ഒമാനിൽ പ്ലാസ്റ്റിക് ബാഗ് നിരോധനത്തിന്റെ മൂന്നാംഘട്ടം ജൂലൈ മുതൽ

മസ്‌കത്ത്: ഒമാനിൽ രാജ്യവ്യാപകമായി പ്ലാസ്റ്റിക് നിരോധനത്തിന്റെ മൂന്നാം ഘട്ടം ജൂലൈ 1 മുതൽ നടപ്പിലാക്കും. നിരോധനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി അതോറിറ്റി ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി. നിരവധി ബോധവൽക്കരണ കാമ്പയിനുകളും നടപ്പിലാക്കിവരികയാണ്. പുതിയ നടപടികളെക്കുറിച്ച് പൊതുജനങ്ങളിലും വ്യാപാരികളിലും അവബോധം വളർത്തുക എന്നതാണ് ഈ കാമ്പയിനുകളുടെ ലക്ഷ്യം.
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ബാഗ് സമുദ്രജീവികളിലും പരിസ്ഥിതിയിലും പതിറ്റാണ്ടുകളായി ആഴത്തിലുള്ള സ്വാധീനം ചെലുത്തും. സുസ്ഥിര ബദലുകൾ ഉപയോഗിക്കാനുള്ള തീരുമാനം വലിയ മാറ്റമുണ്ടാക്കുമെന്ന് പരിസ്ഥിതി അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ചട്ടങ്ങൾ ലംഘിക്കപ്പെട്ടാൽ, 50 മുതൽ 1000 റിയാൽ വരെ പിഴ ഈടാക്കും, ലംഘനങ്ങൾ ആവർത്തിച്ചാൽ ഇത് ഇരട്ടിയാകും. ഭക്ഷ്യശാലകൾ, പഴം, പച്ചക്കറി കടകൾ, ബേക്കറികൾ, മിഠായി കടകൾ, സമ്മാന കടകൾ എന്നിവയുൾപ്പെടെയുള്ള പുതിയ വാണിജ്യ പ്രവർത്തനങ്ങളിലേക്ക് മൂന്നാംഘട്ടം വ്യാപിക്കും.
2024 ജൂലൈ 1 മുതൽ ആണ് നിരോധനത്തിന്റെ ഒന്നാം ഘട്ടം ആരംഭിച്ചത്. ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിൽ നിരോധനം ബാധകമാക്കി. പിന്നീട് 2025 ജനുവരിയിൽ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടു. വസ്ത്രങ്ങൾ, തയ്യൽ, കണ്ണടകൾ, മൊബൈൽ ഫോൺ, വാച്ച്, ഫർണിച്ചർ ഔട്ട്ലെറ്റുകൾ എന്നിവയിലേക്ക് ഇത് വ്യാപിപ്പിച്ചു.









0 comments