യുഎഇയിൽ ഇന്ധനവില നാല് ദിർഹം കടന്നു

ദുബായ്: പശ്‌ചിമേഷ്യയിലെ സംഘർഷവും എണ്ണവിതരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും കാരണം യുഎഇയിൽ ഇന്ധനവില കുത്തനെ ഉയർന്നു. മാർച്ചിൽ ലിറ്ററിന് രണ്ടര ദിർഹത്തോളം മാത്രമായിരുന്ന പെട്രോൾ വില ഒക്ടോബറിൽ നാല് ദിർഹം കടന്നു. ഒക്ടോബർ ഒന്നുമുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.40 ദിർഹമാണ് വില. മാർച്ചിൽ ഇത് 2.59 ദിർഹമായിരുന്നു. സ്പെഷ്യൽ 95ന്റെ വില 2.48 ദിർഹത്തിൽനിന്ന് 4.28 ദിർഹമായും ഇ പ്ലസ് 91ന്റെ വില 2.40 ദിർഹത്തിൽനിന്ന് 4.21 ദിർഹമായും ഉയർന്നു. ഡീസൽ വിലയും മാർച്ചിലെ 2.72 ദിർഹത്തിൽനിന്ന് 4.80 ദിർഹമായി.
ഒക്ടോബറിൽ മാത്രം പെട്രോൾ വിലയിൽ 59 മുതൽ 60 ഫിൽസ് വരെയാണ് വർധന. ഡീസൽ വില 50 ഫിൽസ് ഉയർന്നു. സെപ്തംബറിൽ സൂപ്പർ 98ന് 3.80 ദിർഹവും സ്പെഷ്യൽ 95ന് 3.69 ദിർഹവും ഇ പ്ലസ് 91ന് 3.61 ദിർഹവും ഡീസലിന് 4.30 ദിർഹവുമായിരുന്നു വില. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിലെ തടസ്സങ്ങളും മേഖലയിലെ സുരക്ഷാ സാഹചര്യവും ഇന്ധനവിതരണത്തെ ബാധിച്ചു. ഒക്ടോബർ ഒന്നിനും ആഗോള എണ്ണവിലയിൽ വലിയ ചലനമുണ്ടായി. ഇന്ധനവില വർധന വാഹനയാത്രക്കാരുടെയും കുടുംബങ്ങളുടെയും പ്രതിമാസ ചെലവുകളെയും ചരക്കുഗതാഗത ചെലവുകളെയും ബാധിക്കും. ഇന്ധനവിലയിലെ മാറ്റം ഗതാഗത മേഖലയിലൂടെയും മറ്റു സേവനങ്ങളിലൂടെയും ഉപഭോക്തൃ ചെലവുകളിലും പ്രതിഫലിക്കാനിടയുണ്ട്.









0 comments