ശ്രദ്ധേയമായ നേട്ടങ്ങളുയർത്തി യുഎഇ മനുഷ്യാവകാശ ദിനം ആചരിച്ചു

കെ എൽ ഗോപി
Published on Dec 10, 2025, 08:15 PM | 1 min read
ഷാർജ: സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ യുഎഇ കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടി യുഎഇ മനുഷ്യാവകാശ ദിനം ആചരിക്കുന്നു. മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനും, മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും, മാന്യമായ ജീവിത നിലവാരം ഉറപ്പാക്കുന്നതിനും, ഭരണഘടനയ്ക്കും നിയമത്തിനും അനുസൃതമായി വിവിധതരത്തിലുള്ള പദ്ധതികളും പരിപാടികളും വികസന തന്ത്രങ്ങളുമാണ് യുഎഇ കഴിഞ്ഞ കാലങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളത്. നീതി, സഹിഷ്ണുത, തുറന്ന മനസ്സ് എന്നിവയിലധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് ഈ നടപടികൾ കാരണമായി.
യുഎൻ മനുഷ്യാവകാശ കൗൺസിലിൽ മൂന്നുതവണ അംഗമായ യുഎഇ 2028 - 2030 കാലയളവിലേക്കുള്ള സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. തൊഴിൽ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾക്കിടയിൽ ന്യായമായ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും ഉള്ള സംരംഭങ്ങൾ യുഎ,ഇ വിപുലീകരിച്ചിട്ടുണ്ട്. പ്രധാന സംരംഭങ്ങളായ തൊഴിൽ അവകാശ ഇൻഷുറൻസ് പദ്ധതി, തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി, സമ്പാദ്യ പദ്ധതി, വേതന സംരക്ഷണ സംവിധാനം, ആരോഗ്യ ഇൻഷുറൻസ് സംവിധാനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
2024 ന്റെ തുടക്കം മുതൽ തൊഴിൽ ബന്ധങ്ങളെ നിയന്ത്രിക്കുന്ന ഫെഡറൽ നിയമത്തിൽ യുഎഇ ഭേദഗതികൾ നടപ്പിലാക്കിയിട്ടുണ്ട്. വീട്ടുജോലിക്കാരെക്കുറിച്ചുള്ള 2022ലെ ഫെഡറൽ ഡിക്രീ നമ്പർ 9 പോലെയുള്ള നിയമനിർമാണങ്ങളിലൂടെ ഗാർഹിക തൊഴിലാളികൾക്കുള്ള സംരക്ഷണം ശക്തിപ്പെടുത്താൻ യുഎഇ യ്ക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും ജൂൺ 15നും സെപ്റ്റംബർ 15 നും ഇടയിൽ 12.30 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ പുറത്ത് ജോലി ചെയ്യുന്നത് നിരോധിക്കുന്ന ഉച്ചസമയ ജോലി നിരോധനം നടപ്പിലാക്കുന്ന മേഖലയിലെ ആദ്യ രാജ്യമായും യുഎഇ അംഗീകരിക്കപ്പെട്ടു.
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ദേശീയ മുൻഗണനയായി തിരഞ്ഞെടുക്കുകയും ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, വികസനം എന്നിവ ഉൾപ്പെടെ കുടുംബ ക്ഷേമത്തിന്റെ എല്ലാ വശങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് നയങ്ങൾ രൂപീകരിക്കുന്നതിനും യുഎഇയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കുടുംബങ്ങളേയും, വ്യക്തികളേയും ആക്രമത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള പരിപാടികളും, സംരംഭങ്ങളും നടപ്പിലാക്കുന്നതിനും സാമൂഹിക മാനസിക വിദ്യാഭ്യാസ ആരോഗ്യ അവകാശങ്ങൾ ഉൾക്കൊള്ളുന്ന ശിശുക്ഷേമവുമായി ബന്ധപ്പെട്ട നയങ്ങളും നിയമനിർമ്മാണങ്ങളും തയ്യാറാക്കുന്നതിനും യുഎഇ കുടുംബ മന്ത്രാലയം സ്ഥാപിക്കുന്നതിനും യുഎഇയ്ക്ക് കഴിഞ്ഞിട്ടുണ്ട്.










0 comments