ad
Deshabhimani

റംസാൻ മാസത്തിലെ പരിശീലന പരിപാടികൾ; യുവാക്കൾക്കായി തയ്യാറെടുത്ത്‌ ഒമാനി യൂത്ത് സെന്റർ

omani
വെബ് ഡെസ്ക്

Published on Feb 26, 2026, 12:32 PM | 2 min read

മസ്‌കത്ത്‌: റംസാൻ മാസത്തിൽ നടത്താറുള്ള പരിശീലന പരിപാടികളുടെ ഈ വർഷത്തെ സമഗ്ര പാക്കേജ് ഉടൻ ആരംഭിക്കുമെന്ന് ഒമാനി യൂത്ത് സെന്റർ. 15നും 34നും ഇടയിൽ പ്രായപരിധിയിലുള്ളവരെ ലക്ഷ്യമിട്ട് മസ്‌കത്ത്‌ ഗ്രാൻഡ് മാളിലെ യൂത്ത് സെന്റർ പരിസരത്താണ് പരിപാടികൾ സംഘടിപ്പിക്കുക. യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കാനും വിവിധ മേഖലകളിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും പര്യാപ്തമായ രീതിയിലാണ് ഇത് ക്രമീകരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.


പ്രൊഫഷണൽ നൈപുണി വികസനം, സാങ്കേതികവിദ്യയിലധിഷ്ഠിതമായ കണ്ടുപിടിത്തങ്ങൾ, സാംസ്‌കാരിക സ്വത്വം വിളംബരം ചെയ്യുന്ന പ്രവർത്തനങ്ങൾ, സാമൂഹിക ഉത്തരവാദിത്വവികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് പരിപാടികൾ ആസൂത്രണം ചെയ്യുക. വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ ഭാവി തലമുറയെ സജ്ജമാക്കാനുതകുന്ന വൈവിധ്യമാർന്ന പരിപാടികളിലൂടെ ആയിരത്തിലധികം യുവതീയുവാക്കളിലേക്ക് എത്തിച്ചേരുകയാണ് പാക്കേജിന്റെ ലക്ഷ്യമെന്നും അവർ വിശദീകരിച്ചു.
പ്രോഗ്രാമുകൾ നേരിട്ടും വെർച്വൽ സാങ്കേതിക ഉപയോഗപ്പെടുത്തിയുമുണ്ടാകും. ‘അദാൻ' വേളയിൽ ഉപയോഗിക്കുന്ന വോക്കൽ മോഡുകളെക്കുറിച്ചുള്ള പ്രോഗ്രാം ഇതിന്റെ ഭാഗമായുണ്ട്. അറബിക് കലിഗ്രാഫി പരിചയപ്പെടുത്തുന്ന പ്രോഗ്രാമും ഉൾപ്പെടുത്തിയിട്ടുണ്ട്.


കായികമത്സരങ്ങളുടെ വിശകലനം, മത്സരങ്ങൾക്കിടയിൽ കമന്ററി നിർമിക്കൽ എന്നിവയുൾപ്പെടെ കമന്ററിയുടെ അടിസ്ഥാനകാര്യങ്ങളിൽ അവബോധം പകരുക എന്ന ലക്ഷ്യത്തോടെയുള്ള ‘ട്രൈ ദ സ്‌കിൽസ് ഓഫ് സ്പോർട്സ് കമന്ററി' എന്ന പ്രോഗ്രാമും പരിപാടിയുടെ ഭാഗമായുണ്ട്. ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും യുവാക്കൾക്കിടയിൽ ടീം വർക്ക്, സ്‌പോർട്‌സ്‌മാൻഷിപ് എന്നിവ വളർത്താനുമായി രൂപകൽപ്പന ചെയ്ത സിക്സ് -എ- സൈഡ് ഫുട്ബോൾ മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
ആധുനിക സാങ്കേതികവിദ്യയുമായി ബന്ധപ്പെടുത്തി വാസ്തുവിദ്യാ രൂപകൽപ്പനയുടെ തത്വങ്ങൾ പരിചയപ്പെടുത്തുന്ന ‘ത്രീഡി കോൺക്രീറ്റ് പ്രിന്റിങ്‌’ പ്രോഗ്രാം, നിർമിത ബുദ്ധി സാങ്കേതികവിദ്യകളുടെ ഉപയോഗത്തെക്കുറിച്ച് കാഴ്ചവൈകല്യമുള്ളവർക്കായുള്ള പ്രത്യേക പ്രോഗ്രാം തുടങ്ങിയവ പുതുമയുള്ളവയായിരിക്കും. നാവിഗേഷൻ, ടെക്‌സ്‌റ്റ്‌ റീഡിങ്‌, സ്‌മാർട്ട് ഉപകരണങ്ങളുമായുള്ള ഇടപെടൽ എന്നിവ സുഗമമാക്കുന്ന ഉപകരണങ്ങളും ആപ്ലിക്കേഷനുകളും പ്രദർശിപ്പിക്കുന്നതിലാണ് പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌.


മെറ്റ പ്ലാറ്റ്‌ഫോമുകളിൽ പരസ്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്‌ യുവാക്കൾക്ക് പകർന്നു നൽകാനായി ‘ഡിജിറ്റൽ അഡ്വടൈസിങ്‌ ക്യാമ്പയിൻ മാനേജ്മെന്റ്' എന്ന പ്രോഗ്രാമും നടത്തുന്നുണ്ട്. സ്വയം പഠനവും പ്രൊഫഷണൽ വികസന കഴിവുകളും വർധിപ്പിക്കാനായി ലിങ്ക്ഡ് ഇൻ വഴി വെർച്വൽ യൂത്ത് അക്കാദമി പ്രോഗ്രാം, ഡാറ്റ വിശകലന കഴിവുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡാറ്റ അനാലിസിസ് യൂസിങ്‌ പവർ ബിഐ തുടങ്ങിയ വെർച്വൽ പ്രോഗ്രാമുകളും പാക്കേജിന്റെ ഭാഗമായുണ്ടാകും. ‘റംസാൻ യൂത്ത് ഗാതറിങ്‌', നോമ്പ് തുറ, വിനോദ, കായിക പ്രവർത്തനങ്ങളിലെ വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങ് തുടങ്ങി നിരവധി പരിപാടികളും ഇതോടൊപ്പം നടക്കുമെന്നും സംഘാടകർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home