അബുദാബി മലയാളി സമാജം ശ്രീദേവി സ്മാരക യുവജനോത്സവം; അഞ്‌ജലി കലാതിലകം

അബുദാബി : മൂന്ന് ദിവസങ്ങളിലായി നടന്ന അബുദാബി മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ ഓപ്പൺ യൂത്ത് ഫെസ്റ്റിവലിന് സമാപനം. കലാതിലകമായി അഞ്ജലി ബേത്തൂർ തെരഞ്ഞെടുക്കപ്പെട്ടു. മോഹിനിയാട്ടം, ലളിത ഗാനം,സിനിമ ഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും നാടൻപാട്ടിൽ രണ്ടാം സ്ഥാനവും നേടിയാണ് അഞ്ജലി കലാതിലക പട്ടം നേടിയത്.
വിവിധ വിഭാഗം മത്സരങ്ങളിലെ ഗ്രൂപ്പ് ജേതാക്കളായി മയൂഖ മനോജ് (6 - 9 ), പ്രാർഥന നായർ (9 -12), ധനിഷ്ക വിജേഷ് (12 -15) , അഞ്ജലി ബേത്തൂർ (15 - 18) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള ട്രോഫി അബുദാബി ഇന്ത്യൻ സ്കൂൾ മൂറൂരിന് ലഭിച്ചു.
മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന പരിപാടിയിൽ കേരള സോഷ്യൽ സെൻ്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി, ഇന്ത്യൻ ഇസ്‌ലാമിക് സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, സമാജം കോർഡിനേഷൻ ചെയർമാൻ ബി യേശുശീലൻ, മില്ലേനിയം ഹോസ്പ്പിറ്റൽ പ്രതിനിധികളായ ഡോ. ഡാസ്സിൻ ജോസഫ്, ഡോ. അർഷ ആർ നായർ, ടീന രാധാകൃഷ്ണൻ, സമാജം വൈസ് പ്രസിഡന്റ് ടി എം നിസാർ, ആർട്സ് സെക്രട്ടറി ജാസിർ, അസിസ്റ്റൻൻ്റ് ആർട്സ് സെക്രട്ടറി സാജൻ ശ്രീനിവാസൻ, വനിത വിഭാഗം കൺവീനർ ലാലി സാംസൺ, വിധി കർത്താക്കളായ ഷൈജ ബിനീഷ്, വീണ പ്രകാശ് എന്നിവർ പങ്കെടുത്തു.
സമാജം ജനറൽ സെക്രട്ടറി ടി വി സുരേഷ് കുമാർ സ്വാഗതവും ട്രഷറർ യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു. അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെൻ്റർ എന്നിവിടങ്ങളിൽ രാഗം, താളം, പല്ലവി എന്നീ പേരുകളിൽ സജ്ജമാക്കിയ വേദികളിലായി നടന്ന മത്സരങ്ങളിൽ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നായി മുന്നൂറോളം കുട്ടികൾ പങ്കെടുത്തു.
നൃത്തധ്യാപകരായ ഷൈജ ബിനീഷ്, വീണ പ്രകാശ്, സംഗീത സംവിധായകൻ മെജോ ജോസഫ്, മാപ്പിളപ്പാട്ട് ഗായിക മുക്കം സാജിത എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സരങ്ങൾക്ക് സമാജം ഭാരവാഹികളും വനിതാവിഭാഗം പ്രവർത്തകരും വളന്റിയർമാരും നേതൃത്വം നൽകി.










0 comments