മൂന്ന് ഓങ്കോളജി മരുന്ന് ആഭ്യന്തരമായി നിർമിക്കും; അർബുദ പ്രതിരോധത്തിന് കരുത്തേകി യുഎഇ

ദുബായ് : അർബുദ ചികിത്സാരംഗത്ത് നിർണായക മുന്നേറ്റമായി മൂന്ന് ഓങ്കോളജി മരുന്ന് ആഭ്യന്തരമായി നിർമിക്കാൻ യുഎഇ. മുബാദല ബയോയുടെ പുതിയ ഉൽപ്പാദന കേന്ദ്രത്തിലൂടെയാണ് മരുന്നുകളുടെ നിർമാണം നടക്കുക. ഇതോടെ രാജ്യത്തെ മരുന്ന് സുരക്ഷ ശക്തിപ്പെടുകയും രോഗികൾക്ക് ചെലവുകുറഞ്ഞ ചികിത്സാമാർഗങ്ങൾ കൂടുതൽ ലഭ്യമാകുകയും ചെയ്യും.
മുബാദല ബയോയുടെ ഉപസ്ഥാപനമായ ബയോവെഞ്ചർ ഹെൽത്ത്‌കെയറിലെ ആധുനിക കേന്ദ്രത്തിലാണ് ഉൽപ്പാദനം. രക്താർബുദമായ മൈലോമ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലെനലിഡോമൈഡ്, മൾട്ടിപ്പിൾ മൈലോമയ്ക്ക് ഉപയോഗിക്കുന്നതും യുഎഇയിൽ ആദ്യമായി പ്രാദേശികമായി നിർമിക്കുന്നതുമായ പോമലിഡോമൈഡ്, കൂടാതെ പുരോഗമിച്ച ചില അർബുദ രോഗങ്ങൾക്ക് ലക്ഷ്യചികിത്സയായി ഉപയോഗിക്കുന്ന സുനിറ്റിനിബ് എന്നിവയാണ് ഇവിടെ നിർമിക്കുന്നത്. ഓങ്കോളജി, ഹോർമോൺ വിഭാഗങ്ങളിലെ ഉയർന്ന ശേഷിയുള്ള മരുന്നുകൾ കൈകാര്യം ചെയ്യാൻ സജ്ജമായ ഉൽപ്പാദന കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ, നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
രാജ്യത്ത് കൂടുതൽ ശക്തവും പുരോഗമനപരവുമായ ലൈഫ് സയൻസ് വ്യവസായം വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഈ നേട്ടം പിന്തുണ നൽകുന്നതായി മുബാദലയുടെ യുഎഇ ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്ഫോം സിഇഒയും മുബാദല ബയോ ചെയർമാനുമായ ഡോ. ബഖീത് അൽ കതീരി പറഞ്ഞു. അതോടൊപ്പം ആരോഗ്യസംവിധാനങ്ങൾക്കും രോഗികൾക്കും നിർണായക ചികിത്സകൾ കൂടുതൽ ലഭ്യമാക്കുന്നതിലൂടെ ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കും.
പ്രാദേശിക ശേഷികളിൽ നിക്ഷേപിക്കുകയും അനിവാര്യമായ അർബുദ മരുന്നുകൾ പുറത്തിറക്കുകയും ചെയ്യുന്നതിലൂടെ ചികിത്സാമാർഗങ്ങളിലേക്കുള്ള പ്രവേശനം വിപുലപ്പെടുത്താനും സ്ഥിരതയുള്ള ആഭ്യന്തര വിതരണം ഉറപ്പാക്കാനും കഴിയുമെന്ന് മുബാദല ബയോ സിഇഒ ഡോ. ഈസാം മുഹമ്മദ് പറഞ്ഞു. ദേശീയ മരുന്ന് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അനിവാര്യ ചികിത്സകൾക്ക് തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാനുമുള്ള മുബാദല ബയോയുടെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമായാണ് ഈ സംരംഭമെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments