പഞ്ചവാദ്യം എന്നാൽ പെരിങ്ങോട്

എച്ച്എസ്എസ് വിഭാഗം മദ്ദളത്തിൽ എ ഗ്രേഡ് നേടിയ പാലക്കാട് പെരിങ്ങോട് എച്ച്എസ്എസിലെ ബി മഹാലക്ഷ്മിയും സംഘവും
പഞ്ചവാദ്യത്തിൽ പകരംവയ്‌ക്കാനില്ലാത്ത പേരാണ് പാലക്കാട് പെരിങ്ങോട് എച്ച്‌എസ്‌എസ്. വിദ്യാർഥികളെ പഞ്ചവാദ്യം പഠിപ്പിക്കാൻ സ്‌കൂളിന് സ്വന്തമായി രജിസ്റ്റർചെയ്ത് പ്രവർത്തിക്കുന്ന സഹകരണസംഘം തന്നെയുണ്ട്. ഇപ്പോൾ നാൽപ്പതോളം വിദ്യാർഥികളുടെ പഠനകേന്ദ്രമാണത്. ചെണ്ട, മദ്ദളം, ഇടയ്ക്ക, തകിൽ, കൊമ്പ്, കുഴൽ, ചേങ്ങില തുടങ്ങിയ സംഗീതോപകരണങ്ങൾ പഠിപ്പിക്കുന്നത് പൂർവവിദ്യാർഥികളും.
എച്ച്‌എസ്‌എസ് വിഭാഗം മദ്ദളത്തിൽ മത്സരിക്കാനെത്തിയ പെരിങ്ങോട് എച്ച്എസ്എസിലെ ബി മഹാലക്ഷ്‌മിയും ഒപ്പം താളം പിടിക്കാനെത്തിയ മൂന്നുപേരും പെരിങ്ങോട് എച്ച്‌എസ്‌എസ് പഞ്ചവാദ്യ സംഘത്തിന്റെ അഭിമാന താരങ്ങളാണ്. സംഘത്തിന് സ്വന്തമായി വാദ്യോപകരണങ്ങൾ ഉള്ളതിനാൽ അതും കൂടുതൽ ഗുണംചെയ്തു. ക്ലാസിന് ശേഷം വൈകുന്നേരങ്ങളിലാണ് പരിശീലനം.
മദ്ദള വിദ്വാൻ സദനം ഭരതരാജന്റെ മകളാണ് മഹാലക്ഷ്‌മി. അച്ഛന്റെ ശിക്ഷണത്തിനൊപ്പം പഠനസംഘത്തിന്റെ പിന്തുണ കൂടിയായതോടെ ഇത്തവണ എ ഗ്രേഡ് സ്വന്തമായി. പഞ്ചവാദ്യസംഘത്തിലെ വിദ്യാർഥികളും മഹാലക്ഷ്‌മിയുടെ സഹപാഠികളുമായ ഗോകുൽ എം നായർ, അക്ഷയ് കൃഷ്‌ണ, എം നിവേദ് എന്നിവർ മഹാലക്ഷ്‌മിയ്ക്കായി ചെണ്ട, ചേങ്ങില എന്നിവ കൊട്ടി. മദ്ദളത്തിനൊപ്പം പഞ്ചവാദ്യത്തിനും സ്കൂൾ എ ഗ്രേഡ് സ്വന്തമാക്കി.










0 comments