ad
Deshabhimani

കുവൈത്തിൽ ലഹരി കടത്തൽ കേസുകൾ 90 ശതമാനം കുറഞ്ഞു

KUWAITDRUGCONTROL
avatar
കെ ശ്രീജിത്ത്‌

Published on Oct 27, 2025, 06:31 PM | 1 min read

കുവൈത്ത് സിറ്റി: മയക്കുമരുന്ന് വ്യാപാരികൾക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകളുമായി കുവൈത്ത് മുന്നോട്ട്. ലഹരിക്കടത്തും വ്യാപാരവും പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സർക്കാർ പുതിയ നിയമം നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസുഫ് അൽ സഊദ് അൽ സബാഹ് അറിയിച്ചു.


സാമൂഹിക സുരക്ഷയും പൊതുജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിലാണ് ഈ നിയമഭേദഗതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയ കണക്കുകൾ പ്രകാരം, ശക്തമായ സുരക്ഷാ പരിശോധനകളും അതിർത്തി നിയന്ത്രണങ്ങളും ഫലപ്രദമായതോടെ 2025-ൽ ലഹരി കടത്തൽ കേസുകൾ 90 ശതമാനം വരെ കുറഞ്ഞു.


കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പിടിച്ചെടുത്ത ലഹരി മരുന്നുകളുടെ അളവിലും കേസുകളുടെ എണ്ണത്തിലും ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിർത്തികൾ, വിമാനത്താവളങ്ങൾ, കടൽമാർഗങ്ങൾ തുടങ്ങിയിടങ്ങളിൽ പരിശോധനയും നിരീക്ഷണ സംവിധാനവും ശക്തമാക്കിയതോടെയാണ് ഈ പുരോഗതി സാധ്യമായത്.


ലഹരി കടത്തിനെതിരെ പോരാടുന്നതിലും കള്ളക്കടത്ത് ശൃംഖലകളെ തകർക്കുന്നതിലും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ പ്രവർത്തനങ്ങൾക്ക് മന്ത്രി ഷെയ്ഖ് ഫഹദ് അഭിനന്ദനം അറിയിച്ചു. മയക്കുമരുന്ന് നിയന്ത്രണ മേഖലയിൽ കുവൈത്ത് കൈവരിച്ച മുന്നേറ്റത്തെ അറബ് രാജ്യങ്ങൾ അംഗീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ ഉജ്ജ്വല പ്രകടനത്തിന് ആഭ്യന്തര മന്ത്രാലയത്തിന് രണ്ട് അറബ് അവാർഡുകൾ ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.


ലഹരി കുറ്റകൃത്യങ്ങൾ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക സ്ഥിരതയ്ക്കും യുവജനങ്ങളുടെ ഭാവിക്കും ഗുരുതര ഭീഷണിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ നിയമപ്രകാരം, ലഹരി കടത്തലിലോ വ്യാപാരത്തിലോ നേരിട്ട് പങ്കെടുത്തവർക്കും അതിന് സാമ്പത്തികമോ സംഘാടനപരമോ പിന്തുണ നൽകിയവർക്കും വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കും. കൂടാതെ, കുറ്റക്കാരുടെ സ്വത്ത് പിടിച്ചെടുക്കൽ, വിസ റദ്ദാക്കൽ, നാടുകടത്തൽ തുടങ്ങിയ കർശന നടപടികളും നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.


മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ആഭ്യന്തര മന്ത്രാലയത്തിനൊപ്പം ആരോഗ്യ സാമൂഹ്യ വകുപ്പുകളും പ്രവർത്തിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് ഇരകളെ പുനരധിവസിപ്പിക്കുന്നതിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിലും കുവൈത്ത് ഗൾഫ് മേഖലയിലെ മാതൃകാ രാജ്യമായി മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home