വിസ കൈമാറ്റ ഇളവ് 30 വരെ; തൊഴിലുടമകൾ നടപടി വേഗത്തിലാക്കണം

പ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികൾക്ക് നിർദിഷ്ട മേഖലകളിൽനിന്ന് സ്പോൺസർഷിപ് മാറ്റാൻ അനുവദിച്ച താൽക്കാലിക ഇളവ് 30ന് അവസാനിക്കുമെന്ന് കുവൈത്ത്. തൊഴിലുടമകൾ നടപടി വൈകിക്കാതെ പൂർത്തിയാക്കണമെന്ന് കുവൈത്ത് മാനവശേഷി അതോറിറ്റി നിർദേശിച്ചു. തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ പ്രത്യേക ഇളവ് നടപ്പാക്കിയത്.
ചെറുകിട - ഇടത്തരം സംരംഭങ്ങൾ, വ്യവസായം, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ നിയന്ത്രിത മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി മറ്റ് മേഖലകളിലേക്ക് വിസ മാറാനാണ് ഈ അവസരം. എല്ലാ അപേക്ഷകൾക്കും നിലവിലെ തൊഴിലുടമയുടെ അനുമതി നിർബന്ധമാണ്. അപേക്ഷകൾ ‘അഷാൽ കമ്പനീസ്’ ഓൺലൈൻ പോർട്ടൽ വഴിയാണ് സമർപ്പിക്കേണ്ടത്.
തൊഴിൽ വിപണിയിൽ കൂടുതൽ സൗകര്യവും തൊഴിൽ ബന്ധങ്ങളിൽ സ്ഥിരതയും ഉറപ്പാക്കാനാണ് നടപടി. ഇളവ് അവസാനിക്കുംമുമ്പ് അർഹരായ തൊഴിലാളികളുടെ വിസ മാറൽ നടപടികൾ പൂർത്തിയാക്കണമെന്നും അതോറിറ്റി അറിയിച്ചു.











0 comments