ജിദ്ദ നവോദയ സഫ ഏരിയ സമ്മേളനം: ഹനീഫ ചോലമുഖത്ത് പ്രസിഡന്റ്, റാസിക് തവനൂർ സെക്രട്ടറി

കൂടുതൽ തവണ രക്തം ദാനം ചെയ്‌തവരെ ജിദ്ദ നവോദയ സഫ ഏരിയ സമ്മേളന വേദിയിൽ ആദരിക്കുന്നു
ജിദ്ദ: ജിദ്ദ നവോദയ സഫ ഏരിയ കമ്മിറ്റിയുടെ പ്രസിഡന്റായി ഹനീഫ ചോലമുഖത്തെയും സെക്രട്ടറിയായി റാസിക് തവനൂറിനെയും സമ്മേളനം തെരഞ്ഞെടുത്തു. സുവിജ സത്യനാണ് പുതിയ ട്രഷറർ. 31 മത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി വി എസ് അച്യുതാനന്ദൻ നഗറിൽ നടന്ന ഏരിയ സമ്മേളനം നവോദയ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കിസ്‌മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു.
ഭൂരിപക്ഷ-, ന്യൂനപക്ഷ വർഗീയതകൾ പടർത്തുന്ന വിഷലിപ്തമായ പ്രസ്‌താവനകൾക്കെതിരെയും കേരളത്തെ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും പ്രവാസി സമൂഹം ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. വലതുപക്ഷ രാഷ്ട്രീയവും മാധ്യമങ്ങളും വർഗീയതയ്ക്ക് നൽകുന്ന പിന്തുണയെ നിശിതമായി വിമർശിച്ചു. ഇത്തരം പ്രവണതകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ നവോദയ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും ആഹ്വാനം ചെയ്‌തു.
22 ലക്ഷത്തോളം കുടുംബങ്ങളെ ബാധിക്കുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസി പെൻഷൻ തുക 5000 രൂപയാക്കുക, പ്രവാസി ഹെൽത്ത് ഇൻഷുറൻസിൽ കുടുംബങ്ങളെ മുഴുവൻ ഉൾപ്പെടുത്തുക, തൊഴിലാളി വിരുദ്ധ ലേബർകോഡുകൾ നടപ്പാക്കുന്നതിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറുക എന്നീ പ്രമേയങ്ങളും സമ്മേളനം ഐക്യകണ്ഠേന അംഗീകരിച്ചു.
ജലീൽ കോങ്ങത്ത്, വഹാബുദ്ധീൻ, ആയിഷ, ഹനീഫ ചോലമുഖത്ത് എന്നിവരടങ്ങിയ പ്രസീഡിയം നടപടികൾ നിയന്ത്രിച്ചു. കേന്ദ്ര ട്രഷറർ സി എം അബ്‌ദുറഹ്‌മാൻ സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി ഫരീദ് ചാവക്കാട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ലാലു വേങ്ങൂർ സാമ്പത്തിക റിപ്പോർട്ടും ഏരിയ കലാവേദി കൺവീനർ ലീന അജി, സ്‌പോർട്സ് കൺവീനർ ഫുളൈയിൽ, ഏരിയ കമ്മിറ്റി അംഗം ഇർഫാൻ എന്നിവർ പ്രമേയങ്ങളും അവതരിപ്പിച്ചു. നവോദയ യുവജനവേദിയുടെ രക്തദാന ഗ്രൂപ്പിലൂടെ കൂടുതൽ തവണ രക്തം ദാനം ചെയ്‌ത ആഷിഖ്, ഷാനവാസ് എന്നിവരെ ആദരിച്ചു. നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര എന്നിവർ ഉപഹാരങ്ങൾ കൈമാറി. സുവിജ സത്യൻ സ്വാഗതവും റാസിക് തവനൂർ നന്ദിയും പറഞ്ഞു.
മറ്റ് ഭാരവാഹികൾ: ജുനൈസ് താഴെക്കോട് (രക്ഷാധികാരി), ബഹാബുദ്ദീൻ, റഫീഖ് (വൈസ് പ്രസിഡന്റ്), അലി, റഷീദ് (ജോയിന്റ് സെക്രട്ടറി). ഇർഫാൻ (ജീവകാരുണ്യം), അനിത് എബ്രഹാം (കുടുംബവേദി), ആയിഷ (വനിത), ഫുളൈയിൽ (യുവജനവേദി), മുസമ്മിൽ (കായികം), ലീന അജി (കല), ഷാനവാസ് (ഐടി), വിഷ്‌ണു (മീഡിയ), അൻസ ജോബി (ആരോഗ്യം).










0 comments