ഓൺലൈൻ വാങ്ങലിനും വാറ്റ് റീഫണ്ടുമായി യുഎഇ

ഷാർജ : വിനോദ സഞ്ചാരികൾക്ക് ഓൺലൈൻ വാങ്ങലുകൾക്ക് വാറ്റ് റീഫണ്ടിന് അനുമതി നൽകി യുഎഇ. ഡിജിറ്റൽ സേവനം വർധിപ്പിക്കാനും സന്ദർശകർക്ക് തടസ്സമില്ലാത്ത അനുഭവം നൽകാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഫെഡറൽ ടാക്സ് അതോറിറ്റി കഴിഞ്ഞവർഷം ആരംഭിച്ച റീഫണ്ട് സംരംഭമാണ് ഇപ്പോൾ വിപുലീകരിക്കുന്നത്. രജിസ്റ്റർ ചെയ്ത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽനിന്ന് നേരിട്ട് വാങ്ങുന്ന സാധനങ്ങൾക്ക് മാത്രമേ നേരത്തേ വാറ്റ് റീഫണ്ട് സാധിച്ചിരുന്നുള്ളൂ. ഈ സേവനമാണ് ഓൺലൈൻ വാങ്ങലുകൾക്കും ബാധകമാക്കിയത്.
വിനോദ സഞ്ചാരികൾ രാജ്യത്തെത്തിയതുമുതൽ പുറപ്പെടുന്നതുവരെ അവരെ ട്രാക്ക് ചെയ്യാൻ കഴിയുന്ന സംയോജിത ഇലക്‌ട്രോണിക് സംവിധാനം ഫെഡറൽ ടാക്സ് അതോറിറ്റിക്കുണ്ട്. നിലവിൽ മൂന്ന് ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളുമായി സഹകരിക്കുന്നുണ്ടെന്നും പരിശോധനാ നിയമങ്ങൾ പാലിക്കുന്ന കൂടുതൽ പ്ലാറ്റ്ഫോമുകളുമായി സഹകരിക്കാൻ ഒരുക്കമാണെന്നും അതോറിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി പറഞ്ഞു. ഉദ്യോഗസ്ഥ മേധാവിത്വം ഒഴിവാക്കാനും ഡിജിറ്റൽ പരിവർത്തനം സ്വീകരിക്കുന്നതിനുമുള്ള യുഎഇയുടെ നയത്തിന്റെ ഭാഗമാണ് സംരംഭമെന്നും അദ്ദേഹം വ്യക്തമാക്കി.











0 comments