കാൻ “ഓണം മഹോത്സവം 2026”

നാഷ്വിൽ: ടെന്നീസിയിലെ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) ഓണം മഹോൽസവം 2026 സംഘടിപ്പിച്ചു. ടെന്നിസ്സി സംസ്ഥാനത്തെ നാഷ്വില്ലിനടുത്തുള്ള മർഫീസ്ബൊറോ പാറ്റേഴ്സൺ പാർക്ക് കമ്മ്യൂണിറ്റി സെന്ററിലായിരുന്നു ഓണാഘോഷങ്ങൾ.
കാൻ വളണ്ടിയർമാർ തയ്യാറാക്കിയ ഇരുപതോളം വിഭവങ്ങൾ വിളമ്പിയ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലിയെ ഘോഷയാത്രയായി വരവേറ്റു. കാനിന്റെ കലാകാരൻമാർ ചെണ്ടമേളം വേദിയിൽ അവതരിപ്പിച്ചു. ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഗായകനും സംഗീതരചയിതാവുമായ ഫ്രാങ്കോ സൈമൺ നിർവ്വഹിച്ചു. മഹാബലിയും, വിശിഷ്ഠാതിഥിയും കാൻ ഭരണ സമിതി ഭാരവാഹികളും ചേർന്ന് നിലവിളക്ക് കൊളുത്തിയാണ് ഔപചാരികമായി പരിപാടികൾ ആരംഭിച്ചത്. കാൻ പ്രസിഡന്റ് ശങ്കർ മന അധ്യക്ഷനായ ഉദ്ഘാടന സമ്മേളനത്തിൽ, വൈസ് പ്രസിഡന്റ് സുശീല സോമരാജൻ സ്വാഗതവും, സെക്രട്ടറി സുജിത് പിള്ള നന്ദിയും പറഞ്ഞു.

കാനിലെ അംഗങ്ങളുടെ രചനകളെ പ്രോത്സാഹിപ്പിക്കാനായി പ്രസിദ്ധീകരിക്കുന്ന കാഞ്ചനത്തിന്റെ ഓണം എഡിഷന്റെ ഔദ്യോഗിക പ്രകാശനവും ഫ്രാങ്കോ നിർവഹിച്ചു. കാൻ ട്രഷററും മാഗസീനിന്റെ ചീഫ് എഡിറ്ററുമായ സുമ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയൽ ബോർഡാണ് കാഞ്ചനം ഓണം എഡിഷൻ തയ്യാറാക്കിയത്. അമേരിക്കയിലെ പെൻസിൽവാനിയയിൽ നടന്ന ഗിന്നസ് ലോകറെക്കോഡിൽ ചേർക്കപ്പെട്ട ചെണ്ടമേളത്തിൽ പങ്കെടുത്ത അനിൽ ഗോപാലകൃഷ്ണൻ, വിജയ് മേനോൻ എന്നീ വാദ്യകലാകരന്മാരെ ഓണത്തിന്റെ ഉദ്ഘാടനചടങ്ങിൽ ആദരിച്ചു.
കാൻ കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച "കേരളീയം കർട്ടൻ റൈസർ" പരിപാടിയും കാണികളുടെ പ്രശംസ പിടിച്ചു പറ്റി. ഫ്രാങ്കോയും നാഷ്വില്ലിലെ മലയാളി ഗായകരും സംഘവും നയിച്ച സംഗീത വിരുന്നും അരങ്ങേറി. അംഗങ്ങളുടെ കൂട്ടായ്മയിൽ തയ്യാറാക്കിയ ഓണ പൂക്കളവും, ഫോട്ടോബൂത്ത്, ഊഞ്ഞാൽ എന്നിവയും ഓണാഘോഷത്തിന്റെ ആകർഷണീയതകളായിരുന്നു.
ഓണസദ്യ ഒരുക്കുന്നതിന് ഫുഡ് കമ്മിറ്റി ചെയർ സിബി രാമചന്ദ്രൻ, കോ-ചെയർ അരുൺ പി ആർ എന്നിവരും, കലാപരിപാടികൾക്ക് ശ്രീഷ അനീഷ്, ആശ പത്യാരി എന്നിവരും നേതൃത്വം നൽകി. കാൻ ഭാരവാഹികളും, മുൻ ഭാരവാഹികളും, കാൻ ഭരണസമിതി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.









0 comments