പരീക്ഷണം വിജയകരം; 6 ജി ആരംഭിച്ച് യുഎഇ

ദുബായ്: മിഡിൽ ഈസ്റ്റിലെ ആദ്യമായി നടത്തിയ പരീക്ഷണത്തിന്റെ വിജയത്തിനു പിന്നാലെ 6 ജി സംരംഭം പ്രഖ്യാപിച്ച് യുഎഇ. ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി ചൊവ്വാഴ്ച പുതിയ പദ്ധതിയുടെ തുടക്കം പ്രഖ്യാപിച്ചു. ഇ ആൻഡ് യുഎഇയും ന്യൂയോർക്ക് സർവകലാശാല അബുദാബിയും ചേർന്ന് ഒക്ടോബറിൽ നടത്തിയ പരീക്ഷണത്തിൽ സെക്കൻഡിൽ 145 ഗിഗാബൈറ്റ്‌സ് എന്ന റെക്കോഡ് വേഗത കൈവരിച്ചിരുന്നു. ഇതോടെ 6 ജി ടെറാഹെർട്സ് പൈലറ്റ് ടെസ്റ്റ് മിഡിൽ ഈസ്റ്റിൽ വിജയകരമായി പൂർത്തിയായതായി രേഖപ്പെടുത്തി.
പരീക്ഷണത്തിലൂടെ 6 ജി സാങ്കേതിക വിദ്യ അത്യാധുനിക വേഗതയുള്ള, കുറഞ്ഞ താമസമുള്ള കണക്ഷനുകൾ നൽകാനും ഹോളോഗ്രാഫിക് ടെലിപ്രസൻസ്, എക്സ്റ്റൻഡഡ് റിയാലിറ്റി, ഡിജിറ്റൽ ട്വിൻസ്, ടെറാബിറ്റ് ക്ലാസ് ബാക്ക്ഹോൾ തുടങ്ങിയ ഭാവിയിലെ ആപ്ലിക്കേഷനുകൾ സാക്ഷാൽക്കരിക്കാനും കഴിവുണ്ടെന്ന് വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ഫെഡറൽ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ, ടെലികോം ഓപ്പറേറ്റർമാർ, ഗവേഷണ -വികസനകേന്ദ്രങ്ങൾ, ആഗോള സാങ്കേതിക സ്ഥാപനങ്ങൾ തുടങ്ങിയവർ ടിഡിആർഎയുമായി സഹകരിക്കുമെന്ന് അറിയിച്ചു.










0 comments