യുഎഇ പാസ്പോർട്ട് പുതുക്കൽ: കാലാവധി അവസാനിക്കുന്നതിന് ഒരുവർഷംമുമ്പ് അവസരം

ഷാർജ : യുഎഇ പാസ്പോർട്ടുകൾ കാലാവധി അവസാനിക്കുന്നതിന് ഒരുവർഷംമുമ്പ് പുതുക്കുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി തീരുമാനിച്ചു. ചെയർമാൻ അലി മുഹമ്മദ് അൽ ഷംസിയാണ് ഇതുസംബന്ധിച്ച് തീരുമാനം പ്രഖ്യാപിച്ചത്. തിങ്കൾമുതൽ സ്മാർട്ട് സേവന സംവിധാനം വഴി എമിറാത്തികൾക്ക് സൗകര്യം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാല യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ പുതിയ തീരുമാനം വലിയ സൗകര്യമായിരിക്കും. ഡിജിറ്റൽ ഔദ്യോഗിക രേഖകളുടെ ഉപയോഗങ്ങൾ ആവശ്യപ്പെടുന്ന സ്ഥാപനങ്ങളിലെ സേവനങ്ങളും ഇടപാടുകളും ബുദ്ധിമുട്ടില്ലാതെ പൂർത്തിയാക്കാനും തീരുമാനം സഹായകരമാകുമെന്ന് അൽ ഷംസി സ്ഥിരീകരിച്ചു. വിശ്വാസതയുടെ കാര്യത്തിൽ യുഎഇ പാസ്പോർട്ട് ലോക റാങ്കിങ്ങിൽ മുന്നിലാണ്. പാസ്പോർട്ട് അനുവദിക്കൽ, പുതുക്കൽ സംവിധാനം, സേവനങ്ങൾ എന്നിവയിൽ മറ്റു രാജ്യങ്ങൾക്ക് പ്രചോദനാത്മകമായ മാതൃകയാകുന്നതിനും പുതിയ തീരുമാനം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.









0 comments