'സമീക്ഷ' രണ്ടാം നേതൃത്വ പരിശീലന ക്യാമ്പ്
പ്രവാസ ലോകത്തെ പുരോഗമന കലാ സാംസ്‌കാരിക സംഘടനകൾ ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം: എം സ്വരാജ്

ക്യാമ്പിന്‍റെ പോസ്റ്റര്‍ (ഇടത്) എം സ്വരാജ് (വലത്)
കോവൻട്രി(യു കെ): പ്രവാസ ലോകത്തെ പുരോഗമന കലാ സാംസ്‌കാരിക സംഘടനകൾ ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. യുകെയിലെ പ്രമുഖ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ രണ്ടാമത് നേതൃത്വ പരിശീലന ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലതുപക്ഷ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും, ആദർശശുദ്ധിയുള്ള നേതാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരാനും പ്രവർത്തകർ ജാഗ്രത കാട്ടണം. വരുംകാലങ്ങളിൽ കൂടുതൽ പ്രവർത്തകരെ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് സംഘടനയെ കരുത്തുറ്റതാക്കണമെന്നും സ്വരാജ് പറഞ്ഞു.
കോവൻട്രിയിലെ സെയിന്റ് ഓസ്ബർഗ് കാത്തലിക് ഹാളിൽ വെച്ചായിരുന്നു ക്യാമ്പ്. 15 യൂണിറ്റുകളിൽ നിന്നായി 70 ഓളം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. മുതിർന്ന മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് ‘കേരള രാഷ്ട്രീയം ഇന്നലെയും ഇന്നും’ എന്ന വിഷയത്തിൽ പ്രഭാഷണം അവതരിപ്പിച്ചു. ‘പ്രോപഗണ്ട കാലത്ത് ആഗോള മലയാളികൾ എന്ന പ്രതീക്ഷ’ എന്ന വിഷയത്തിൽ സംസാരിച്ച ഡോ. പ്രേംകുമാർ നവമാധ്യമങ്ങളെ സമീക്ഷ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നും വിശദീകരിച്ചു. ഡോ. വി പി പി മുസ്തഫ സംഘടനകളിൽ സ്ത്രീകൾക്ക് നൽകേണ്ട പ്രാതിനിധ്യത്തെക്കുറിച്ചും സംസാരിച്ചു.
പ്രസിഡന്റ് രാജി ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നാഷണൽ സെക്രട്ടറി ജിജു സൈമൺ സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. നിലവിലുള്ള 11 അംഗങ്ങൾക്ക് പുറമെ വിനോദ് പണിക്കർ, മോൻസി തൈക്കൂടൻ, ശ്രീജിത്ത് ജി, ധനേഷ് അമ്പലവയൽ, ജയൻ മലയിൽ, ഷാജു സി ബേബി, വിഷ്ണുദാസ്, യാസർ സിദ്ദീഖ്, ജോർജ് ജോസഫ്, പ്രിൻസ് എം ജോർജ് എന്നിവരെ നാഷ്ണൽ കമ്മറ്റിയിൽ ഉൾപ്പെടുത്തി. വൈസ് പ്രസിഡന്റ് പ്രവീൺ രാമചന്ദ്രൻ നന്ദി പറഞ്ഞു.










0 comments