Deshabhimani

ലാന റീജണൽ കൺവെൻഷൻ സമാപിച്ചു

lana convention
വെബ് ഡെസ്ക്

Published on Sep 30, 2026, 01:46 PM | 2 min read

വാഷിങ്ങ്ടൺ ഡിസി : വാഷിങ്ങ്ടൺ ഡിസി ഏരിയയിൽ നടന്ന ലാന ത്രിദിന റീജണൽ കൺവെൻഷൻ സമാപിച്ചു. വെർജീനിയയിലെ ലീസ്ബർഗ് കാരഡോക് ഹാൾ ഹോട്ടലിൽ സെപ്തംബർ 25 മുതൽ 27 വരെയായിരുന്നു സമ്മേളനം. അന്തരിച്ച, ലാനയുടെ ആദ്യകാല ഭാരവാഹികളിലൊരാളും സാഹിത്യകാരനുമായ ജോർജ് മണ്ണിക്കരോട്ടിനോടുള്ള ആദരസൂചകമായി 'ജോർജ് മണ്ണിക്കരോട്ട് നഗർ' എന്ന് സമ്മേളനവേദിക്ക് പേരിട്ടിരിക്കുന്നു.

എഴുത്തുകാരായ സക്കറിയ, വി ജെ ജെയിംസ്, ഡോ. അനിത നഹാൽ എന്നിവരാണ് നേതൃത്വം നൽകിയത്.


എഴുത്തുകാരായ ജോർജ് മണിക്കരോട്ടിനെയും പി ടി പൗലോസിനെയും അനുസ്മരിച്ചു. വെള്ളി വൈകിട്ട് 5ന് സക്കറിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു. വി ജെ ജെയിംസ് 'നിരീശ്വരതയിലെ ആത്മീയത' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ലാനാ ഭാരവാഹികളും മുൻ പ്രസിഡന്റുമാരും സംസാരിച്ചു. ദേവകി പുല്ലാഞ്ഞോടൻ കവിത ആലപിച്ചു. 'വായനക്കാരൻ മാറുമ്പോൾ കവിതയും മാറുന്നുണ്ടോ' എന്ന വിഷയത്തിൽ നടന്ന കവിതാ പാനൽ ചർച്ചയിൽ ജയൻ കെ സി, സന്തോഷ് പാലാ, തെരേസ ടോം, രാജു തോമസ്, ഉഷാ നായർ, ഉമാ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.


കവി ജി ശങ്കരക്കുറുപ്പിന്റെ കവിത വിശ്വദർശനം ആലപിച്ചുകൊണ്ട് കവിതാസായഹനം അരങ്ങേറി. കാവ്യനിശയിൽ ലാനയിലെ അംഗങ്ങൾ തങ്ങളുടെ കവിതകൾ ചൊല്ലി. ശനി രാവിലെ 9 ന് ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിച്ച് മീനു എലിസബത്തും, പി ടി പൗലോസിനെ അനുസ്മരിച്ച് രാജു തോമസും സംസാരിച്ചു.


തുടർന്നു നടന്ന ചെറുകഥാ സെഷനിൽ സക്കറിയ ആമുഖ പ്രഭാഷണം നടത്തി. ലാനയിലെ അംഗങ്ങളുടെ കഥകൾ വി ജെ ജെയിംസ് വിലയിരുത്തി. പാനൽ ചർച്ചയിൽ 'കുടിയേറ്റ ഭൂമിയിലെ കഥകളുടെ പരിണാമം' എന്ന വിഷയത്തിൽ അനിലൻ ശ്രീനിവാസൻ, ഫിലിപ്പ് തോമസ്, കെ. വി. പ്രവീൺ, റഫീഖ് തറയിൽ, രാജേഷ് തെക്കൻമാർ, ഷാജു ജോൺ, ദിവ്യ മേനോൻ എന്നിവർ സംസാരിച്ചു.


