത്തിനും ഈ അവയവം യുണിവേഴ്സലായി യോജിക്കുന്ന ഒന്നായി മാറുന്നു. ലോകമെമ്പാടുമുള്ള വൃക്ക രോഗികളിൽ പകുതിയിലധികം പേരും ഒ രക്തഗ്രൂപ്പുകാരാണ്.
ഇവർക്ക് ഒ രക്തഗ്രൂപ്പിൽപ്പെട്ട അവയവങ്ങൾ മാത്രമേ സ്വീകരിക്കാൻ കഴിയൂ. ഈ യൂണിവേഴ്സൽ കിഡ്‌നി സാങ്കേതികവിദ്യ അവയവ ദാതാക്കളുടെ കുറവിന് ഒരു പരിഹാരമാവുകയും പെട്ടെന്ന് തന്നെ ശസ്ത്രക്രിയ നടത്താൻ സഹായിക്കുകയും ചെയ്യും. ഇത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വൃക്ക രോഗികളുടെ രോഗശമനത്തിന് കാരണമാകുമെന്നും ഗവേഷകർ വിലയിരുത്തുന്നു.











0 comments