ഇന്റർപോൾ കെമിക്കൽ സുരക്ഷാ സ്റ്റീയറിംഗ് കമ്മിറ്റി അംഗമായി യുഎഇ

ദുബായ് : കെമിക്കൽ സുരക്ഷയും പുതിയ ഭീഷണികളും നേരിടാൻ ഇന്റർപോൾ രൂപീകരിച്ച ഗ്ലോബൽ കോൺഗ്രസ്സ് ഓൺ കെമിക്കൽ സെക്യൂരിറ്റി ആൻഡ് എമർജിംഗ് ത്രെറ്റ്സ് എന്ന ഫോറത്തിന്റെ സ്റ്റീയറിംഗ് കമ്മിറ്റിയിൽ അംഗമായി യുഎഇ. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്ന് ആദ്യമായാണ് ഒരു രാജ്യം അംഗത്വം നേടുന്നത്. ഗ്ലോബൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ യുഎഇയുടെ വളരുന്ന പങ്ക് അംഗത്വം പ്രതിഫലിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
യുഎഇയുടെ ആഭ്യന്തര മന്ത്രാലയമാണ് കമ്മിറ്റിയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ലോകമെമ്പാടുമുള്ള 2,000ലധികം സംഘടനകളിലെ വിദഗ്ധരെ ഒന്നിച്ചു കൊണ്ടുവരുന്നതിലൂടെ കെമിക്കൽ ഭീഷണികളെ നേരിടാനും ആഗോള തലത്തിൽ സജ്ജത വളർത്താനും കമ്മിറ്റിക്ക് ലക്ഷ്യമുണ്ട്. 2022-ൽ രൂപീകരിച്ചതാണ് സ്റ്റീയറിംഗ് കമ്മിറ്റി.
യുഎഇയിൽ നടക്കുന്ന കമ്മിറ്റിയുടെ ഏറ്റവും പുതിയ യോഗത്തിൽ ആഗോള വിദഗ്ധരും ഉദ്യോഗസ്ഥരും സഹകരണ പദ്ധതികൾ, സംയുക്ത അഭ്യാസങ്ങൾ, കെമിക്കൽ സുരക്ഷാ സംവിധാനങ്ങളിൽ നിർമിത ബുദ്ധി പോലുള്ള പുരോഗമന സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവ ചർച്ച ചെയ്യുന്നു.
കൂടാതെ പരിമിത വിഭവങ്ങളുള്ള രാജ്യങ്ങൾ പ്രതിരോധം ശക്തിപ്പെടുത്തുന്നത് എങ്ങനെ, കെമിക്കൽ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ സൈബർ ആക്രമണങ്ങൾ തടയുന്നത്, വ്യവസായം–സർക്കാർ–നിയമപ്രവർത്തന ഏജൻസികൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുന്നത് എന്നീ വിഷയങ്ങളും ചർച്ചയിലാണ്.










0 comments