തുടർന്ന് 'മലയാള നോവൽ കേരളത്തിനപ്പുറം' എന്ന വിഷയം ഷീല എം പി, മനോഹർ തോമസ്, ജോൺ ഇളമത, സാംസി കൊടുമൺ, ബാജി ഓടംവേലി, അബ്‌ദുൾ പുന്നയൂർക്കുളം, അശോക് കുമാർ, അഭിനാഷ് തുണ്ടുമണ്ണിൽ എന്നിവർ സംസാരിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ ഡോ. അനിത നഹാൽ നയിച്ച ഇംഗ്ലീഷ് സെഷനിൽ 25 കുട്ടികൾ പെങ്കെടുത്തു.


ഹാസ്യസാഹിത്യ ചർച്ചയ്ക്കും ചിരിയരങ്ങിനും രാജു മൈലപ്ര, ജയന്ത് കാമിച്ചേരിൽ, ജോൺ ഇളമത, സന്തോഷ് പിള്ള എന്നിവർ നേതൃത്വം നൽകി

പുതിയ നാല് മലയാളം പുസ്തകങ്ങളുടെയും മൂന്ന് ഇം​ഗ്ലീഷ് പുസ്തകങ്ങളുടെയും പ്രകാശനം സമ്മേളനത്തിൽ നടന്നു. ഈ വർഷം പ്രസിദ്ധീകരിച്ച ലാന അംഗങ്ങളുടെ ആറു പുസ്തകങ്ങൾ സമ്മേളനത്തിൽ പരിചയപ്പെടുത്തി. അമേരിക്കയിലെ മലയാളം എഴുത്തുകാരുടെ പുസ്തകങ്ങളുടെ വിപുലമായ ശേഖരമുള്ള സഞ്ചരിക്കുന്ന ലൈബ്രറിയുടെ പുസ്തക പ്രദർശനവും സമ്മേളന ഹാളിൽ ഉണ്ടായിരുന്നു.


കേരള ലിറ്റററി സൊസൈറ്റിയുടെ മനയിൽ ജേക്കബ് കവിതാ പുരസ്‌കാരം റഹിമാബി മൊയ്തിനും, എബ്രഹാം തെക്കേമുറി കഥാപുരസ്‌കാരം അനിലാൽ ശ്രീനിവാസനും, കെഎൽഎസ് പ്രത്യേകജൂറി കഥാപുരസ്കാരവും ദിവ്യ മേനോനും സമ്മാനിച്ചു. പി സി നായർ, നീന പനയ്‌ക്കൽ, സലിൻ ശങ്കർ എന്നിവരെ സമാപന സമ്മേളനത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഉദ്ഘാടനസമ്മേളനത്തിലും സമാപന സമ്മേളനത്തിലും എഴുത്തുകാരി സിനി പണിക്കർ അവതാരകയായിരുന്നു.


ശനിയാഴ്ച വൈകിട്ട് നടന്ന കലാസന്ധ്യയിൽ അപർണ പണിക്കർ ലളിതഗാനം ആലപിച്ചു. ഗീതു നിർമ്മലും സംഘവും നാടകഗാനാവിഷ്കാരം നടത്തി. പ്രവീൺ കുമാർ, സന്തോഷ് തുരുത്തി, വിജിൽ ബോസ് എന്നിവർ ചേർന്ന് 'തീൻ മേശയിലെ ദുരന്തം' എന്ന നാടകം അവതരിപ്പിച്ചു.


27ന് നടന്ന ലാന പൊതുയോഗത്തിൽ സെക്രട്ടറി നിർമ്മല ജോസഫ് ലാനയുടെ വാർഷിക റിപ്പോർട്ടും ട്രഷറർ ഹരിദാസ് തങ്കപ്പൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അടുത്ത വർഷത്തെ ലാന ദ്വൈവാർഷിക സമ്മേളനം ന്യൂയോർക്കിൽ നടത്താൻ തീരുമാനിച്ചു. എഴുത്തുകാരൻ വേണുഗോപാലൻ കൊക്കോടൻ (കൺവെൻഷൻ കമ്മറ്റി ചെയർമാൻ), ഷിനോ കുര്യൻ (കൺവെൻഷൻ കമ്മറ്റി കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള ലാന റീജണൽ കൺവെൻഷൻ കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home