റമദാനിൽ സൗദിയിലെ പ്രധാന നഗരങ്ങളിൽ ട്രക്ക് പ്രവേശന സമയങ്ങളിൽ മാറ്റം വരുത്തി ഗതാഗത വകുപ്പ്

ജിദ്ദ: റമദാനിൽ സൗദിയിലെ പ്രധാന നഗരങ്ങളിൽ ട്രക്ക് പ്രവേശന സമയങ്ങളിൽ മാറ്റം വരുത്തി ഗതാഗത വകുപ്പ്. റമദാൻ മാസത്തിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലും ഗവർണറേറ്റുകളിലും ട്രക്ക് പ്രവേശന സമയങ്ങളിൽ മാറ്റം വരുത്തിയതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് (GDT) അറിയിച്ചു. റിയാദിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ പുലർച്ചെ 1 മണി വരെയാണ് ട്രക്കുകൾക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്.
സർവീസ് ട്രക്കുകൾക്ക് രാവിലെ ഏട്ടു മണി മുതൽ പതിനൊന്നു മണി വരെയും ഉച്ചകഴിഞ്ഞ് മൂന്നു മണി മുതൽ വൈകുന്നേരം ആറ് മണി വരെയും അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ 1 മണി മുതൽ രാവിലെ 8 മണി വരെ എല്ലാ ട്രക്കുകൾക്കും പ്രവേശനം അനുവദിക്കും. വെള്ളി, ശനി ദിവസങ്ങളിൽ സർവീസ് ട്രക്കുകൾ ഒഴികെയുള്ള എല്ലാ ട്രക്കുകൾക്കും ഉച്ചകഴിഞ്ഞ് 3 മുതൽ പുലർച്ചെ 2 മണി വരെ പ്രവേശനം നിരോധിച്ചിരിക്കുന്നു.
സർവീസ് ട്രക്കുകൾക്ക് ഉച്ചകഴിഞ്ഞ് മൂന്നു മണി മുതൽ രാത്രി പത്ത് മണി വരെ പ്രത്യേക നിയന്ത്രണങ്ങളുണ്ട്. ജിദ്ദയിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകുന്നേരം 7 മണി വരെയും രാത്രി 9 മുതൽ പുലർച്ചെ 1 മണി വരെയും ട്രക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു. വ്യാഴാഴ്ചകളിൽ ഇത് പുലർച്ചെ മൂന്നു മണി വരെ നീളും. വാരാന്ത്യ നിയന്ത്രണങ്ങൾ വൈകുന്നേരം നാല് മണി മുതൽ വൈകുന്നേരം ഏഴു മണി വരെയും രാത്രി ഒൻപതു മണി മുതൽ പുലർച്ചെ മൂന്നു മണി വരെയുമാണ്. ശനിയാഴ്ചകളിൽ നിരോധനം പുലർച്ചെ ഒരു മണിക്ക് അവസാനിക്കും.
വെള്ളം ടാങ്കറുകൾക്കും ശുചീകരണ വാഹനങ്ങൾക്കും ഇളവ് നൽകിയിട്ടുണ്ട്. ദമ്മാം, ദഹ്റാൻ, അൽ ഖോബാർ എന്നിവിടങ്ങളിൽ മൂന്ന് സമയങ്ങളിലായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്: രാവിലെ 9 മണി മുതൽ 11 മണി വരെ, ഉച്ചകഴിഞ്ഞ് 3 മണി മുതൽ വൈകുന്നേരം 6 മണി വരെ, രാത്രി 9 മണി മുതൽ 12 മണി വരെ. റമദാനിൽ റോഡുകളിലെ ഗതാഗത സുഗമമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികൾ എടുത്തിട്ടുള്ളത്.










0 comments