പ്രതിസന്ധിയിലും തടസമില്ലാതെ യുഎഇ ഭക്ഷണവിതരണം: 5500 കണ്ടെയ്‌നർ വഴിതിരിച്ചുവിട്ട് അൽ ദഹ്റ

Photo Credit: Gulf news
ദുബായ്: മേഖലയിൽ ഉണ്ടായ സംഘർഷങ്ങളും ആഗോള ഷിപ്പിങ് മാർഗങ്ങളിലെ തടസങ്ങളും ഭക്ഷ്യവിതരണ ശൃംഖലയെ ബാധിച്ച സാഹചര്യത്തിൽ യുഎഇയിലെ ഭക്ഷണവിതരണം തടസമില്ലാതെ തുടരാൻ അൽ ദഹ്റ നടത്തിയ ഇടപെടലുകൾ നിർണായകമായി. പ്രതിസന്ധിക്കാലത്ത് 5,500-ലധികം കണ്ടെയ്‌നറുകൾ വഴിതിരിച്ചുവിടുകയും പുതിയ സ്രോതസുകളിൽനിന്ന് ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കുകയും ധാന്യശേഖരം ഗണ്യമായി വർധിപ്പിക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു.
മുപ്പത് വർഷം മുമ്പ് അൽ ഐനിൽ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ സ്ഥാപിതമായ കാർഷിക–ഭക്ഷ്യവ്യാപാര സ്ഥാപനമായ അൽ ദഹ്റ, ആറാഴ-്‌ച നീണ്ടുനിന്ന പ്രതിസന്ധിക്കാലത്ത് നാല് ഭൂഖണ്ഡങ്ങളിലായി 27 തുറമുഖങ്ങളിലൂടെ ഏകദേശം 300 ആഗോള ചരക്ക് കപ്പൽ ഗതാഗതങ്ങൾ ഏകോപിപ്പിച്ചു. പുതിയ രാജ്യങ്ങളിൽനിന്ന് 70,000 ടണ്ണിലധികം ഭക്ഷ്യവസ്തുക്കളും കമ്പനി സംഭരിച്ചു. അരി, ധാന്യങ്ങൾ, കാലിത്തീറ്റ, ക്ഷീരോൽപന്നങ്ങൾ എന്നിവയാണ് പ്രധാനമായും എത്തിച്ചത്. ക്ഷീരകർഷകരുടെയും മൃഗസംരക്ഷണ മേഖലയുടെയും ആവശ്യങ്ങൾക്കുള്ള തീറ്റ വിതരണവും തുടർച്ചയായി ഉറപ്പാക്കി.
പ്രധാന വ്യാപാരപാതകളിലെ യാത്രാസമയം വർധിച്ചതും ചരക്ക് ഗതാഗതച്ചെലവ് കുത്തനെ ഉയർന്നതുമാണ് പ്രതിസന്ധിയുടെ ആദ്യസൂചനകളായി കണ്ടെത്തിയതെന്ന് അൽ ദഹ്റ ഗ്രൂപ്പ് സിഇഒ അർനൗഡ് വാൻഡെൻബെർഗ് പറഞ്ഞു. ഇതോടെ മുൻകൂട്ടി തയ്യാറാക്കിയ അടിയന്തര പ്രവർത്തന പദ്ധതികൾ കൂടുതൽ ശക്തമായി നടപ്പാക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിതരണ ശൃംഖലയിലെ സമ്മർദം നേരിടാൻ സോഴ്‌സിങ്, ആസൂത്രണം, വിൽപ്പന, ലൊജിസ്റ്റിക്‌സ് വിഭാഗങ്ങൾ വിവിധ രാജ്യങ്ങളിലും സമയമേഖലകളിലും ദിനംപ്രതി ഏകോപിതമായി പ്രവർത്തിച്ചു.
വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിതരണശൃംഖലയും ഷിപ്പിങ് മാർഗങ്ങളും ഉപയോഗിച്ചാണ് പ്രതിസന്ധിയെ മറികടന്നത്. കോവിഡ് മഹാമാരിയും ചെങ്കടൽ പ്രതിസന്ധിയും ഉൾപ്പെടെയുള്ള മുൻ അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങളാണ് ഇതിന് സഹായകമായത്. പ്രതിസന്ധിക്കാലത്തും യുഎഇയിലെ 18,000-ത്തിലധികം കർഷകർക്ക് ആവശ്യമായ പിന്തുണ തുടർന്നുനൽകിയതായും അൽ ദഹ്റ അറിയിച്ചു. കാലിത്തീറ്റയും കാർഷിക ഉൽപാദനത്തിന് ആവശ്യമായ മറ്റ് സാമഗ്രികളും തടസമില്ലാതെ ലഭ്യമാക്കാൻ കഴിഞ്ഞത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിൽ നിർണായകമായെന്നും കമ്പനി വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷ എന്നത് വെറും സംഭരണശേഷി മാത്രമല്ലെന്നും, ആഗോള പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുന്ന ശക്തമായ വിതരണ ശൃംഖലയും മുൻകൂട്ടിയുള്ള ആസൂത്രണവുമാണ് അതിന്റെ അടിസ്ഥാനമെന്നും അർനൗഡ് വാൻ ഡെൻ ബെർഗ് അഭിപ്രായപ്പെട്ടു.









0 comments